ചെന്നൈ: ചെന്നൈയിലെ വനിതകള്‍ക്കു സ്വയരക്ഷാപരീശീലനവുമായി കേരളാപോലീസ് എത്തി. വെപ്പേരി വെ.എം.സി.എ. ഹാളില്‍ കേരളഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വിഭാഗം നേതൃത്വത്തില്‍ നടത്തുന്ന സാംസ്‌കാരിക-വ്യാപാരമേളയിലാണ് പൊതുസ്ഥലങ്ങളിലും വിജനമായിടങ്ങളിലും മറ്റും നേരിടേണ്ടിവരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അടിസ്ഥാനപാഠങ്ങള്‍ കേരളാപോലീസ് സ്ത്രീകളെ പഠിപ്പിക്കുന്നത്. മേളയുടെ കവാടത്തില്‍ തന്നെ തയ്യാറാക്കിയിരിക്കുന്ന സ്റ്റാളില്‍ പരിശീലനത്തിനൊപ്പം സുരക്ഷസംബന്ധിച്ച ബോധവത്കരണത്തിനായി ലഘുലേഖകള്‍ വിതരണംചെയ്യുന്നുമുണ്ട്.

കേരളപോലീസ് ഇന്‍ഫര്‍മേഷന്‍സെന്റര്‍ ഡെപ്യൂട്ടിഡയറക്ടര്‍ പി.ആര്‍. രാജശേഖരന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് നജിം മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നല്‍കുന്നത്. രണ്ടുഎസ്.ഐമാരും നാലുവനിതസിവില്‍പോലീസ് ഓഫിസര്‍മാരടക്കം എട്ടുപോലീസുകാര്‍ മുഴുവന്‍ സമയവും സ്റ്റാളില്‍ പ്രവര്‍ത്തിക്കുന്നു. മേളയുടെ ആദ്യദിവസം മുതല്‍ ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍നിന്നു നല്ലപ്രതികരണമാണു ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തിലുള്ള പരിശീലനപരിപാടികള്‍ ചെന്നൈയില്‍ നടപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നായിരുന്നു ഇവിടെ എത്തിയ സ്ത്രീകളില്‍ പലരും അഭിപ്രായപ്പെട്ടത്.

വലിയ അഭ്യാസപ്രകടനത്തിന്റെ ആവശ്യമില്ലാതെ തന്നെ സ്വയംപ്രതിരോധിക്കാന്‍ കഴിയുമെന്ന് ഇവര്‍ വിശദീകരിക്കുന്നു. ഒളിക്യാമറകള്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിശദമാക്കുന്നുണ്ട്. രണ്ടുവര്‍ഷത്തിലേറെയായി കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ രണ്ടരലക്ഷത്തിലേറെ വനിതകള്‍ക്കു പരിശീലനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു സംഘത്തിലുള്ള എസ്.ഐ.ടി.സി.ജയന്‍ പറഞ്ഞു. കേരളത്തിനു പുറത്തു ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഇതിനുമുമ്പ് ഇത്തരത്തിലുള്ള പരിപാടിയില്‍ പങ്കെടുത്തു പരിശീലനം നല്‍കിയിരുന്നു. ചെന്നൈയില്‍ ആദ്യമാണ്. കേരളപോലീസ് തയ്യാറാക്കിയിരിക്കുന്ന 'രക്ഷ' മൊബൈല്‍ ആപ്ലിക്കേഷനും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. തമിഴ്‌നാട്ടിലടക്കമുള്ള പോലീസ് സ്റ്റേഷനുകളിലെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാവും.