ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നുകേട്ടാൽ ആരാധകരുടെ മനസ്സിൽ ആദ്യം വരുന്ന പേരുകൾ സച്ചിനും സേവാഗുമെല്ലാമായിരുന്നു. എന്നാൽ, ഈ ഒരവസ്ഥയ്ക്ക് വലിയ മാറ്റമാണ് കഴിഞ്ഞ വനിതാ ലോകകപ്പ് ക്രിക്കറ്റിലൂടെ സംഭവിച്ചത്. ഒരുപിടി പെൺപുലികൾ ആരാധകരുടെ മനസ്സിൽ കയറിപ്പറ്റിയെന്നതാണ് കഴിഞ്ഞ വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ പ്രത്യേകത. ഇപ്പോൾ ക്രിക്കറ്റ് എന്നുകേട്ടാൽ മിതാലി രാജ്, മന്ദാന തുടങ്ങിയ വനിതാ താരങ്ങളുടെയും പേരുകൾ ആരാധകരുടെ മനസ്സിൽ ഓടിയെത്തും.

ആരും അത്ര ശ്രദ്ധിക്കാതിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റിന്റെ നെറുകയിൽ വരെയെത്തിയപ്പോൾ ടീമിലെ കർണാടകത്തിൽനിന്നുള്ള രണ്ടു താരങ്ങളുടെ പ്രകടനം വിസ്മരിക്കാനാകില്ല. ബാറ്റിങ്ങിൽ ചിക്കമഗളൂരു സ്വദേശിയായ വേദാ കൃഷ്ണമൂർത്തിയും ബൗളിങ്ങിൽ വിജയപുര സ്വദേശിയായ രാജേശ്വരി ഗെയ്ക്ക്‌വാദുമാണ് കർണാടകത്തിന്റെ അഭിമാനമായത്.
വനിതാ ക്രിക്കറ്റിന് അധികം പ്രചാരമില്ലാത്ത നാട്ടിൽനിന്നാണ് വേദാ കൃഷ്ണമൂർത്തി ഇന്ത്യൻ ടീമിന്റെ അഭിമാനതാരമായത്. ബെംഗളൂരുവിൽ ഒരു ക്രിക്കറ്റ് ക്യാമ്പിൽ പങ്കെടുത്തതാണ് വേദയുടെ തലവര മാറ്റിയത്. അന്നുമുതൽ ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. കർണാടക അണ്ടർ 19 ടീമിലും സീനിയർ ടീമിലും അംഗമായിരുന്നു. 2011 ജൂൺ 30-ന് ഇംഗ്ലണ്ടിനെതിരേയായിരുന്നു വേദാ കൃഷ്ണമൂർത്തി രാജ്യാന്തരക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയിരുന്നെങ്കിലും പിന്നീട് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. 2015 നവംബറിൽ വേദ താരങ്ങളുടെ ബി ഗ്രേഡ് ലിസ്റ്റിൽ ഉൾപ്പെട്ടു. തുടർന്ന് വനിതാ ടീമിലെ സജീവസാന്നിധ്യമാവുകയായിരുന്നു. ബാറ്റിങ്ങിൽ രോഹിത് ശർമയുടെ ശൈലിയോടാണ് വേദയെ ക്രിക്കറ്റ് വിദഗ്ധർ ഉപമിക്കുന്നത്. നാലുമക്കളിൽ ഇളയവളായ വേദ പന്ത്രണ്ടാം വയസിൽ കരാട്ടെയിൽ ഇരട്ട ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. കേബിൾ ഓപ്പറേറ്ററാണ് അച്ഛൻ.

രാജേശ്വരി ഗെയ്ക്ക്‌വാദിന്റെ ന്യൂസീലൻഡിനെതിരായ അഞ്ചുവിക്കറ്റ് നേട്ടം ആരാധകരുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടുണ്ടാവില്ല. വിജയപുര വനിതാ ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് രാജേശ്വരി ക്രിക്കറ്റിൽ പിച്ചവച്ചുതുടങ്ങിയത്. ഇരുപത്തിയാറുകാരിയായ രാജേശ്വരിയുടെ അരങ്ങേറ്റം 2014 ജനുവരി 19-ന് ശ്രീലങ്കയ്ക്കെതിരെയായിരുന്നു. ബാറ്റിങ്ങും ബൗളിങ്ങും വഴങ്ങുമെങ്കിലും ബൗളിങ്ങിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മികച്ച ബൗളർമാരിലൊരാളായ രാജേശ്വരി വനിതാ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ന്യൂസീലൻഡിനെതിരേ നടത്തിയത്. വെറും 15 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയാണ് രാജേശ്വരി കർണാടകത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായത്.
2015-ൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരം കാണുന്നതിനിടെയായിരുന്നു രാജേശ്വരിയുടെ അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അമ്മയും നാലു സഹോദരിമാരുമുണ്ട് രാജേശ്വരിക്ക്. നെഹ്രുനഗറിൽ വാടകയ്ക്ക് താമസിക്കുന്ന രാജേശ്വരിയുടെ സ്വപ്നം സ്വന്തമായൊരു വീടാണ്. ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും രാജേശ്വരി മികച്ചപ്രകടനം കാഴ്ചവെച്ചിരുന്നു.

സംസ്ഥാനത്തിന്റെ അഭിമാനമായ വേദാ കൃഷ്ണമൂർത്തിക്കും രാജേശ്വരി ഗെയ്ക്ക്‌വാദിനും സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

വനിതാക്രിക്കറ്റിന്റെ പുതുജന്മം

പുരുഷൻമാരുടെ കുത്തകയായി അറിയപ്പെട്ടിരുന്ന ക്രിക്കറ്റിൽ വനിതകളും ഒട്ടും മോശക്കാരല്ലെന്ന സന്ദേശമാണ് കഴിഞ്ഞുപോയ ലോകകപ്പ് നൽകുന്നതെന്ന് വേദയും രാജേശ്വരിയും പറയുന്നു. ഇന്ത്യയുടെ വനിതാക്രിക്കറ്റിന്റെ പുതുജന്മമാണിത്. വനിതാ ക്രിക്കറ്റിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറി. വരുംനാളുകളിൽ വനിതാ ക്രിക്കറ്റ് ടീമിന് കൂടുതൽ നേട്ടം കൈവരിക്കാനാകുമെന്നും താരങ്ങൾ പറയുന്നു.