ബെംഗളൂരു: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ കൂട്ടായ്മയായ സിറ്റിസണ്‍ ഫോര്‍ ബെംഗളൂരുവും ബസ് പ്രയാണികര വേദികെയും സംയുക്തമായി ശാന്തിനഗര്‍ ബസ് സ്റ്റാന്റില്‍ 'ബസ് ഭാഗ്യ ബേക്കു' പരിപാടി സംഘടിപ്പിച്ചു. ബി.എം.ടി.സി ബസ്സുകളുടെ എണ്ണം കൂട്ടുക, ബസ്സുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ടിക്കറ്റ് നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരിപാടി നടത്തിയത്.
 
'ബസ് ഭാഗ്യ ബേക്കു' എന്നെഴുതിയ ബാനറുമായിട്ടാണ് സംഘടനകള്‍ എത്തിയത്. ബെംഗളൂരുവിലെ ബസ് യാത്ര ചെലവേറിയതാണെന്നും യാത്രക്കാര്‍ക്ക് മോശം സൗകര്യമാണ് ബി.എം.ടി.സി നല്‍കുന്നതെന്നും ഇവര്‍ ആരോപിച്ചു.

ബസ്സുകളിലെ ടിക്കറ്റ് നിരക്ക് കുറച്ചാല്‍ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് ബസിനെ കൂടുതലായി ആശ്രയിക്കുമെന്നും ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 500 പേര്‍ ഒപ്പിട്ട പരാതി ബി.എം.ടി.സി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും ഇവര്‍ പറഞ്ഞു. സംഘാടകന്‍ ശിവകുമാര്‍ അരെഹള്ളി, സാമൂഹ്യ പ്രവര്‍ത്തകന്‍ കുമാര്‍ ജാഹ്ഗിര്‍ധര്‍, സിനിമാ താരം ഭാര്‍ഗവി നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.