വിദ്യാരംഭത്തിന്റെ ശുഭദിനങ്ങളായിരുന്നു, 2017 സെപ്റ്റംബറിലെ അവസാനദിവസങ്ങൾ. എത്രയോകാലമായി മുംബൈ നിവാസികൾ എൽഫിൻസ്റ്റൺ സ്റ്റേഷനെന്ന് വിളിച്ചുപരിചയിച്ച പശ്ചിമറെയിൽവേയിലെ പ്രധാനസ്റ്റേഷനെ പ്രഭാദേവി എന്നാക്കി മാറ്റിയതിനുശേഷമുണ്ടായ അതിദാരുണമായ അപകടത്തിന്റെ ഭീതിദമായ ഓർമകൾക്ക് ഇനിയും അശേഷം മങ്ങലേറ്റിട്ടില്ല. 
തിക്കിലും തിരക്കിലുംപെട്ട് ശ്വാസംമുട്ടി പൊലിഞ്ഞത് 23 ജീവൻ.  പരിക്കേറ്റവർ ഏകദേശം അമ്പത്. ഇവരൊക്കെ പണക്കാരോ വലിയ ഉദ്യോഗസ്ഥരോ ആയിരുന്നില്ല. അന്നന്നത്തെ അന്നംതേടുന്ന സാധാരണക്കാരാണ് ധൃതിപിടിച്ച് തിക്കും തിരക്കും കണക്കാക്കാതെ കിട്ടുന്നവണ്ടികളിലേക്ക് നുഴഞ്ഞുകയറി നിലംതൊടാതെനിന്ന് യാത്രചെയ്യുന്നത്. വണ്ടിപിടിക്കാനുള്ള  ഓട്ടത്തിനിടയിലാണ് മഴവന്നതും എന്തോ ഭയാനകമായ ശബദംകേട്ട് പൊട്ടിത്തെറിയാണെന്ന് കരുതി മുമ്പും പിമ്പും നോക്കാതെ വീതികുറഞ്ഞ മേൽപ്പാലത്തിൽകൂടി തിക്കിലും തിരക്കിലും പെട്ട് ഞെരിഞ്ഞമർന്നും ചവിട്ടിമെതിക്കപ്പെട്ടും ശ്വാസംമുട്ടി മരണമടഞ്ഞത്. 
എൽഫിൻസ്റ്റൺ സ്റ്റേഷനിൽ കാലത്ത് പത്തരമണിക്ക് നടന്ന അപകടവാർത്ത അറിഞ്ഞപ്പോൾ തോന്നിയത് നടുക്കമോ മരവിപ്പോ എന്ന് തിരിച്ചറിഞ്ഞില്ല. വാസ്തവത്തിൽ ഞാൻ ഒരു ട്രെയിൻ യാത്രക്കാരനായിരുന്നില്ല. ആർത്തലച്ചുവരുന്ന വണ്ടിയും അതിൽ കഴുവിലിട്ടപോലെ തൂങ്ങികിടക്കുന്ന ജനസഞ്ചയത്തേയും കണ്ട് പല ട്രെയിനുകളിലും കയറാതെ മിഴിച്ചുനിന്ന് ബസിൽ അഭയം തേടിയ അനുഭവം എനിക്കുണ്ട്. അതാകട്ടെ, ദശാബ്ദങ്ങൾക്കുമുമ്പാണ്. പിന്നീട് ട്രെയിനിൽ യാത്രചെയ്തത് എന്റെ സുഹൃത്തായിരുന്ന വി.ടി. ഗോപാലകൃഷ്ണനൊപ്പമാണ്. മഹാലക്ഷ്മിയിലെ കുതിരപ്പന്തയം കാണാനുള്ള പോക്കായിരുന്നു അത്. പന്തയം ഞായറാഴ്ചകളിലായിരുന്നതുകൊണ്ട് വണ്ടികളിൽ തിരക്ക് കുറവായിരുന്നു. ദാദറിൽനിന്ന് എൽഫിൻസ്റ്റൺ സ്റ്റേഷനിലിറങ്ങി മുകളിൽവന്ന് റോഡ് മുറിച്ചുകടന്നാണ് മഹാലക്ഷ്മിയിലെത്താറ്‌്‌ എന്നാണോർമ. അവിടുത്തെ ഫുട്പാത്തിലെവിടെയോനിന്നാണ് കുതിരയിലെ ഡിക്കോസ്റ്റ എന്ന കഥാപാത്രത്തെ എനിക്ക് ലഭിച്ചത്. ഡിക്കോസ്റ്റയെ എനിക്ക് മറക്കാൻ കഴിയാത്തതുകൊണ്ട് എൽഫിൻസ്റ്റൺ സ്റ്റേഷനേയും. അതുകൊണ്ടാണ് അപകടവാർത്തയറിഞ്ഞപ്പോൾ ഞാൻ വ്യസനിച്ചതും എന്റെ പഴയഓർമകൾ പിടഞ്ഞുണർന്നതും.
ഉടനടി പതിവുപോലെ അന്വേഷണക്കമ്മിഷനുകളും നക്കാപ്പിച്ച നഷ്ടപരിഹാരങ്ങളും നൽകി അധികാരികൾ മാനംകാക്കും.  ആരംഭശൂരത്വമൊക്കെ ദിവസങ്ങൾക്കകം പഴങ്കഥയാവുകയും  പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ തന്നെ തുടരുകയും ചെയ്യും.
   രാഷ്ട്രീയക്കാർ പരസ്പരം കുറ്റപ്പെടുത്തി അടുത്ത തിരഞ്ഞെടുപ്പിൽ പത്തുവോട്ടെങ്കിലും കൂടുതൽ ലഭിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കും. കാലാകാലങ്ങളായി ഇത്തരം പൊറാട്ടുനാടകങ്ങൾ കണ്ട് പരിചയിച്ച ജനം എല്ലാം ഒരു ദുഃസ്വപ്നമായി കരുതി അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും ഇവർക്കുതന്നെ വോട്ടുകുത്താൻ വരിവരിയായി നിൽക്കും. അത് നമ്മുടെ ജനാധിപത്യത്തിന്റെ മികവും മേന്മയും.
അറുപതുകളിൽ മഹാനഗരത്തിലെ ജനസംഖ്യ ഇന്നത്തേക്കാൾ എത്രയോ കുറവായിരുന്നു. 1950-കളിൽ ബോംബെയിലെ ജനസംഖ്യ ഏകദേശം 30 ലക്ഷമായിരുന്നു. എന്നാൽ 2017-ൽ അത്  22 മില്യൺ (2,16,90,000) ആയി വർധിച്ചിരിക്കുന്നു. ഇവരിൽ 75 ലക്ഷം ജനങ്ങൾ 2432 വണ്ടികളിലായി ദിനംപ്രതി യാത്രചെയ്യുന്നുവെന്ന് കണക്കുകൾ.
   ഇത്രയും ജനങ്ങൾ നമ്മുടെ ചില നഗരങ്ങളിലെ മൊത്തം ജനസംഖ്യയാണെന്ന് ഓർക്കുക. മുംബൈയിൽ ജനങ്ങൾക്കെന്നതുപോലെ റെയിൽവേക്കും ഉറക്കമില്ല. 
 അത് കഷ്ടിച്ച് ഒന്നോ ഒന്നരയോ മണിക്കൂർ മാത്രമാണുറങ്ങുന്നത്. മുംബൈ നഗരത്തിന്റെ ജീവനാഡികളാണ് റെയിൽവേ ലൈനുകൾ. ഇവയിൽ ഒരു ലൈൻ മുടങ്ങിയാൽ നഗരത്തിന് ഹൃദയാഘാതമുണ്ടാവും.
ഇന്ന് മുംബൈ നഗരം വീരാറും കടന്ന് പാൽഘർ വരെ വളർന്നിരിക്കുന്നു. മധ്യറെയിൽവേ കല്യാണും കർജത്തുമൊക്കെ  കടന്ന് കസാറ വരെ. നവി മുംബൈ മാൻഖുർദിനപ്പുറം പൻവേൽവരെ. നഗരം ദിനംപ്രതി വളർന്നുകൊണ്ടേയിരിക്കുന്നു...
ഞാനിവിടെവന്ന കാലത്ത് പരിഷ്കൃതനഗരം സയണിൽ അവസാനിച്ചിരുന്നതായി ഓർക്കുന്നു. അന്ന് നഗരം ഉറക്കമുണർന്നിരുന്നത് തുണിമില്ലുകളിലെ സൈറൻ മുഴങ്ങുന്നത് കേട്ടാണ്. ഉറങ്ങുന്നതും അങ്ങനെതന്നെ. അന്ന് ആർക്കും ഇത്ര ധൃതിയുണ്ടായിരുന്നില്ല. ജീവിതം മന്ദഗതിയിലായിരുന്നു. തിരക്കില്ലാത്തവർക്ക് ചുരുങ്ങിയ ചെലവിൽ മാട്ടുംഗമുതൽ വിടി വരെ ട്രാംവണ്ടിയിൽ അലസഗമനം സാധ്യമായിരുന്നു. ഇരുനില ബസുകൾപോലും ഉണ്ടായിരുന്നതായി ഓർക്കുന്നില്ല. 
  ആദ്യകാല ബി.ഇ.എസ്.ടി. ബസുകളുടെ റൂട്ടുകൾ സൂചിപ്പിച്ചിരുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളിലാണ്. റോഡുകളിൽ ഇത്രയധികം വാഹനങ്ങളുണ്ടായിരുന്നില്ല. ഓട്ടോറിക്ഷയുടെ പേരുപോലും കേട്ടതായി ഓർക്കുന്നില്ല. ഭാണ്ഡൂപ്പിലെ ഓട്ടോമോബൈൽ പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ (എ.പി.ഐ.) എന്ന കമ്പനി നിർമിച്ചിരുന്ന ലാംബ്രെട്ടാ സ്കൂട്ടറുകളാവണം ഓട്ടോറിക്ഷകളുടെ പൂർവികർ. മോണോ റെയിൽ മെട്രോ മുതലായവയെക്കുറിച്ചൊക്കെ കേൾക്കുന്നതുതന്നെ അടുത്തകാലത്താണ്.
  അരനൂറ്റാണ്ടിലധികം നഗരത്തിൽ ജീവിച്ചു എന്നോർക്കുമ്പോൾ ഈ നഗരത്തിന്റെ രൂപഭാവപ്പകർച്ചകൾ അരങ്ങിലെന്നവണ്ണം മുന്നിൽ തെളിയുന്നു. വർളി സീലിങ്ക് സാങ്കേതികവളർച്ചയുടെ സൂചകമായി ഉയർന്നുപൊങ്ങുന്നു. അതൊടൊപ്പം കൊങ്കണിൽനിന്നും മറാത്ത് വാഡയിൽനിന്നും വന്ന് മില്ലുകളിൽ ജീവിതം ഹോമിച്ചുതീർത്ത തൊഴിലാളികളുടെ കുടികിടപ്പുകൾക്കുമീതെ മിൽനിലങ്ങളിൽ ഉയർന്നുപൊങ്ങുന്ന പരേലിലെ ബഹുനിലക്കെട്ടിടങ്ങൾ. ആ കെട്ടിടങ്ങളിലെ താമസക്കാരെല്ലാം പരേലിലേക്ക് എത്താനുള്ള തിടുക്കത്തിൽ എൽഫൻസ്റ്റൺ റോഡിലെ മേൽപ്പാലത്തിൽ പിടഞ്ഞുവീണ് മരിച്ചതെന്നുകൂടി ഓർക്കുമ്പോൾ എന്ത് തോന്നുന്നു.
സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വളർച്ച വിവരങ്ങൾ കൈമാറുന്നതിനും അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും സഹായകമായവിധം പുരോഗമിച്ചിട്ടും ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാവുന്നില്ലെന്നത് ഖേദകരമാണ്.