ചെന്നൈ : മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഏപ്രില്‍ 12- ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ. നഗര്‍ മണ്ഡലം പോരിനുതയ്യാറായി. പ്രമുഖ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ജയലളിതയുടെ വിജയമണ്ഡലമായതിനാല്‍ എല്ലാപാര്‍ട്ടികള്‍ക്കും അഭിമാനപ്പോരാട്ടം കൂടിയാണ്. തോല്‍വി ഉറപ്പാണെന്നറിഞ്ഞിട്ടും മാനംകാക്കാന്‍ വേണ്ടി മാത്രം സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയവരും ഉണ്ട്.

എതിര്‍പ്പുകള്‍ കൂസാതെ ടി.ടി.വി. ദിനകരന്‍

ശശികലയോടും മണ്ണാര്‍കുടി മാഫിയയോടും അതൃപ്തി നിലവിലുള്ള ആര്‍.കെ. നഗറില്‍ എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരനാണ്. ശശികലയുടെ അടുത്ത ബന്ധുവായ ദിനകരന്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ്. എന്തിനാണ് ദിനകരനെ പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയാക്കി എന്ന ചോദ്യത്തിന് ഉത്തരമില്ല. ദിനകരന്‍ സീറ്റ് പിടിച്ചുവാങ്ങിയതെന്നാണ് ഒരുവിഭാഗം പറയുന്നത്. ഒരുപക്ഷേ, പാര്‍ട്ടിയുടെ ഏറ്റവും വലിയ മണ്ടത്തരമായേക്കും ദിനകന്റെ സ്ഥാനാര്‍ഥിത്വം. ദിനകരന് ഇവിടെനിന്ന് പുഷ്പം പോലെ ജയിച്ചു കയറാനാവില്ലെന്നുറപ്പാണ്. പ്രചാരണം തുടങ്ങിയാല്‍ ചുട്ടപൊള്ളുന്ന ചൂടില്‍ ദിനകരന് ഒരുപാടു വിയര്‍പ്പൊഴുക്കേണ്ടി വരും. എന്നാല്‍ താന്‍ വിജയിക്കുമെന്ന് ദിനകരന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അഭിമാനപ്പോരാട്ടവുമായി മധുസൂദനന്‍

ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. വിമതവിഭാഗത്തിനുവേണ്ടി മത്സരിക്കുന്ന ഇ. മധുസൂദനന് വോട്ടുപിടിക്കാന്‍ ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും വിശ്വസ്തവൃന്ദത്തില്‍ ഉള്‍പ്പെട്ട നേതാവുകൂടിയാണ് അദ്ദേഹം. ആര്‍.കെ. നഗര്‍ മണ്ഡലം അദ്ദേഹത്തിന് സുപരിചിതവുമാണ്. 1991-ല്‍ ഇവിടെനിന്നു എം.എല്‍.എ.യായി വിജയിച്ചു. ജയലളിതയുടെ ആദ്യമന്ത്രിസഭയില്‍ 1991- മുതല്‍ 1996- വരെ മധുസൂദനന്‍ ടെക്‌സ്‌റ്റൈല്‍ വകുപ്പുമന്ത്രിയായിരുന്നു. 2010- മുതല്‍ എ.ഐ.എ.ഡി.എം.കെ. പ്രസീഡിയം ചെയര്‍മാനായി. ഒ. പനീര്‍ശെല്‍വവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ശശികല മധുസൂദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശശികലയ്‌ക്കെതിരെ മണ്ഡലത്തിലെ ജനങ്ങള്‍ക്കുള്ള എതിര്‍പ്പു മുതലെടുത്ത് മുന്നോട്ടുപോകാനാണ് വിമതവിഭാഗത്തിന്റെ നീക്കം.

വിജയപ്രതീക്ഷയില്‍ ഡി.എം.കെ. - കോണ്‍ഗ്രസ് സഖ്യം

ദിനകരനെ എ.ഐ.എ.ഡി.എം.കെ. കളത്തിലിറക്കിയതിനു തൊട്ടടുത്ത ദിവസമാണ് മരുതുഗണേഷിനെ ഡി.എം.കെ. സ്ഥാനാര്‍ഥിയാക്കിയത്. പല പ്രമുഖരുടെയും പേരുകേട്ടിരുന്ന സ്ഥനത്തേക്കാണ് പൊടുന്നനെ ഗണേഷ് എന്ന സാധാരണക്കാരന്‍ കടന്നുവന്നത്. ആര്‍.കെ. നഗറില്‍ ഡി.എം.കെ.യുടെ പ്രാദേശികനേതാവ് എന്നതിലുപരി ഗണേഷിന് മറ്റുകാര്യമായ യോഗ്യതകളില്ല. അദ്ദേഹം ജനങ്ങളുമായി അടുത്തിടപഴകുന്നയാളാണെന്ന തിരിച്ചറിവാണ് പാര്‍ട്ടി നേതൃത്വത്തെ ഇതിന് പ്രേരിപ്പിച്ചത്. മരുതുഗണേഷിനുവേണ്ടി ഡി.എം.കെ. നടത്തിയേക്കാവുന്ന പ്രചാരണത്തെ എതിരാളികള്‍ ഭയക്കുന്നുണ്ട്. ഡി.എം.കെ.യ്ക്ക് മരുതുഗണേഷില്‍ പ്രതീക്ഷയുമുണ്ട്. ജയലളിതയുടെ വിയോഗവും എ.ഐ.എ.ഡി.എം.കെ.യിലെ പടലപ്പിണക്കങ്ങളും മുതലെടുത്ത് വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ.യും സഖ്യകക്ഷിയായ കോണ്‍ഗ്രസും.

എട്ടുംപൊട്ടും തിരിയാതെ ദീപ

ജയലളിതയുടെ അനന്തരവള്‍ ദീപയ്ക്ക് ആര്‍.കെ.നഗറില്‍ മികച്ച ജനപിന്തുണയുണ്ട്. പക്ഷേ, രാഷ്ട്രീയത്തില്‍ കാട്ടുന്ന പക്വതയില്ലായ്മ അവര്‍ക്ക് ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തുന്നത്. ആര്‍.കെ. നഗറില്‍ മത്സരിക്കുമെന്ന് ആദ്യംതന്നെ വെളിപ്പെടുത്തിയ അവര്‍ ഇപ്പോള്‍ അനങ്ങുന്നില്ല. ആര്‍.കെ. നഗറിലെ ജനങ്ങള്‍ ദീപയുടെ വീട്ടില്‍ച്ചെന്ന് നേരിട്ടുപിന്തുണ അറിയിച്ചിരുന്നതാണ്. എ.ഐ.എ.ഡി.എം.കെ.യില്‍നിന്ന് ധാരാളംപേര്‍ ദീപയ്‌ക്കൊപ്പം ചേര്‍ന്നു. യുവസമൂഹം ദീപയ്ക്ക് പ്രോത്സാഹനം നല്‍കി. പക്ഷേ, അവരെ നിരാശരാക്കുന്ന സമീപനമാണ് ഇപ്പോള്‍ അവരുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. ഒ. പനീര്‍ശെല്‍വവുമായി ദീപ സഹകരിച്ചു പോകുമെന്നു കരുതപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ ദീപയുടെ ഭര്‍ത്താവ് മാധവന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനും പ്രതികരണം നിസ്സംഗത മാത്രം.

വ്യര്‍ഥസ്വപ്നവുമായി ഗംഗൈഅമരന്‍

ബി.ജെ.പി.ക്കു തമിഴ്നാട്ടില്‍ വലിയ വേരോട്ടമൊന്നുമില്ലെങ്കിലും ആര്‍.കെ. നഗറില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടിട്ടുണ്ട്. ഇളയരാജയുടെ സഹോദരനും സംഗീതസംവിധായകനുമായ ഗംഗൈഅമരനാണ് കളത്തിലിറങ്ങുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹത്തിന്റെ വരവ്. ഏതെങ്കിലും കക്ഷികളുമായി കൂട്ടുകൂടിയാല്‍ മാത്രമേ ഇവിടെ നേട്ടമുണ്ടാവുകയുള്ളൂവെന്ന് ബി.ജെ.പി.ക്കറിയാം. പക്ഷേ, ഒരു ദേശീയപാര്‍ട്ടി എന്നനിലയില്‍ മത്സരത്തില്‍നിന്നു ഒഴിഞ്ഞുനില്‍ക്കുന്നത് അഭിമാനപ്രശ്‌നം കൂടിയാണ്. അതുകൊണ്ടു തന്നെയാണ് ഗംഗൈ അമരന് നറുക്കുവീണതും.

പൊട്ടിച്ചിതറി ജനക്ഷേമ മുന്നണി

ജനക്ഷേമ മുന്നണി തത്വത്തില്‍ ചിതറിത്തെറിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സഖ്യത്തിലെ പല കക്ഷികളും വിട്ടുപോയി. ഇപ്പോള്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. സി.പി.എം. മാത്രമാണ് ആര്‍.കെ. നഗറില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ആര്‍. ലോകനാഥനാണ് കളത്തിലിറങ്ങുന്നത്. വി.സി.കെയും സി.പി.ഐ.യും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. എം.ഡി.എം.കെ.യും ഡി.എം.ഡി.കെ.യും നേരത്തെത്തന്നെ സഖ്യത്തില്‍ നിന്നും വിട്ടുപോയി.