എബിൻ മാത്യു
പുസ്തകങ്ങൾക്കു പകരം മനുഷ്യരെ വായിക്കാൻപറ്റിയാൽ അതാണ് ഏറ്റവും നല്ലത്. കാരണം, പുസ്തകങ്ങളിൽനിന്നു ലഭിക്കുന്ന അറിവിനേക്കാൾ ശക്തമാണ് അനുഭവങ്ങളിൽനിന്നുള്ള അറിവ് എന്നു പറയാറുണ്ട്. വ്യക്തികളോട് സംവദിച്ച് പുസ്തകങ്ങളിൽനിന്ന് ലഭിക്കുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ അറിവുനേടാനാകുന്ന ‘മനുഷ്യ ലൈബ്രറി’ ഉദ്യാനനഗരിയിലും യാഥാർഥ്യമാവുകയാണ്. സാഹിത്യ അഭിരുചിയുള്ള ബെംഗളൂരുവിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് മനുഷ്യലൈബ്രറിക്ക് നേതൃത്വം കൊടുക്കുന്നത്. 
പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. എന്നാൽ, പുസ്തകം വായിച്ചു ലഭിക്കുന്നതിനേക്കാൾ കൂടുതൽ അറിവായിരിക്കും മനുഷ്യലൈബ്രറിയിലൂടെ ലഭിക്കുക. ജീവിതത്തിന്റെ വിവിധതലങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരും പ്രതിസന്ധികളെ തരണംചെയ്ത് വിജയംനേടിയവരും സാമൂഹ്യനീതി നിഷേധിക്കപ്പെട്ടവരുമായിരിക്കും മനുഷ്യ പുസ്തകമായി ലൈബ്രറിയിൽ ഉണ്ടാവുക. ഇവരുടെ അനുഭവങ്ങൾ നേരിട്ട് കേൾക്കുമ്പോൾ പുസ്തകം വായിച്ചു ലഭിക്കുന്നതിനേക്കാൾ ആഴത്തിൽ മനസ്സിൽപ്പതിയും. 
വായനക്കാരന് ലൈബ്രറിയിൽനിന്ന് ഇഷ്ടമുള്ള ‘ബുക്ക്’ (മനുഷ്യപുസ്തകം) തിരഞ്ഞെടുക്കാം. ഒന്നിലധികം വായനക്കാരുണ്ടെങ്കിൽ സംഘമായി പുസ്തകം തിരഞ്ഞെടുക്കാം. 20 മുതൽ 30 മിനിറ്റുനേരംവരെ മനുഷ്യപുസ്തകത്തെ വായനക്കാരന് ശ്രവിക്കാമെന്ന് മനുഷ്യലൈബ്രറി ബെംഗളൂരു ചാപ്റ്റർ അംഗമായ റോഷ്‌നി റോസ് പറഞ്ഞു. ഇതു വെറും കഥപറച്ചിൽ മാത്രമാകില്ല. മനുഷ്യപുസ്തകമായി എത്തുന്നയാളുടെ അനുഭവങ്ങളും തിരിച്ചറിവുകളും ഉണ്ടാകും.
മനുഷ്യലൈബ്രറിയുടെ സുഗമമായ നടത്തിപ്പിനായി വായനക്കാർക്കായി പ്രത്യേകനിയമങ്ങൾ ഉണ്ടാകും. വായനക്കാരന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി പുസ്തകങ്ങൾ ചോദിക്കാൻ പാടില്ലെന്നും ഫെയ്‌സ്ബുക്ക് പേജിൽ പുസ്തകത്തിന്റെ പേരും ചിത്രങ്ങളും ഒന്നും പോസ്റ്റുചെയ്യില്ലെന്ന് റോഷ്‌നി പറഞ്ഞു. ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ മനുഷ്യലൈബ്രറിക്ക് ലഭിച്ച സ്വീകാര്യതയാണ് ബെംഗളൂരുവിലും തുടങ്ങാൻ പ്രേരിപ്പിച്ചത്. കാഴ്ചയില്ലാത്തവർക്കും മനുഷ്യലൈബ്രറിയിൽ അംഗങ്ങളാകാം എന്നതാണ് പ്രത്യേകത. ഈ മാസം 27-ന് ബെംഗളൂരുവിൽ മനുഷ്യലൈബ്രറി ആരംഭിക്കുമെന്ന് റോഷ്‌നി റോസ് പറഞ്ഞു. 
  മനുഷ്യപുസ്തകമാകാം  
ബെംഗളൂരുവിൽ ‘ഹ്യൂമൺ ലൈബ്രറി’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ലൈബ്രറിയുടെ പ്രവർത്തനം. മനുഷ്യപുസ്തകമാകാൻ ആഗ്രഹിക്കുന്നവർക്ക് ഫെയ്‌സ്ബുക്കിലൂടെ അവരുടെ കഥകളും അനുഭവങ്ങളും പങ്കുവയ്ക്കാം. ജീവിതത്തിലുണ്ടായ ഏതെങ്കിലും അനുഭവങ്ങൾ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കാം. നല്ലതെന്നു തോന്നുന്ന അനുഭവങ്ങളും കഥകളും തിരഞ്ഞെടുത്ത് അവരെ മനുഷ്യലൈബ്രറിയിൽ എത്തിക്കും. മനുഷ്യലൈബ്രറിയിൽ ഏതു പ്രായക്കാർക്കും അംഗങ്ങളാകാം. എന്നാൽ, ലൈംഗികവിഷയങ്ങൾ കൈകാര്യംചെയ്യുന്നവർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കണമെന്നുമാത്രം. 
   സാഹിത്യരംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റോഷ്‌നി റോസ്, റിയ ആൻഡ്രൂസ്, അനുരാഗ് നായർ, സൃഷ്ടി ശ്രീവാസ്തവ, ദീപിക എന്നിവരാണ് ബെംഗളൂരുവിൽ മനുഷ്യലൈബ്രറിക്ക് നേതൃത്വം കൊടുക്കുന്നത്. വ്യക്തികൾതന്നെ പുസ്തകങ്ങളാകുന്ന അപൂർവതയാണ് മനുഷ്യലൈബ്രറിയുടെ പ്രത്യേകത. പുസ്തകങ്ങളാകുന്ന വ്യക്തികൾ അവരുടെ അനുഭവങ്ങൾ വായനക്കാരുടെമുന്നിൽ അവതരിപ്പിക്കുന്നു. വായനക്കാരന്റെ ഭാഗത്തുനിന്നുള്ള ഏതുതരം ചോദ്യത്തിനും ഉത്തരം നൽകാവുന്ന ആളായിരിക്കും മനുഷ്യപുസ്തകമായി ലൈബ്രറിയിൽ ഉണ്ടാവുക. 
 ഡെൻമാർക്കിൽ ഉദിച്ച ആശയം
2000-ൽ ഡെൻമാർക്കിലെ കോപ്പൻഹേഗിൽ റോണി അബെർഗെൽ, ഡാനി അബെർഗെൽ എന്നീ സഹോദരൻമാരും സുഹൃത്തുക്കളും ചേർന്നാണ് മനുഷ്യലൈബ്രറി എന്ന ആശയം ആദ്യം അവതരിപ്പിച്ചത്. മനുഷ്യരെ പുസ്തകങ്ങളായി മാറ്റിയാൽ നിലവിലുള്ള ലൈബ്രറിരംഗത്ത് വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് ഇവർ തിരിച്ചറിഞ്ഞു. പിന്നീട് ചുരുങ്ങിയ കാലയളവിൽ ഇന്ത്യയുൾപ്പെടെ എൺപതോളം രാജ്യങ്ങളിലേക്ക് മനുഷ്യലൈബ്രറി എന്ന ആശയം വ്യാപിച്ചു. ഇന്ത്യയിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മനുഷ്യലൈബ്രറികൾ ഉള്ളത്. 

*************************
സന്ദർശകരെ കാത്ത് 
മൈസൂരുവിലെ മ്യൂസിയങ്ങൾ


എം.എസ്. ശരത്‌നാഥ്
പൈതൃകനഗരവും കൊട്ടാരനഗരവുമായ മൈസൂരുവിൽ സന്ദർശകരെ ആകർഷിക്കുന്ന ഒരുപിടി മികച്ച മ്യൂസിയങ്ങളുണ്ട്. മൈസൂരുവിലെ രാജഭരണക്കാലത്ത് നിർമിക്കപ്പെട്ട പല ചരിത്രപരമായ കെട്ടിടങ്ങളും ഇപ്പോൾ മ്യൂസിയങ്ങളായി മാറി. നഗരത്തിലെ മ്യൂസിയങ്ങൾ മൈസൂരുവിന്റെ പൈതൃകത്തെക്കുറിച്ചും ചരിത്രപരമായ പ്രത്യേകതകളെക്കുറിച്ചുമുള്ള അറിവുനൽകാൻ  സഹായിക്കും. 
മൈസൂരുവിലെത്തുന്ന സന്ദർശകർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഇവിടത്തെ മ്യൂസിയങ്ങൾ. ദസറവേളയിൽ നഗരക്കാഴ്ചകൾ ആസ്വദിക്കാനായി ഇറങ്ങുന്ന സന്ദർശകർ മ്യൂസിയം സന്ദർശനത്തിന് സമയം മാറ്റിവെയ്ക്കുന്നത് മികച്ച അനുഭവം സമ്മാനിക്കും. ഫോക്‌ലോർ മ്യൂസിയം, ഇന്ദിരാഗാന്ധി രാഷ്ടീയ മാനവ സംഘ്രാലയ മ്യൂസിയം, ജയചാമരാജേന്ദ്ര മ്യൂസിയം, പോസ്റ്റൽ മ്യൂസിയം, റീജണൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി, മൈസൂരു കൊട്ടാരത്തിലെ റെസിഡൻഷ്യൽ മ്യൂസിയം, റെയിൽ മ്യൂസിയം എന്നിവ മൈസൂരുവിലെ പ്രധാനപ്പെട്ട ഏതാനും മ്യൂസിയങ്ങളാണ്. 
മാനസഗംഗോത്രിയിൽ സ്ഥിതിചെയ്യുന്ന ജയലക്ഷ്മിവിലാസ്  കൊട്ടാരത്തിലാണ് ഫോക്‌ലോർ മ്യൂസിയം. മികച്ചയിനം കരകൗശലവസ്തുക്കളുടെ ശേഖരത്താൽ സമ്പന്നമാണ് ഇവിടം. കൂടാതെ വിവിധതരം പാവകൾ, വസ്ത്രങ്ങൾ തുടങ്ങിയവയും ഇവിടെ കാണാൻ സാധിക്കും. ഞായറാഴ്ചയൊഴിച്ച് രാവിലെ പത്തര മുതൽ വൈകീട്ട് അഞ്ചര വരെ മ്യൂസിയം സന്ദർശകർക്കായി തുറന്നുപ്രവർത്തിക്കും. മൈസൂരു രാജാവായിരുന്ന നൽവാടി കൃഷ്ണരാജ വോഡയാർ 1905-ൽ നിർമിച്ചതാണ് ജയലക്ഷ്മിവിലാസ് കൊട്ടാരം. പിന്നീട് മൈസൂരു സർവകലാശാലാ ഏറ്റെടുക്കുകയായിരുന്നു. 
മൈസൂരു വോഡയാർ രാജവംശം നിർമിച്ച ജഗൻമോഹൻ കൊട്ടാരത്തിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. 1915-ലാണ് ഇവിടം മ്യൂസിയമാക്കിമാറ്റിയത്. മൈസൂരു  കൊട്ടാരത്തിന് സമീപത്തുതന്നെയാണ് ജയചാമരാജേന്ദ്ര മ്യൂസിയവും. ദസറയിലെ ജംബുസവാരി, വോഡയാർ രാജവംശം തുടങ്ങിയവയുടെ ചിത്രങ്ങൾ ഇവിടെ കാണാൻ സാധിക്കും. പ്രശസ്ത മലയാളി ചിത്രകാരനായ രാജ രവി വർമയുടെ ചിത്രങ്ങളും ഇവിടെയുണ്ട്. വിവിധ വിഷയങ്ങളിലുള്ള രണ്ടായിരത്തോളം ചിത്രങ്ങളുടെ ശേഖരമാണ് ജയചാമരാജേന്ദ്ര മ്യൂസിയത്തിലുള്ളത്. എല്ലാ ദിവസവും രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചരവരെ  ഇവിടം സന്ദർശിക്കാം. 
നഗരത്തിലെ നസർബാദിൽ സ്ഥിതിചെയ്യുന്ന കരഞ്ചി കൊട്ടാരത്തിലാണ് പോസ്റ്റൽ മ്യൂസിയം. മൈസൂരു രാജാവായ ചാമരാജ വോഡയാർ നിർമിച്ച ഈ കൊട്ടാരം 1965-ൽ പോസ്റ്റൽവകുപ്പ് പോസ്റ്റൽ പരിശീലന കേന്ദ്രമാക്കാൻ ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പോസ്റ്റൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. ഞായറാഴ്ചയൊഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചര വരെ മ്യൂസിയം സന്ദർശിക്കാൻ സാധിക്കും.  
ദക്ഷിണേന്ത്യയുടെ ഭൂഗർഭശാസ്ത്രം, അവിടെത്തെ സസ്യ-ജന്തുജാലങ്ങൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗികമായ മികച്ച വിജ്ഞാനമാണ് സിദ്ധാർഥനഗറിൽ സ്ഥിതിചെയ്യുന്ന റീജണൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി മ്യൂസിയം സന്ദർശകർക്ക് സമ്മാനിക്കുക. 1995-ലാണ് ഇൗ മ്യൂസിയം ഉദ്ഘാടനംചെയ്യപ്പെട്ടത്. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ മ്യൂസിയം സന്ദർശകരെ ബോധവത്കരിക്കുന്നു. പരിസ്ഥിതി ബോധവത്കരണത്തിനുള്ള പ്രവർത്തനങ്ങളും മ്യൂസിയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. പശ്ചിമഘട്ടം, മഴക്കാടുകൾ, കണ്ടൽക്കാടുകൾ, കൃഷിയിടങ്ങൾ, സമുദ ആവാസവ്യവസ്ഥ, മനുഷ്യപരിണാമം എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. തിങ്കളാഴ്ചയൊഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ മ്യൂസിയം പ്രവർത്തിക്കും. 
അംബവിലാസ് കൊട്ടാരം എന്ന് യഥാർഥപേരുള്ള  മൈസൂരു കൊട്ടാരത്തിൽ രണ്ടുമ്യൂസിയങ്ങളാണുള്ളത്.  ഇവയിൽ ആദ്യത്തേത് കൊട്ടാരം ബോർഡിന്റെ നിയന്ത്രണത്തിലുള്ളതും രണ്ടാമത്തേത് രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ റെസിഡൻഷ്യൽ മ്യൂസിയവുമാണ്. മൈസൂരു വോഡയാർ രാജവംശത്തിലെ പഴയകാല രാജാക്കന്മാരെക്കുറിച്ചുള്ള  വിവരങ്ങളും ചിത്രങ്ങളും ഇവിടെയുണ്ട്. വോഡയാർ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, സംഗീത ഉപകരണങ്ങൾ, അടുക്കളസാമഗ്രികൾ, പല്ലക്ക്, ആയുധങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം റെസിഡൻഷ്യൽ മ്യൂസിയത്തിൽ കാണാൻ സാധിക്കും. എല്ലാദിവസവും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചരവരെ  ഇവിടം സന്ദർശിക്കാം. 
രാജ്യത്താരംഭിച്ച രണ്ടാമത്തെ റെയിൽ മ്യൂസിയമാണ് മൈസൂരു സിറ്റി റെയിൽവേ സ്റ്റേഷന് പിറകിലായി കെ.ആർ.എസ്. റോഡിൽ സ്ഥിതിചെയ്യുന്ന റെയിൽ മ്യൂസിയം. ഡൽഹിയിലെ ദേശീയ റെയിൽവേ മ്യൂസിയത്തിനുശേഷം 1979-ൽ ആരംഭിച്ചതാണ് മൈസൂരുവിലേത്. മൈസൂരു രാജാക്കന്മാർ  ഉപയോഗിച്ചിരുന്ന രാജകീയ തീവണ്ടിക്കോച്ചുകൾ  ഇവിടെത്തെ പ്രധാന ആകർഷകമാണ്.  റെയിൽ മോട്ടോർ കാർ, ഇൻസ്പെക്ഷൻ കാർ, മഹാറാണി സലൂൺ കോച്ച് തുടങ്ങിയവയും സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കും. തിങ്കളാഴ്ചയൊഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ റെയിൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. 
നഗരത്തിന്റെ ഹൃദയഭാഗത്തായി ഇർവിൻ റോഡിൽ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി രാഷ്ടീയ മാനവ സംഘ്രാലയ (ഐ.ജി.ആർ.എം.എസ്.) മ്യൂസിയം നിരവധി സന്ദർശകർ എത്തുന്നയിടമാണ്. ഇവിടത്തെ മ്യൂസിയത്തിൽ കരകൗശലവസ്തുക്കളുടെ മികച്ച ശേഖരമുണ്ട്. കൂടാതെ,  ഇടയ്ക്കിടെ എക്സിബിഷനുകളും നടത്തപ്പെടുന്നു. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കുന്ന ഈ മ്യൂസിയം തിങ്കളാഴ്ച അവധിയായിരിക്കും. 

**************************
ആശങ്കയില്ലാത്ത 
കള്ളന്മാർ

അനുരഞ്ജ് മനോഹർ
കള്ളൻമാരുടെ കഥകൾ വിവരിക്കുന്ന സിനിമകളോട് മലയാളികൾക്ക് വല്ലാത്തൊരു അടുപ്പമാണ്. റോബിൻഹുഡിലെയും സപ്തമശ്രീ തസ്‌കരയിലെയും മീശമാധവനിലെയുമെല്ലാം കള്ളൻമാരെ നെഞ്ചേറ്റിയ പ്രേക്ഷകർക്ക് തൃശ്ശൂരിലെ നല്ല നാടൻ കള്ളന്മാരെ സമ്മാനിക്കുകയാണ് സിദ്ധാർഥ് ഭരതന്റെ 'വർണ്യത്തിൽ ആശങ്ക' എന്നചിത്രം. 
തൃശ്ശൂരിലെ ഒരു കുഗ്രാമത്തിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങളാണ് വർണ്യത്തിൽ ആശങ്ക കൈകാര്യം ചെയ്യുന്നത്. നിദ്രയിലൂടെ മലയാളസിനിമാസംവിധാനരംഗത്തേക്ക് ചുവടുവെച്ച സിദ്ധാർഥ് ഭരതൻ  തന്റെ  മുൻ ചിത്രങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായ സംവിധാനചേരുവകളാണ്  ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ലളിതമായ ഒരു കഥയെ അതിന്റെ രസച്ചരട് പൊട്ടാത്തരീതിയിൽ അഭ്രപാളിയിലേക്കെത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. 
കേരളത്തിലെ പേരുകേട്ട കള്ളനായ കായംകുളം കൊച്ചുണ്ണിയെ സ്മരിച്ചുകൊണ്ട്,  കള്ളന്മാരെ പ്രകീർത്തിച്ചിട്ടുള്ള ഒരു നാടൻപാട്ടോടെയാണ് വർണ്യത്തിൽ ആശങ്ക ആരംഭിക്കുന്നത്. തൃശ്ശൂരിലെ പലഭാഗങ്ങളിൽ ജീവിക്കുന്ന കൗട്ട ശിവനും പ്രഭീഷും ഗിൽബർട്ടും നാട്ടിലെ ചെറിയ കള്ളന്മാരാണ്. അവിചാരിതമായി അവർ തങ്ങളുടെ സുഹൃത്തായ വിൽസന്റെ വീട്ടിൽ എത്തിച്ചേരുന്നു. അടിപിടിയിലൂടെയാണ് പരിചയപ്പെടുന്നതെങ്കിലും കളവ് പൊതുസ്വഭാവമായതിനാൽ ഇവർ പിന്നീട് മദ്യത്തിന്റെയും ലഹരിയുടെയും ബലത്തിൽ ഉറ്റചങ്ങാതിമാരാകുന്നു. ഒരു വലിയ മോഷണത്തിനായി കച്ചകെട്ടിയിറങ്ങുന്ന ഈ നാൽവർ സംഘത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ദയാനന്ദൻ എന്ന കഥാപാത്രം എത്തിപ്പെടുന്നു. ദയാനന്ദൻ സംഘത്തിൽ ചേർന്ന് പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങൾ നർമത്തിൽ ചാലിച്ചാണ് വർണ്യത്തിൽ ആശങ്ക പ്രേക്ഷകർക്കുമുമ്പിൽ വരച്ചിടുന്നത്. കൗട്ട ശിവനായി കുഞ്ചാക്കോ ബോബനും വിൽസനായി ചെമ്പൻ വിനോദും പ്രഭീഷായി ഷൈൻ ടോം ചാക്കോയും ഗിൽബർട്ടായി മണികണ്ഠനും ദയാനന്ദനായി സുരാജ് വെഞ്ഞാറമ്മൂടും വേഷമിടുന്നു. സുരാജിന്റെ ചില സ്വതസിദ്ധമായ ചേഷ്ടകളും ക്ലൈമാക്‌സിലെ നെടുനീളൻ പ്രസംഗവും തീയേറ്ററുകളിൽ ചിരിപടർത്തി. ഇവരോടൊപ്പം  ടിനി ടോം, സുനിൽ സുഖദ, ജയരാജ് വാര്യർ, അങ്കമാലി ഡയറിലൂടെയെത്തിയ കിച്ചു, വിജിലേഷ്, അസീം ജമാൽ, മാസ്റ്റർ ഇർഹാൻ, രചനാനാരായണൻകുട്ടി, കെപി.എ.സി.ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുഞ്ചോക്കോ ബോബനും സുരാജും ഇത്തവണയും വിജയിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ചിത്രത്തിലെ ഇവരുടെ കഥാപാത്രങ്ങൾ. കള്ളന്മാരുടെ രസകരമായ കഥയാണ് ചിത്രം പറയുന്നതെങ്കിലും അവ രാഷ്ര്ടീയപശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിലെ രാഷ്ര്ടീയ കൊലപാതങ്ങളെയും അതുമൂലമുണ്ടാകുന്ന ഹർത്താലുകളെയും ചിത്രം വിമർശിക്കുന്നുണ്ട്.