ചെന്നൈ: കേരളത്തില്‍ പ്രസിദ്ധമായ കുടുംബശ്രീ കൂട്ടായ്മയൊരുക്കുന്ന ആഹാരത്തിന്റെ രുചിയറിയണമെങ്കില്‍ വെപ്പേരിയിലെ വൈ.എം.സി.എ. ഹാളിലേക്കുവരിക. ഫ്രിഡ്ജില്‍ സൂക്ഷിക്കാത്ത പച്ചക്കറികളും മത്സ്യമാംസാദികളും കൃത്രിമരാസവസ്തുക്കളും കറി മസാലപ്പൊടികളുമൊന്നും ചേര്‍ക്കാത്ത കേരളത്തിന്റെ നാടന്‍ഭക്ഷണങ്ങളുടെ രുചികള്‍ ചെന്നൈക്കു പരിചയപ്പെടുത്തുകയാണ് കേരളത്തില്‍നിന്നെത്തിയ ഒരു സംഘം കുടുംബശ്രീ പ്രവര്‍ത്തകര്‍.
 
കേരളസര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍നടക്കുന്ന സാംസ്‌കാരിക - വ്യാപാരമേളയിലാണ് കഫെ കുടുംബശ്രീയുടെ നാലു സ്റ്റാളുകള്‍ ഭക്ഷണപ്രിയര്‍ക്കായി തുറന്നിട്ടിരിക്കുന്നത്. തിരുവനന്തപുരം പ്രത്യാശ, ആലപ്പുഴ ഫൈവ് സ്റ്റാര്‍, കണ്ണൂര്‍ പ്രതീക്ഷ, മലപ്പുറം അന്നപൂര്‍ണ എന്നീ കുടുംബശ്രീ കഫെ യൂണിറ്റുകളാണ് മേളയില്‍ കേരള രുചിക്കൂട്ടൊരുക്കുന്നത്. ശനിയാഴ്ച ഇവിടെ ജനത്തിരക്കായിരുന്നു.

പ്രത്യാശയുടെ സ്റ്റാളില്‍ പാലപ്പം, ഇടിയപ്പം, കപ്പപ്പുഴുക്ക്, കപ്പ ചെണ്ടന്‍, ചിക്കണ്‍ ഫ്രൈ, ചിക്കണ്‍ നുറുക്കി വറുത്തത്, ചിക്കന്‍ പെരട്ട്, ഞണ്ട് റോസ്റ്റ്, നെയ്മീന്‍ ഫ്രൈ, മീന്‍കറി, വെജിറ്റബിള്‍ കുറുമ എന്നിവയ്ക്കു പുറമെ സസ്യ, സസ്യേതര വിഭവങ്ങളുള്‍പ്പെടുന്ന ഊണും തൈയാറാക്കുന്നുണ്ട്.
 
തിരുവനന്തപുരംഭാഗത്തുള്ള പ്രത്യേക വിഭവങ്ങളാണ് ഇവിടുത്തെപ്രത്യേകത. ബിന്ദു, ദീപ, ഗിരിജ, സുശീല, സനിത എന്നിവരാണ് ഇവിടെ മേല്‍നോട്ടം വഹിക്കുന്നത്.
 
കേരളസര്‍ക്കാര്‍ നേരത്തേ ഡല്‍ഹി, മുംബൈ, ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നടത്തിയ മേളയില്‍ പ്രത്യാശ രുചിപ്രിയരുടെ പ്രശംസ നേടിയിരുന്നു. 'കൃത്രിമ കൂട്ടുകള്‍ ഉപയോഗിക്കാതെ ശുദ്ധമായ വെളിച്ചെണ്ണകൊണ്ട് പാകംചെയ്ത ഭക്ഷണമാണ് ഞങ്ങള്‍ നല്‍കുന്നത്. വയറുനിറയുന്നതിലുപരി കഴിക്കുന്നവരുടെ മനസ്സുനിറയുന്നതിലാണ് ഞങ്ങളുടെ സന്തോഷം' പ്രത്യാശയുടെ പ്രതിനിധി ബിന്ദു പറഞ്ഞു

ആലപ്പുഴ ഫൈവ് സ്റ്റാറിന്റെ സ്റ്റാള്‍ വിവിധയിനം ജ്യൂസുകളുടെ കലവറയാണ്. പപ്പായ, തണ്ണിമത്തന്‍, നെല്ലിക്ക, മുന്തിരി, പച്ചക്കറികള്‍, മുസംബി, കാരറ്റ്, ഓറഞ്ച്, കക്കരി, ചെറുനാരങ്ങ, ഡ്രാഗണ്‍ പഴം, പൈനാപ്പിള്‍ തുടങ്ങിയവയ്ക്കുപുറമെ കാന്താരിമുളകിട്ട സംഭാരവും ഇവിടെയുണ്ട്.
 
ചായയും പലഹാങ്ങളുംകൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. തേന്‍വരിക്കച്ചക്ക പൊരിച്ചതാണ് ഇവിടുത്തെ പ്രധാന ആകര്‍ഷക പലഹാരങ്ങളിലൊന്ന്. കേരളത്തിനുപുറത്ത് ആദ്യമായാണ് തങ്ങള്‍ എത്തുന്നതെന്ന് സ്റ്റാളിന്റെ മേല്‍നോട്ടക്കാരായ ജയയും ഹേമലതയും ജയശ്രീ ദേവദാസും പറഞ്ഞു.

പ്രതീക്ഷയുടെ സ്റ്റാളിലെ പ്രധാനവിഭവം തലശ്ശേരി ദം ബിരിയാണിയാണ്. ചിക്കണ്‍, ചെമ്മീന്‍, നെയ്മീന്‍ ഇനങ്ങളിലുള്ള ബിരിയാണിയാണ് ഇവര്‍ നല്‍കുന്നത്. കൂടാതെ മണ്‍ചട്ടി ബിരിയാണിയുമുണ്ട്.
 
ബട്ടൂര, ചിക്കണ്‍ - 65, നെയ്പത്തിരി- ചിക്കണ്‍ കറിയിനങ്ങള്‍ വേറെയും. നാടന്‍ കറിക്കൂട്ടുകള്‍മാത്രമാണ് ഉപയോഗിക്കുന്നതെന്നും കേരളത്തിനുപുറത്ത് ആദ്യമായാണ് മേളയില്‍ പങ്കെടുക്കുന്നതെന്നും മേല്‍നോട്ടക്കാരായ മിനി, നിഷ, ജസീന്ത എന്നിവര്‍ അറിയിച്ചു.

അന്നപൂര്‍ണയില്‍ കള്ളപ്പം, ദോശ, മസാല ദോശ, നെയ്്‌ദോശ, ഗോതമ്പു പൊറോട്ട, കപ്പ, ഞണ്ട്കറി, ചെമ്മീന്‍ കറി, കൊടംപുളിയിട്ട മീന്‍കറി, ബീഫ് ഫ്രൈ, ചിക്കണ്‍ ഫ്രൈ, ചിക്കണ്‍ ചില്ലി തുടങ്ങിയ ഇനങ്ങളാണുള്ളത്. മത്സ്യവിഭവങ്ങളുടെവില അതതു ദിവസത്തെ മീന്‍ചന്തയിലെ വിലക്കനുസൃതമായി മാറിക്കൊണ്ടിരിക്കും. യമുന, സരോജിനി, ശ്രീജ, സജിത എന്നിവരാണ് സ്റ്റാളിന്റെ നടത്തിപ്പുകാര്‍