മെട്രോ റെയില്‍ തുരങ്കപ്പാതയുടെ നിര്‍മാണം


ചെന്നൈ: മെട്രോ റെയില്‍ തുരങ്കപ്പാത നിര്‍മാണം നടക്കുന്നതിന് സമീപമുള്ള വീടുകളിലേക്കും റോഡിലേക്കും രാസവസ്തുക്കള്‍ അടങ്ങിയ വെള്ളം കയറിയത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തി. വണ്ണാരപ്പേട്ടയില്‍നിന്ന് തണ്ടയാര്‍പ്പേട്ടവരെയുള്ള മെട്രോറെയില്‍വേയുടെ തുരങ്കപ്പാത നിര്‍മാണത്തിനിടെ പഴയ വണ്ണാരപ്പേട്ടയില്‍ കിഴക്ക് മുത്തമിഴ് തെരുവിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയുണ്ടായ സംഭവത്തില്‍ ഷെരീഫ് എന്നയാളുടെ വീട്ടില്‍ രണ്ട് അടിയോളം രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളം കയറി. ഷെരീഫിന്റെ വീടിനു സമീപത്തെ ചില വീടുകളിലും മറ്റ് സ്ഥലങ്ങളിലും വെള്ളം കയറിയിരുന്നു. രാസവസ്തുക്കള്‍ അടങ്ങിയ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടിലെ മുഴുവന്‍ സാധനങ്ങളും ഉപയോഗശൂന്യമായി.

നാട്ടുകാരും മെട്രോ റെയില്‍വേ അധികൃതരും ചേര്‍ന്ന് വെള്ളം മാറ്റാനുളള ശ്രമം ആരംഭിച്ചു. വെള്ളം ബാരലുകളില്‍ ശേഖരിച്ച് മെട്രൊ റെയില്‍വേ അധികൃതര്‍ കൊണ്ടുപോയി. കഴിഞ്ഞ ആഴ്ചയും മെട്രോ റെയില്‍വേ നിര്‍മാണത്തിനിടയില്‍ ഇതേ സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മെട്രോ റെയില്‍വേ തുരങ്കപ്പാത നിര്‍മിക്കുമ്പോള്‍ പുറംതള്ളുന്ന ചെളി തന്നെ രാസവസ്തുക്കള്‍ അടങ്ങിയതാണെന്ന് അധികൃതര്‍ പറഞ്ഞു.