തലശ്ശേരി-മൈസൂരു റെയിൽപ്പാത ദശാബ്ദങ്ങളായുള്ള നമ്മുടെ സ്വപ്നമാണ്. അതുപോലെ നിലമ്പൂർ-നഞ്ചൻകോട്‌-മൈസൂർ പാത കോഴിക്കോട്ടുകാരുടെയും. രണ്ടുപാതകൾക്കുമായുള്ള സമ്മർദം ഏറെക്കാലമായി തുടങ്ങിയിട്ട്.

ചരിത്രം പരിശോധിച്ചാൽ അങ്ങ് ലാൽബഹാദൂർ ശാസ്ത്രിയുടെ കാലം മുതലേ ഇതിനുള്ള മുറവിളിയുണ്ട്. അതിനുശേഷം അതിദുർഘടം എന്നു വിശേഷിപ്പിക്കാവുന്ന കൊങ്കൺപാത യാഥാർഥ്യമായി. പക്ഷേ നിർദിഷ്ട തലശ്ശേരി-മൈസൂർ റെയിൽപ്പാത സർവേകളിൽ മാത്രമൊതുങ്ങി.

വന്യമൃഗസങ്കേതങ്ങളെയും റിസർവ് വനങ്ങളെയും പരിസ്ഥിതിലോല പ്രദേശങ്ങളെയും കീറിമുറിച്ചുപോ​േകണ്ടുന്ന ഈ പാതകൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് കൃത്യമായ അനുമതി ലഭിക്കാത്ത സ്ഥിതിയാണ്.

ഈ സാഹചര്യത്തിലാണ് മലബാർ-മൈസൂരു റെയിൽ റോഡ് ആക്ഷൻ കൗൺസിൽ പുതിയ പാതയ്ക്കായുള്ള നിർദേശവും സർവേ റിപ്പോർട്ടും കൊണ്ടുവന്നത്. മുൻ കണ്ണൂർ ഡി.എഫ്.ഒ. ഒ.ജയരാജന്റെ നേതൃത്വത്തിലുള്ള കൗൺസിലിന്റെ ഭാരവാഹികളായി ഉമേഷ് പോച്ചപ്പൻ, ബേബി തോമസ് തുടങ്ങിയവരുമുണ്ട്. തങ്ങളുടെ നിർദേശവും റിപ്പോർട്ടും മുഖ്യമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രി എന്നിവർക്ക് ആക്ഷൻ കൗൺസിൽ സമർപ്പിച്ചിച്ചിട്ടുണ്ട്.

 അഴീക്കോട് തുറമുഖം തൊട്ട് കണ്ണൂർ വിമാനത്താവളം വഴി കൊട്ടിയൂർ മാനന്തവാടി, കുട്ട, മൈസൂരു, ബെംഗളൂരു ലൈനാണ് ഒന്ന്. ഇതിനൊപ്പം കൊയിലാണ്ടിയിൽനിന്ന്‌ മാനന്തവാടി വരെ മറ്റൊരു ലൈനും. രണ്ടും മാനന്തവാടിയിൽ ചേർന്ന്‌ മൈസൂരുവിലേക്ക് ഒറ്റപ്പാതയാവുന്നു. റിസർവ് വനങ്ങളെയോ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളെയോ ഒന്നും തൊടാതെ പരിസ്ഥിതിഭീഷണിയില്ലാതെ കേരളത്തിന്റെയും കർണാടകത്തിന്റെയും വിശാലമായ റെയിൽയാത്രാസാധ്യതകൾ തുറന്നിടുന്നതോടൊപ്പം  വാണിജ്യ വ്യവസായത്തിനും ടൂറിസത്തിനും വലിയ പ്രാധാന്യം നൽകുന്നതാണ് ഈ റൂട്ട്. കടൽ, വ്യോമ യാത്രകൾക്കും ചരക്കുനീക്കങ്ങൾക്കും ഈ പാത വലിയ മുതൽക്കൂട്ടാവുമെന്നാണ് കൗൺസിലിന്റെ അഭിപ്രായം. പ്രത്യക്ഷത്തിൽ പരിഗണിക്കാവുന്ന നല്ല പാതയായിരിക്കും ഇതെന്ന് പൊതു അഭിപ്രായവും ഉയരുന്നുണ്ട്.

  ഒരേസമയം കോഴിക്കോടിനെയും മാനന്തവാടിയെയും ബന്ധിപ്പിച്ചുള്ള അഴീക്കൽ തുറമുഖ-കണ്ണൂർ വിമാനത്താവള-വയനാട്-കൂർഗ്  റെയിൽലൈൻ എന്നാണ് നിർദിഷ്ടപാതയുടെ  പേര്.

അഴീക്കലിൽനിന്ന്‌ കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളം വഴി കൊട്ടിയൂർ ബോയ്‌സ് ടൗൺ മാനന്തവാടി വഴി തിരുനെല്ലി, കുട്ട, മൈസൂരു, ബെംഗളൂരു പാത ഭാവിയിൽ വലിയ സാധ്യത തുറന്നിടും. ഈ പാതയിലേക്ക്  കൊയിലാണ്ടിയിൽ നിന്ന്‌ മാനന്തവാടി വരെ മറ്റൊരു ലൈനുമുണ്ടാവണം. ഇവരണ്ടും മാനന്തവാടിയിൽ സംഗമിക്കുമ്പോൾ മാനന്തവാടി തിരക്കേറിയ  ജങ്‌ഷനാകും. കണ്ണൂർ-മാനന്തവാടി  മൈസൂരു കൃഷ്ണരാജസാഗർ വരെ 169 കിലോമീറ്ററും കൊയിലാണ്ടി മാനന്തവാടി വരെ 61 കിലോമീറ്ററും ദൈർഘ്യമുണ്ടാവും. മൊത്തം 230 കിലോമീറ്റർ.

നേര​േത്ത നിർദേശിക്കപ്പെട്ട രണ്ടു പാതകൾ തലശ്ശേരി-മൈസൂരു പാതയ്ക്കും നിലമ്പൂർ-നഞ്ചൻകോട്‌ പാതയ്ക്കും തടസ്സമായത്‌ വനം-പരിസ്ഥിതിവകുപ്പിന്റെ അനുമതിയില്ലായ്മയാണ്. ഈ രണ്ട്‌ പാതകളുടെയും സർവെപ്രകാരം അത്‌ റിസർവ് വനങ്ങളിലൂടെയും വന്യമൃഗസങ്കേതങ്ങളിലൂടെയുമാണ് കടന്നുപോവുക. നിർദിഷ്ട നിലമ്പൂർ-നഞ്ചൻകോട്‌ പാത ബന്ദിപ്പുർ കടുവസങ്കേതത്തിലൂടെയും വയനാട് വന്യമൃഗസങ്കേതത്തിലൂടെയും നിലമ്പൂർ റിസർവ് വനത്തിലൂടെയും കടന്നുപോകേണ്ടിവരുമ്പോൾ, നിർദിഷ്ട തലശ്ശേരി-മൈസൂരുപാത  ബ്രഹ്മഗിരി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലൂടെയും കടന്നുപോകും. നിലമ്പൂർ- നഞ്ചൻകോട്‌ പാതയിൽ 40 കിലോമീറ്ററിലധികം നിബിഡവനങ്ങൾ തരണം ചെയ്യേണ്ടിവരുന്നുണ്ട്.
 നേരത്തേ നിർദേശിക്കപ്പെട്ട മറ്റൊരു റൂട്ട് കാഞ്ഞങ്ങാട്-കാണിയൂർ-മൈസൂരു ലൈനാണ്. സാമ്പത്തികമായി വലിയനേട്ടം ഒന്നുമില്ലാത്ത ഈ ലൈനിനോട് കർണാടക സർക്കാറിനും താത്പര്യമില്ല. ഈ സന്ദർഭത്തിലാണ് പുതിയ പാതയ്ക്കുള്ള നിർദേശം ഉയർന്നിരിക്കുന്നത്. പ്രാദേശികതാത്പര്യങ്ങൾ പലതുണ്ടാവാം. പക്ഷേ പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അനുമതിയുടെയും മറ്റും കാര്യത്തിൽ എല്ലാ സാധ്യതയും തകർന്നുപോവകുയാണ്. അതുകൊണ്ടുതന്നെ പുതിയ പാത പരിശോധിക്കേണ്ടിയിരിക്കുന്നു. അനുദിനം വികസിക്കുന്ന കണ്ണൂരും ബെംഗളൂരുവും തമ്മിൽ ഏറ്റവും ദൂരം കുറഞ്ഞതും വാണിജ്യസാധ്യതയുള്ളതുമായ ഒരു ലൈൻ കൂടിയേ തീരു-റിട്ട. ഡി.എഫ്.ഒ. ഒ.ജയരാജൻ പറയുന്നു. സീപോർട്ട്‌-എയർപോർട്ട്‌ റോഡും റെയിൽവെയും ചേർന്നുള്ള ഒരുപാത അപൂർവം തന്നെയാണ് അദ്ദേഹം പറഞ്ഞു. കേരള-കർണാടക സർക്കാറുകളും കേന്ദ്രസർക്കാറും തയ്യാറായാൽ ഫണ്ട് ഒരു പ്രശ്നമാവില്ല -അദ്ദേഹം പറഞ്ഞു.

മുൻ കണ്ണൂർ ഡി.എഫ്.ഒ. ഒ.ജയരാജന്റെ നേതൃത്വത്തിൽ മലബാർ-മൈസൂരു റെയിൽറോഡ് ആക്‌ഷൻ കൗൺസിൽ തയ്യാറാക്കിയതാണ് പുതിയ  സർ​േവ റിപ്പോർട്ട്

     കണ്ണൂർ സീപോർട്ട്‌-എയർപോർട്ട്-മാനന്തവാടി ലൈനും കൊയിലാണ്ടി മാനന്തവാടി ലൈനും  കാര്യമായി സംരക്ഷിത വനമേഖലയിലൂടെ കടന്നു പോകുന്നില്ല. ബ്രഹ്മഗിരി വന്യമൃഗസങ്കേതം, നാഗർഹോളെ ദേശീയപാർക്ക്, ബന്ദിപ്പുർ കടുവാസങ്കേതം, കൊട്ടിയൂർ, ആറളം, വയനാട് വന്യമൃഗ സംരക്ഷണകേന്ദ്രം ഇവയൊക്കെ പൂർണമായി ഒഴിവാക്കിയാണ് പുതിയ പാതയ്ക്കുള്ള നിർദേശം. നാലുസ്ഥലങ്ങളിലായി 13 കിലോമീറ്റർ റിസർവ് വനങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെങ്കിലും അവിടെ ചെറിയ തുരങ്കങ്ങൾ നിർമിച്ച് പ്രശ്നം പരിഹരിക്കാം. ഈ സർവെയിൽ കേവലം എട്ടു ഹെക്ടറിൽ കുറവുമാത്രമേ റിസർവ് വനത്തെ ബാധിക്കുന്നുള്ളൂ

വനം-പരിസ്ഥിതി തടസ്സങ്ങൾകൊണ്ടുമാത്രം നിലച്ചുപോയ ഈ റെയിൽപാതകൾ വന്നാൽ കണ്ണൂർ-കോഴിക്കോട്-മൈസൂരു-െബംഗളൂരു കേന്ദ്രീകൃത വികസനസാധ്യത വളരെയാണ്‌. കടൽ, വ്യോമ, റെയിൽ, റോഡ് ഗതാഗതരംഗത്ത് വലിയ യാത്ര-ചരക്കുകൈമാറ്റ സാധ്യതയാണ്  ഉടലെടുക്കുക. അതോടൊപ്പം ടൂറിസം രംഗത്ത് ഇരു സംസ്ഥാനങ്ങളിലും വൻ കുതിച്ചുചാട്ടം തന്നെയാവും. കണ്ണൂർ-​െബംഗളൂരു പാത യാഥാർഥ്യമായാൽ ദക്ഷിണേന്ത്യയിൽത്തന്നെ ഏറ്റവും തിരക്കേറിയ പാതയായി മാറും. ഈ റൂട്ടിലായിരിക്കും ഇന്ത്യയിലെതന്നെ വലുതെന്നുപറയാവുന്ന നിർദ്ദിഷ്ട കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്.

   കൊച്ചിക്കും മംഗളൂരുവിനുമിടയിൽ മേജർ തുറമുഖമാകാൻ സാധ്യതയുള്ളതാണ് അഴീക്കൽ. കൊച്ചി, മംഗളൂരു എന്നിവിടങ്ങളിലേക്ക് വരാൻ സാധ്യതയുള്ള ചരക്കുകൾ അഴീക്കൽ തുറമുഖം വഴി നിർദിഷ്ടപാതയിലൂടെ മൈസൂരുവിലേക്കും െബംഗളൂരുവിലേക്കും എളുപ്പം കൊണ്ടുപോകാൻ പറ്റും. ഏഴിമല നാവിക അക്കാദമി, കോസ്റ്റ്ഗാർഡ് ഇൻസ്റ്റിറ്റ്യൂട്ട്, സി.ആർ.പി.എഫ് ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്, ഡി.എസ്.സി. കണ്ണൂർ കൺടോൺമെന്റ് തുടങ്ങിയവ ഈ മേഖലയിൽ പ്രത്യേകിച്ചും പ്രതിരോധമേഖലയിലും വൻ സാധ്യതയാണുണ്ടാക്കുന്നത്. ഉന്നതപഠനത്തിനായി ആയിരക്കണക്കിന് വിദ്യാർഥികളാണ് വടക്കേ മലബാറിൽ നിന്നും ​െബംഗളൂരു ഉൾ​െപ്പടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇവർക്കൊക്കെ എളുപ്പമുള്ള,  ദൂരം കുറഞ്ഞ ഈ റെയിൽറൂട്ട് വലിയ ഗുണം ചെയ്യും. മൈസൂരു, കുടക് എന്നിവിടങ്ങളിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും കണ്ണൂർ എയർപോർട്ടിൽ എത്താൻ വലിയ സൗകര്യമായിരിക്കും ഈ റെയിൽവെ.

  ഈ റെയിൽപാതയുടെ പരിധിയിലാണ്  പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂർ മഹാദേവക്ഷേത്രം, മുഴക്കുന്ന മൃദംഗശൈലേശ്വരീ ക്ഷേത്രം, തിരുനെല്ലിയമ്പലം, തൃശ്ശിലേരി ക്ഷേത്രം എന്നിവ.  

 പ്രകൃതിമനോഹരമായ കൂർഗിന് ഈ റെയിൽവെ വലിയ നേട്ടം തന്നെയാണുണ്ടാക്കുക. ഈ മേഖലയിലെയും വയനാട്ടിലെയും കാർഷിക വിളകൾക്ക് വലിയ മാർക്കറ്റുണ്ടാക്കാൻ ഈ റൂട്ടിന് കഴിയും. വൻതോതിലുള്ള കാർഷിക ചരക്കുഗതാഗതമാണ് ഇതുവഴി നടപ്പാവുക. വയനാട്, കൂർഗ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ ഇക്കോ ടൂറിസത്തിനും വലിയ പ്രാധാന്യമുണ്ട്.

 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കർണാടകയിലെ മർക്കാറ, കുശാൽനഗർ, ബൈരക്കുപ്പ, തിത്തിമത്തി, സിദ്ധാപുര, വയനാട്ടിലെ കുറുവാദ്വീപ്, എടയ്ക്കൽഗുഹ, ബാണാസുരസാഗർ, ബ്രഹ്മഗിരി, പൂക്കോട് തടാകം, ജൈനക്ഷേത്രം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താനും ഈ റൂട്ടുവഴി കഴിയും.

സംസ്ഥാനത്തെ പിന്നാക്കജില്ലകളിൽപ്പെട്ട വയനാട്ടിൽ റെയിൽവേയുണ്ടാക്കുന്ന വികസനം വലുതായിരിക്കും. നാഗർഹോളെ, ബന്ദിപ്പുർ, വയനാട് വൈൽഡ് ലൈഫ്‌ ‌സാങ്ച്വറി, ആറളം വൈൽഡ് ലൈഫ് സാങ്ച്വറി എന്നിവിടങ്ങളിൽ സന്ദർശകർക്ക് എത്താനുള്ള റെയിൽമാർഗവും ഇത് തുറന്നുതരുന്നു.