ചെന്നൈ: അപകടംവിതച്ച് ആഡംബരകാറുകള്‍ അതിവേഗത്തില്‍ പായുന്നതുതടയാന്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ഈസ്റ്റ്‌കോസ്റ്റ് റോഡില്‍ ഇന്നലെ വ്യാപക വാഹനപരിശോധന നടത്തിയപോലീസ് മറീനയടക്കം മറ്റിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആഡംബരകാറപകടത്തില്‍ പ്രമുഖ കാറോട്ടതാരം അശ്വിന്‍സുന്ദരും ഭാര്യ നിവേദിതയും മരിച്ച സംഭവത്തെ തുടര്‍ന്നാണ് പോലീസ് നടപടി കൂടുതല്‍ കര്‍ശനമാക്കിയത്. ആഡംബരകാറുകളുടെ അതിവേഗത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ നഗരത്തില്‍ നിരവധി അപകടങ്ങള്‍ നടന്നിരുന്നു.

അണ്ണാശാലയില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നടന്ന അപകടത്തില്‍ ഇരുചക്രവാഹനയാത്രക്കാരന്‍ മരിച്ചു. ഈറോഡില്‍നിന്നുള്ള വ്യവസായി ഓടിച്ചിരുന്ന ആഡംബരകാര്‍ ഇടിച്ച് ബൈക്കില്‍നിന്ന് തെറിച്ചുവീണ കെവിന്‍രാജ് മെട്രോറെയില്‍ നിര്‍മാണസ്ഥലത്തുള്ള ക്രെയിനില്‍ കുരുങ്ങിയാണ് മരിച്ചത്. ജൂലായില്‍ ഓള്‍ഡ് മഹാബലിപുരം റോഡില്‍നടന്ന അപകടത്തില്‍ വ്യവസായിയുടെ മകള്‍ ഓടിച്ചിരുന്ന കാറിടിച്ച് കാല്‍നടയാത്രക്കാരനായ കൂലിത്തൊഴിലാളി മുനിസ്വാമി മരിച്ചു. ഓഗസ്റ്റില്‍ നടന്‍ അരുണ്‍വിജയ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടുവെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.

കാറോട്ടതാരം വികാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ആഡംബരകാര്‍ നിയന്ത്രണംവിട്ട് പത്ത് ഓട്ടോറിക്ഷകളില്‍ ഇടിച്ച് ഒരാള്‍ മരിക്കുകയും പതിനഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. മാര്‍ച്ച് ഒന്നിന് നടന്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ ഓടിച്ചിരുന്ന കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കുപരിക്കേറ്റു. 2013-ല്‍ നടന്ന രണ്ടപകടങ്ങളിലായി നാലുപേര്‍ മരിച്ചിരുന്നു. കാറോട്ടതാരം അശ്വിനും ഭാര്യയും മരിച്ച അപകടമൊ ഴിച്ച് മറ്റപകടങ്ങളില്ലെല്ലാം ആഡംബരകാറുകളില്‍ സഞ്ചരിച്ചിരുന്നവര്‍ സുരക്ഷിതരായിരുന്നു.

വന്‍സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാല്‍ അപകടത്തെ ഭയക്കാതെ കാറുകളുമായി പായുന്നകാഴ്ച നഗരത്തില്‍ പതിവാണ്. നിശാപാര്‍ട്ടികളും ആഘോഷങ്ങളും കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടങ്ങളില്‍ ഏറെയും നടന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടത്തിനും അതിവേഗത്തിനും കാരണമാകുന്നു. ഇ.സി. ആറില്‍ അനധികൃതമായി കാറോട്ടമത്സരം നടത്തുന്നുപോലുമുണ്ട്. കഴിഞ്ഞമാസം ഒമ്പതു കാറുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ആറു കാറുകള്‍ പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു.