ഓരോ സിനിമയ്ക്കും അതിന്റെതായ ജാതകമുണ്ടെന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് സിനിമക്കാർ. പൂജയിൽനിന്നാണ് തുടക്കം, തികഞ്ഞ പ്രതീക്ഷയോടെയാണ് ഓരോ ഘട്ടങ്ങളിലും അണിയറപ്രവർത്തകർ സിനിമയെ ചേർത്തുനിർത്തുന്നത്. നായകനും സംവിധായകനും ക്യാമറാമാനും ഉൾപ്പെടെ നൂറിലധികം പേരുടെ കൂട്ടായ പ്രവർത്തനം കണ്ണിമുറിയാതെ പോകുമ്പോഴാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

നായകന്റെ അപ്രതീക്ഷിതമായ അറസ്റ്റ് അരുൺഗോപിയെന്ന നവാഗതസംവിധായകനെയും രാമലീലയെന്ന ചിത്രത്തെയും ഉലച്ചുകളഞ്ഞു, റിലീസിങ്ങും സിനിമയുടെ അവസാനഘട്ട പ്രചാരണങ്ങളുമെല്ലാം അവതാളത്തിലായി. രാമലീല ഉടൻതന്നെ തിയേറ്ററിലെത്തിക്കുമെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം പറയുമ്പോഴും നിലവിലെ സാഹചര്യത്തിൽ ചിത്രത്തിനു ലഭിക്കാവുന്ന സ്വീകാര്യതയെകുറിച്ച് ആശങ്കകൾ തുടരുകയാണ്.

രാമലീല നേരിടുന്ന പ്രതിസന്ധി ഓർക്കാപ്പുറത്തുള്ളൊരടിയായാണ് ചിത്രത്തിന്റെ സംവിധായകൻ കാണുന്നത്- ''ആദ്യസിനിമ എന്നത് ഏതൊരു സംവിധായകനെപ്പോലെയും എന്റെയും സ്വപ്‌നമായിരുന്നു, ആത്മാർഥമായാണ് ഞാനതിനെ സമീപിച്ചത്, ചില കാര്യങ്ങൾ നമ്മുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമായിരിക്കും. സിനിമ നന്നായാൽ പ്രേക്ഷകരത് സ്വീകരിക്കുമെന്നുതന്നെയാണ് കരുതുന്നത്''. പ്രതിസന്ധികളും പ്രതീക്ഷകളും പങ്കുവെച്ച് സംവിധായകൻ അരുൺഗോപി സംസാരിക്കുന്നു

? പുതിയ സാഹചര്യത്തിൽ രാമലീലനേരിടുന്ന പ്രതിസന്ധിയെ സംവിധായകൻ എങ്ങനെയാണ് കാണുന്നത്.
ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകുന്നത് ആകസ്മികമായിട്ടായിരിക്കും, സിനിമയ്ക്കായി കഥ ഒരുങ്ങിയപ്പോഴും ചിത്രീകരണം പുരോഗമിക്കുമ്പോഴും  വെല്ലുവിളികളൊന്നുമുണ്ടായിരുന്നില്ല, പുതിയ സംഭവവികാസങ്ങൾ ചില വിഷമങ്ങൾ ഉണ്ടാക്കി എന്നത് സത്യമാണ്. എന്നാൽ അവയ്‌ക്കൊന്നും സിനിമയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയെ നശിപ്പിക്കാനായിട്ടില്ല.
നാലുവർഷത്തെ ഒരുപാട് പേരുടെ പ്രയത്‌നത്തിന്റെ ഫലമാണ് രാമലീല. ജീവിതത്തിൽനിന്നും സിനിമയിൽനിന്നും അതുവരെ നേടിയെടുത്ത അറിവുകളെല്ലാം ഞാൻ സിനിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. റിലീസിങ് തീയതി നിർമാതാവും മറ്റു പങ്കാളികളുമായെല്ലാം കൂടിയാലോചിച്ച് ഉടൻതന്നെ തീരുമാനിക്കും.
സംവിധായകൻ എന്ന നിലയിൽ എനിക്കാവശ്യം പ്രേക്ഷകരിൽനിന്നുള്ള സഹതാപമല്ല. നല്ല സിനിമയെന്ന് അഭിപ്രായമുയർന്നാൽ അത് കാണാനുള്ള മനസ്സുണ്ടാകണം. സിനിമ നന്നായാൽ ജനം അത് ഏറ്റെടുക്കും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

? നായകന് വ്യക്തിജീവിതത്തിൽ സംഭവിച്ച ഇടിവ്, സിനിമയുടെ സ്വീകാര്യതയിൽ എത്രത്തോളം വെല്ലുവിളി ഉയർത്തും
രാമലീല നേരിടുന്ന പ്രതിസന്ധി ഒരു യാഥാർഥ്യമാണ്, എത്ര ഇല്ലെന്നു പറഞ്ഞാലും മലയാളികൾക്ക് ആ വിഷയത്തെക്കുറിച്ച് ബോധ്യമുണ്ട്. റിലീസിങ് മാറ്റിവെച്ചതുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം അവ തിരിച്ചറിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണ്. ജൂലായ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ആദ്യം ശ്രമിച്ചത് അണിയറപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാലാണ് അന്ന് മാറ്റിവെച്ചത്, എന്നാൽ 21-ന് കരുതിയ റിലീസ് മാറ്റാൻ കാരണം നിലവിലെ പ്രശ്‌നങ്ങൾതന്നെയാണ്.

ഈ കാലവും കടന്നുപോകും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. നായകന്റെ താരമൂല്യം സിനിമയുടെ വിജയം നിശ്ചയിക്കുന്നതിൽ ഒരു ഘടകമാണ്. ആദ്യദിനകളക്ഷനെ അത് സഹായിക്കുമെന്നുറപ്പാണ്. എന്നാൽ, അതു മാത്രമാണ് വിജയത്തിന്റെ മാനദണ്ഡമെങ്കിൽ താരമൂല്യമുള്ളവർ അഭിനയിച്ച ചിത്രങ്ങളൊന്നും ഇവിടെ പരാജയപ്പെടാൻ പാടില്ലല്ലോ. വിജയസാധ്യതകൾ നിശ്ചയിക്കുന്നത് കാണുന്ന പ്രേക്ഷകരെ സിനിമ ആകർഷിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും, രാമലീല പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാകും എന്നാണ് എന്റെ വിശ്വാസം.

? രാമലീലയുടെ ഡബ്ബിങ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തനങ്ങൾ പൂർത്തിയാകാനുണ്ട് എന്ന വാർത്തകൾ വന്നിരുന്നു.
രാമലീല പ്രദർശനത്തിനു തയ്യാറായ സിനിമയാണ്. ചെറിയ ചില മിനുക്കുപണികൾ ബാക്കിയുണ്ടെന്നത് സത്യമാണ്. ചിത്രം തിയേറ്ററിലെത്തുന്നതിനടുത്ത ദിവസം വരെ കറക്ഷനുകൾ നടക്കുന്നത് പതിവാണ്. ഡബ്ബിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകാനുണ്ടെന്ന വാർത്തകൾ തെറ്റാണ്.

? രാമലീലയെന്ന സിനിമയിലേക്കെത്തുന്നത് എങ്ങിനെയാണ്
ഏതൊരു മലയാളിയെപ്പോലെയും ചെറുപ്പംമുതൽ എന്റെ മനസ്സിലും സിനിമയുണ്ടായിരുന്നു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ ഇഷ്ടമേഖല ലക്ഷ്യമാക്കിയിറങ്ങി,  കെ. മധു, ലെനിൻ രാജേന്ദ്രൻ, വി.എം. വിനു തുടങ്ങി നിരവധി സംവിധായകർക്കൊപ്പം സഹകരിച്ചുപ്രവർത്തിച്ചു. തിരക്കഥാകൃത്ത് സച്ചിയുമായി ചേർന്നാണ് രാമലീല ഒരുക്കുന്നത്. 2013-ലാണ് സിനിമയുടെ കഥ ഒരുങ്ങുന്നത്, രാമനുണ്ണിയെന്ന നായകകഥാപാത്രിന് ഒരു സാധാരണക്കാരന്റെ മുഖമായിരുന്നു വേണ്ടത്. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന മനസ്സിൽ നർമം സൂക്ഷിക്കുന്ന രാഷ്ട്രീയക്കാരന്റെ ജീവിതമായിരുന്നു സിനിമ.

കഥ ആദ്യം പറഞ്ഞത് ദിലീപിനോടുതന്നെയായിരുന്നു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും അഭിനയിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. മുകേഷ്, സിദ്ധിഖ്, വിജയരാഘവൻ, രൺജി പണിക്കർ, രാധികാ ശരത്കുമാർ, പ്രയാഗാ മാർട്ടിൻ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്.

പാലക്കാടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആയിരം ജൂനിയർ ആർട്ടിസ്റ്റുകളെയും സിനിമയിലെ പ്രധാന താരങ്ങളെയുമെല്ലാം ചേർത്തുവെച്ച് സിനിമയ്ക്കായി വലിയൊരു ഫുട്ബോൾ മാച്ച് ചിത്രീകരിച്ചിട്ടുണ്ട്. രാത്രിയിലായിരുന്നു ഷൂട്ടിങ്. ഏറെ പ്രയാസപ്പെട്ടാണ് അത്ത രം രംഗങ്ങളെല്ലാം പകർത്തിയത്. ടോമിച്ചൻ നിർമാതാവിന്റെ വലിയതോതിലുള്ള സഹകരണവും ചിത്രീകരണത്തെ ഏറെ സഹായിച്ചിട്ടുണ്ട്.