ചെന്നൈ മലയാളികളുടെ ഓണാഘോഷത്തിന് തമിഴ് കലണ്ടറിലെ ആവണി മാസത്തെയും കേരളത്തിലെ പൂക്കളത്തെയും അനുസ്മരിപ്പിക്കുന്ന ആവണിപ്പൂവരങ്ങ് എന്ന പേര് നല്‍കിയത് അന്തരിച്ച കവി മേലൂര്‍ ദാമോദരനാണ്. തമിഴ്, കേരള സംസ്‌കാരങ്ങള്‍ ഒത്തിണങ്ങി ജീവിക്കുന്നതിനാലായിരിക്കണം അങ്ങനെയൊരു പേരു നല്‍കിയത്. ഒരു പക്ഷേ കേരളത്തിലോ കേരളത്തിന് പുറത്തോ ഇത്ര വലിയ ജനപങ്കാളിത്തമുള്ള ഒരു പരിപാടി കണ്ടെന്നു വരില്ല.

ഒരു തവണ ആവണിപ്പൂവരങ്ങില്‍ പങ്കെടുത്ത കേരള മുന്‍ മന്ത്രി എളമരം കരീം തിങ്ങിനിറഞ്ഞ ജനങ്ങളെ കണ്ടിട്ട് ഇവരെല്ലാം സി.ടി.എം.എ. അംഗങ്ങളാണോയെന്നു ചോദിച്ച് അത്ഭുതപ്പെട്ടു. തമിഴ്‌നാട് സംസ്ഥാന മന്ത്രിയായിരുന്ന ആര്‍ക്കോട് വീരസ്വാമിയും ഒരിക്കല്‍ ആവണിപ്പൂവരങ്ങനെത്തിയ ജനക്കൂട്ടത്തെക്കണ്ട് അമ്പരന്നു. അദ്ദേഹം മുഖ്യമന്ത്രിയായ കരുണാനിധിയെ ക്കണ്ട് ഈക്കാര്യം അറിയിക്കുകയും അന്നു മുതല്‍ ഓണത്തിന് അവധി പ്രഖ്യാപിക്കുകയും ചെയ്തത് ഓര്‍ക്കുന്നു. ചെന്നൈ മലയാളികളുടെ ഒത്തൊരുമയുടെ ശക്തിയായിരുന്നു ആവണിപ്പൂവരങ്ങില്‍ തെളിഞ്ഞിരുന്നത്.

ആവണിപ്പൂവരങ്ങിന്റെ ആദ്യ കാലം മുതല്‍ സാധാരണ കാഴ്ചക്കാരനായും കമ്മിറ്റിയംഗമായുമൊക്കെ പ്രവര്‍ത്തിച്ചു. സ്വന്തം കുടുംബത്തില്‍ നടക്കുന്ന ഒരു ആഘോഷം പോലെയായിരുന്നു ആവണിപ്പൂവരങ്ങിനെ കണ്ടിരുന്നത്. ഒരോ മലയാളി സംഘടനാ പ്രവര്‍ത്തകരും ആവണിപ്പൂവരങ്ങിനെ ആവേശത്തോടെ നെഞ്ചിലേറ്റുകയായിരുന്നു. സാധാരണക്കാരായ മലയാളികളും ആവേശത്തോടെയാണ് ഈ വലിയ കൂട്ടായ്മയെ വരവേറ്റത്. തമിഴ്, തെലുങ്ക് സഹോദരന്മാരും നമ്മുടെ ആവണിപ്പൂവരങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരൊക്കെ ഇപ്പോള്‍ ചോദിക്കുന്നു; 'ഇനി എന്നാണ് ആവണിപ്പൂവരങ്ങ്' ?
മലയാളി സംഘടനാ നേതാക്കളായ ഒട്ടേറെ പേരുടെ കഠിനാധ്വാനവും പ്രയത്‌നവും ആവണിപ്പൂവരങ്ങിന് പിന്നിലുണ്ട്. ഇവര്‍ തെളിച്ചു തന്ന പാതയിലൂടെയാണു തുടര്‍ന്നു വന്നവര്‍ മുന്നേറിയത്. എന്തു കൊണ്ടാണ് ഈ പാത അടഞ്ഞു പോയത്? എവിടെയാണ് താളപ്പിഴ വന്നത് ? മറുനാടന്‍ മലയാളികളുടെ സംഘടനാ ബലവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ആവണിപ്പൂവരങ്ങ് നിന്നു പോകാന്‍ പാടില്ല. സാമ്പത്തികമാണു തടസ്സമെങ്കില്‍ അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കി പരിപാടി സംഘടിപ്പിക്കണം. ചെന്നൈയില്‍ തന്നെ കഴിവു തെളിയിച്ച ഒട്ടേറെ കലാകാരന്മാരുണ്ട്. അവര്‍ക്കും അവസരം നല്‍കണം.