• Chennai

  • SELECT YOUR PAGE VIEW
  • Grid
  • List
SHOW MORE
അക്ഷരചക്രം-03 24 Madhuram Malayalam Chakram ചിത്രത്തിൽ നടുവിൽ ഒരു അക്ഷരവും ചുറ്റും മറ്റ് എട്ട് അക്ഷരങ്ങളും ഒാരോ അക്കങ്ങൾ സഹിതം നൽകിയിരിക്കുന്നു. താഴെ എട്ടുചോദ്യങ്ങളും കൊടുത്തിരിക്കുന്നു. എല്ലാ ചോദ്യങ്ങളുടെയും ഉത്തരം മൂന്ന് അക്ഷരങ്ങളുള്ളതാണ്. ഇവയുടെ മൂന്നാമത്തെ അക്ഷരം ‘ന’ ആണ്. ഉത്തരത്തിലെ ആദ്യ അക്ഷരം ഒാരോ ചോദ്യത്തിന്റെയും നമ്പറുള്ള വൃത്തത്തിലെ കോളത്തിൽ നൽകിയിട്ടുണ്ട്. ആദ്യ ചോദ്യത്തിന്റെ ഉത്തരം ‘മദീന’ എന്നാണ്. ബാക്കിയുള്ള ഉത്തരങ്ങൾ സ്വയംകണ്ടെത്തി രണ്ടാമത്തെ വൃത്തത്തിലെ കോളത്തിൽ എഴുതുക. അതിനുശേഷം ഉത്തരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കുക. 1. ഒരു പുണ്യസ്ഥലം 2. മലയാളത്തിലെ പ്രശസ്തയായ ഒരു നടി 3. ശരീരത്തിൽ മുറിവുണ്ടായാൽ അനുഭവപ്പെടുന്നത് 4. അടുത്തിടെ അന്തരിച്ച ഭാഷാപണ്ഡിതൻ 5. ഉത്സവങ്ങൾക്ക് പൊട്ടിക്കുന്നത് 6. ചെന്നൈയിലെ അറിയപ്പെടുന്ന കടൽത്തീരം 7. ചതി എന്ന വാക്കിന്റെ പര്യായം 8. ആഗ്രഹം എന്നതിന് മറ്റൊരു പദം ഉത്തരങ്ങൾ 1. മദീന 2. ശോഭന 3. വേദന 4. പന്മന 5. കതിന 6. മറീന 7. വഞ്ചന 8. കാമന ...കവിത.. വായനയിലൂടെ പി.ഐ. ശങ്കരനാരായണൻ വായിച്ചു വായിച്ചു വായിച്ചു കൊള്ളണം, വായിച്ചു വായിച്ചു വായിച്ചു തള്ളണം! വായിച്ചു വായിച്ചു വാദിച്ചു കൊള്ളണം, വായിച്ചു ചിന്തിച്ചു വാദിച്ചു തള്ളണം! ചിന്തിച്ചു കാണണം, ചോദിച്ചറിയണം, കാണണം, കേൾക്കണം, തേടണം, നേടണം! നേരം കളയാതെ ഓരോന്നറിയണം, നേരിന്റെ പാതയിൽ നാം വളർന്നീടണം! പൊൻകുന്നം വർക്കി; ശബ്ദിക്കുന്ന എഴുത്തുകാരൻ 24 Madhuram Malayalam Aswitha അശ്വിത കൃഷ്ണ മലയാളസാഹിത്യത്തിലെ ശബ്ദിക്കുന്ന എഴുത്തുകാരനാണ് പൊൻകുന്നം വർക്കി. തന്റെ സാഹിത്യജീവിതം അനീതിക്കും ചൂഷണങ്ങൾക്കുമെതിരേ പൊരുതുന്നതിനായി അദ്ദേഹം മാറ്റിവെച്ചു. സാധാരണക്കാരുടെ ഉന്നമനത്തിനായി അക്ഷരങ്ങൾകൊണ്ട് പോരാടി. എഴുത്തിലെ ആദർശങ്ങൾ ജീവിതത്തിലും പാലിച്ചു ഈ എഴുത്തുകാരൻ. 1911 ജൂലായ് ഒന്നിന് കുട്ടനാട്ടിലെ എടത്വായിലാണ് വർക്കിയുടെ ജനനം. പിന്നീട് പൊൻകുന്നത്തേക്ക് താമസം മാറി. മലയാളത്തിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ നേടിയശേഷം അധ്യാപകനായി. 1939-ൽ രചിച്ച ‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയിലൂടെയാണ് സാഹിത്യത്തിലേക്കുള്ള രംഗപ്രവേശം. മത-പൗരോഹിത്യത്തിനെതിരേ കഥകൾ രചിച്ചതിന്റെ പേരിൽ അധികാരികൾ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു. ഭരണകൂടത്തിന്റെ ഭരണഭീകരതയ്ക്കും ചൂഷണങ്ങൾക്കുമെതിരേ മന്ത്രിക്കെട്ട്, മോഡൽ എന്നീ കഥകൾ എഴുതി. പാമ്പാടിയിലെ ആലാംപള്ളി സർക്കാർ സ്കൂളിൽ അധ്യാപകനായിരിക്കെയാണ് ഈ കഥകൾ എഴുതുന്നത്. സർ സി.പിയുടെ നിർദേശപ്രകാരം പോലീസ് പൊൻകുന്നം വർക്കിയെ അറസ്റ്റുചെയ്തു. സാഹിത്യത്തിലൂടെ ഭരണകൂടത്തിനെതിരേ പ്രതികരിച്ച് അറസ്റ്റിലായ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരനാണ് ഇദ്ദേഹം. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ കഥാകൃത്തെന്നും പൊൻകുന്നം വർക്കിയെ വിശേഷിപ്പിക്കാം. പുരോഗമന ആശയങ്ങൾ മുന്നോട്ടുവെച്ച കൃതികൾ രചിച്ച തകഴി, വൈക്കം മുഹമ്മദ് ബഷീർ, കേശവദേവ് എന്നിവരും പൊൻകുന്നം വർക്കിയും സമകാലീനരാണ്. സമാനാശയമുള്ള എഴുത്തുകാർ 1937-ൽ തൃശ്ശൂരിൽ ഒത്തുചേർന്ന് ജീവൽസാഹിത്യപ്രസ്ഥാനത്തിന് രൂപംകൊടുത്തു. കല ജീവിതത്തിനുവേണ്ടിയാണെന്നും സാധാരണക്കാരന്റെയും സമൂഹത്തിന്റെയും മാറ്റവും പുരോഗതിയുമായിരിക്കണം കലയുടെ ലക്ഷ്യമെന്നും ഈ പ്രസ്ഥാനം വാദിച്ചു. 1944-ൽ സംഘടനയുടെ പേര് പുരോഗമന സാഹിത്യപ്രസ്ഥാനം എന്നാക്കിമാറ്റി. കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഇവരുടെ പിന്നിൽ അണിനിരന്നു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഓരോ ആദർശങ്ങളിലും ഊന്നി കൃതികൾ രചിച്ചു പൊൻകുന്നം വർക്കി. മലനാടൻ ജീവിതവും കർഷകരായ മനുഷ്യരും വർക്കിയുടെ കഥകളിലൂടെ പച്ചയായ ജീവിതങ്ങൾ വിതക്കുകയും കൊയ്യുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ വിശുദ്ധൻമാരുണ്ടായിരുന്നില്ല, ജീവിതത്തിന്റെ കയ്പും ഉപ്പും രുചിക്കുന്ന മണ്ണിന്റെ മണമുള്ള മനുഷ്യനേ ഉണ്ടായിരുന്നുള്ളൂ. ‘ദുഃഖിതരോട് ചേർന്നുനിന്ന് ഞാൻ നിങ്ങളുടെ ശബ്ദവും രൂപവും പ്രകാശിപ്പിക്കാനൊരുങ്ങിയപ്പോൾ നിങ്ങളിൽ ചിലർ എന്നെ ഒരു കഥാകാരനായി അംഗീകരിച്ചു’ -ഞാൻ കഥാകാരനായ കഥ എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നു. അന്ധവിശ്വാസം, അനാചാരം, മതാധികാരം എന്നിവയ്ക്കെതിരേ കൃതികളിലൂടെ അദ്ദേഹം പ്രതികരിച്ചു. ‘അന്തോണി നീയും അച്ഛനായോടാ?, ‘പളങ്കോടൻ’ എന്നിവ ക്രിസ്ത്യൻ പൗരോഹിത്യത്തിനെതിരേ രചിച്ച കഥകളാണ്. തന്റെ മൃതദേഹം പള്ളിസെമിത്തേരിയിൽ അടയ്ക്കരുതെന്ന നിർബന്ധം പൊൻകുന്നം വർക്കിക്ക് ഉണ്ടായിരുന്നു. 2004 ജൂലായ് രണ്ടിനാണ് അദ്ദേഹം അന്തരിക്കുന്നത്. തിരുമുൽക്കാഴ്ച, നീരാവി(ഗദ്യകവിതകൾ), ഇരുമ്പുമുറ, കർണൻ, ചലനം, അൾത്താര, ദൈവത്തെക്കാൾ ഞാൻ പേടിക്കുന്നത്, സ്വർഗം നാണിക്കുന്നു, പൊൻകുന്നം വർക്കിയുടെ തിരഞ്ഞെടുത്ത നാടകങ്ങൾ, പൊൻകുന്നം വർക്കിയുടെ നാടകങ്ങൾ, ഗംഗാസംഗമം, മനുഷ്യൻ (നാടകങ്ങൾ), അണിയറ, ആരാമം, അന്തിത്തിരി, ഏഴകൾ, ജയിലിൽനിന്ന്, ഡെമോക്രസി, ശബ്ദിക്കുന്ന കലപ്പ, മോഡൽ, വിട്ടുപോയൊരു കാര്യം, ഹൃദയനാദം, വെളിയിൽ എനിക്ക് സ്ഥലമില്ല, നാട്ടുവെളിച്ചം, തിരഞ്ഞെടുത്ത കഥകൾ ഒന്നാം ഭാഗം, തിരഞ്ഞെടുത്ത കഥകൾ രണ്ടാം ഭാഗം(ചെറുകഥകൾ) തൂലികാചിത്രങ്ങൾ (സ്മരണ), രണ്ട് മുത്തുമണികൾ (നോവൽ), നല്ല അവസരങ്ങൾ (ബാലസാഹിത്യം), എന്റെ വഴിത്തിരിവ് (ആത്മകഥ) എന്നിവ പ്രധാന കൃതികൾ. ശബ്ദിക്കുന്ന കലപ്പ പൊൻകുന്നം വർക്കിയുടെ ഏറെ ശ്രദ്ധേയമായ ചെറുകഥയാണ് ശബ്ദിക്കുന്ന കലപ്പ. ഔസേപ്പ് എന്ന കർഷകനും അയാളുടെ കണ്ണൻ എന്ന കാളയും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കർഷകജീവിതവും ധനകേന്ദ്രിതമായ ആധുനിക ജീവിതവും കൂട്ടിയിണക്കുകയാണ് കഥാകൃത്ത്. മകളുടെ വിവാഹാവശ്യത്തിനായി ഔസേപ്പിന് തന്റെ പറമ്പും കാളയെയും വിൽക്കേണ്ടിവരുന്നു. പിന്നീട് ദാരിദ്രത്തിലൂടെയും മാനസികമായ അസ്വസ്ഥതകളിലൂടെയുമാണ് ഔസേപ്പ് നീങ്ങുന്നത്. മകളുടെ കടിഞ്ഞൂൽ പ്രസവമടുത്തതോടെ കൈയിലുണ്ടായിരുന്ന ഇത്തിരിക്കാശുമായി അയാൾ ചന്തയിലേക്ക് പോകുന്നു. കാലിച്ചന്തയിൽ അവശനായി നിൽക്കുന്ന കണ്ണൻ അയാളുടെ ആവശ്യങ്ങളെയെല്ലാം ശൂന്യമാക്കുന്നു. കൈയിലുണ്ടായിരുന്ന കാശുകൊടുത്ത് കണ്ണനെ തിരികെ വാങ്ങി വീട്ടിലെത്തിയ അദ്ദേഹത്തിന് വീട്ടുകാരുടെ അമർഷത്തിന് പാത്രമാകേണ്ടിവരുന്നു. പിറ്റേന്ന്, കണ്ണന്റെ വയറ്റത്തെ വ്രണത്തിൽ തേക്കാൻ പച്ചമരുന്ന്‌ കൊണ്ടുപോകുന്ന ഔസേപ്പ് കാണുന്നത് കാള ചത്തുകിടക്കുന്ന കാഴ്ചയാണ്. ഏറെ വൈകാരികമാണ് ശബ്ദിക്കുന്ന കലപ്പ. ഒരു കഥയെന്നതിലുപരി കർഷകന്റെ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ കഥ. ലോക ചെറുകഥാചരിത്രം തിരഞ്ഞെടുത്ത ഏറ്റവുംപ്രസിദ്ധമായ ഏഴുകഥകളിൽ ഒന്ന് ശബ്ദിക്കുന്ന കലപ്പയാണ്. (പൊൻകുന്നം വർക്കിയുടെ ആത്മകഥയിൽനിന്ന്) ‘യാത്രചെയ്യുന്നവരിൽ ചിലർക്ക് അവരുടേതായ ചില വഴിത്താരകൾ ഉണ്ടായിരിക്കുമല്ലോ. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഞാൻ എന്റെ വഴിത്താര വെട്ടിത്തുറക്കുക. അവിടെ ചിലയിടത്തൊക്കെ ഞാൻ ഭീരുവാകാതിരുന്നിട്ടില്ല. കഴിയുന്നിടത്തോളം സ്വതന്ത്രമായി സഞ്ചരിക്കാനാണ് ആഗ്രഹിച്ചിട്ടുള്ളത്. എന്റെ സാഹിത്യനിർമാണത്തിലും സഞ്ചാരക്രമത്തിലും പള്ളിമതത്തിനെതിരായിട്ടുള്ള നീക്കങ്ങൾ പലേടത്തും കാണാവുന്നതാണ്. വഴിത്തിരിവിന്റെ പശ്ചാത്തലം ഒന്നുകുറിക്കുമ്പോൾ എന്റെ മനുഷ്യാംശവും സ്വാതന്ത്ര്യദാഹവും എത്രത്തോളം വിയർപ്പണിഞ്ഞിട്ടുണ്ടെന്ന് നിഷ്പക്ഷമായ ഒരു പഠനത്തിന് വായനക്കാർക്ക് അവസരമുണ്ടാക്കുന്നു’. ‘അക്ഷരപ്പടവുകളിൽ’ ചുവടുവെച്ച് കുരുന്നുകൾ 24 Madhuram Malayalam Nocma നോക്മ നേതൃത്വത്തിൽ നടത്തിയ അക്ഷരപ്പടവുകൾ പരിപാടിയിൽനിന്ന് നോർത്ത് ചെന്നൈ മലയാളീസ് അസോസിയേഷൻ (നോക്മ) നേതൃത്വത്തിൽ നടത്തിയ അക്ഷരപ്പടവുകൾ പരിപാടി ശ്രദ്ധേയമായി. ഇരുന്നൂറോളം കുട്ടികളാണ്‌ പരിപാടിയിൽ പങ്കെടുത്തത്. കണിക്കൊന്ന, സൂര്യകാന്തി കോഴ്‌സുകളിലെ വിദ്യാർഥികളുടെ കലാപരിപാടികളായിരുന്നു പ്രധാന ആകർഷണം. വിദ്യാർഥികൾ പഠനാനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അധ്യാപകർ മലയാളം മിഷൻ ക്ലാസുകളിലെ വിശേഷങ്ങൾ വിവരിച്ചു. രക്ഷിതാക്കളും അനുഭവങ്ങൾ പറയാൻ മുന്നിട്ടിറങ്ങി. മാതൃഭാഷാ പഠനത്തിനുശേഷം തങ്ങളുടെ മക്കളിലുണ്ടായ വ്യത്യാസത്തെക്കുറിച്ച് പലരും വാചാലരായി. ആട്ടവും പാട്ടുമായിരുന്നു വിദ്യാർഥികളുടെ പ്രധാന കലാപരിപാടികൾ. പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായ കാവാലം ഉദയകുമാർ രചിച്ച അക്ഷരപ്പടവുകൾ പാട്ട് പാടിക്കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. കുട്ടികൾ ഒറ്റയ്ക്കും സംഘമായും പരിപാടികൾ അവതരിപ്പിച്ചു. മലയാളം മിഷൻ ക്ലാസിൽ മലയാള ചലച്ചിത്രതാരങ്ങൾ എത്തിയാലെങ്ങനെയിരിക്കുമെന്ന് ഒരു വിദ്യാർഥി അഭിനയിച്ചുകാണിച്ചത് വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. കണിക്കൊന്ന പാഠഭാഗത്ത് അധികരിച്ച് പ്രത്യേകത നൃത്തപരിപാടിയും നടത്തി. നോക്മയുടെ കീഴിലുള്ള 21 മലയാള പഠനകേന്ദ്രങ്ങളിലെ അധ്യാപകരും കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് അക്ഷരപ്പടവുകൾ പരിപാടിയിൽ പങ്കെടുത്തത്. നോക്മ ചെയർമാൻ ടി.വി. വിജയകുമാർ പരിപാടി ഉദ്ഘാടനംചെയ്തു. പി.എസ്. സക്കീർ അധ്യക്ഷത വഹിച്ചു. സ്മിത വിജയകുമാർ, ഡോ. സി.സി. സജി, ജി.ജെ. പോൾസൺ, അനിൽകുമാർ, ശ്രീജ സുരേഷ്, രാധ രാധാകൃഷ്ണൻ, പ്രിയ ശാലു എന്നിവർ പ്രസംഗിച്ചു. കാവാലം ഉദയകുമാർ, ശങ്കരനാരായണൻ, മിനി ഉദയകുമാർ, പ്രിയ സെബാസ്റ്റ്യൻ എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. അയപ്പാക്കത്തിൽ പ്രവേശനോത്സവം fuCap1 24 Madhuram Malayalam Ayappakam അയപ്പാക്കം ശക്തിനഗർ പഠനകേന്ദ്രത്തിലെ പ്രവേശനോത്സവം ബിന്ദു വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു

അയപ്പാക്കം ശക്തിനഗർ പഠനകേന്ദ്രത്തിലെ പ്രവേശനോത്സവം പഠിതാക്കളുടെ വിവിധ കലാ പരിപാടികളോടുകൂടി ..

SHOW MORE