ബെംഗളൂരു: സംസ്ഥാനം മറ്റൊരു വരള്‍ച്ചയെക്കൂടി മുന്നില്‍ക്കാണുന്ന സാഹചര്യം കണക്കിലെടുത്ത് മൈസൂരു ദസറ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കാന്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍വര്‍ഷത്തെക്കാള്‍ ലളിതമായ ചടങ്ങുകളും ചെലവുചുരുക്കിയുള്ള ആഘോഷ പരിപാടികളുമായിരിക്കും നടത്തുക. സംസ്ഥാന ബജറ്റില്‍ ഇത്തവണ 15 കോടിരൂപ മാത്രമാണ് ദസറ ആഘോഷത്തിനായി മാറ്റിവെയ്ക്കുക.

സെപ്റ്റംബര്‍ 21-നാണ് പ്രശസ്തമായ ദസറ ആഘോഷങ്ങള്‍ മൈസൂരുവില്‍ ആരംഭിക്കുന്നത്. കാലവര്‍ഷം ശക്തമല്ലാത്തതിനാല്‍ ഈവര്‍ഷവും പലേടത്തും കടുത്ത വരള്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആര്‍ഭാടപൂര്‍വം ആഘോഷങ്ങള്‍ നടത്തുന്നത് സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നതിനാലാണ് ദസറയുടെ ചെലവ് ചുരുക്കുന്നത്.

വര്‍ഷങ്ങളായി നടന്നുവരുന്ന പരിപാടികളില്‍ മാറ്റമുണ്ടാകില്ലെങ്കിലും നഗരത്തിലെ അലങ്കാരം, കലാപരിപാടികള്‍, ദീപാലങ്കാരം, സാഹസിക മത്സരം എന്നിവയില്‍ മാറ്റമുണ്ടാകും. എന്നാല്‍, സമാപനദിവസമായ 30-ന് നടക്കുന്ന ജംബു സവാരി മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ ആര്‍ഭാടപൂര്‍വം നടത്തും. ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിന് 10 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് യോജിച്ചയാളെ തിരഞ്ഞെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞവര്‍ഷം കര്‍ഷകപ്രതിനിധിയാണ് ദസറ ആഘോഷം ഉദ്ഘാടനം ചെയ്തത്.

എന്നാല്‍, ചെലവ് ചുരുക്കുന്നത് മൈസൂരുവിലെ ടൂറിസം രംഗത്തെ സാരമായി ബാധിക്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ചെലവുചുരുക്കിയാണ് ദസറ ആഘോഷിച്ചത്. കോടികളുടെ വരുമാനനഷ്ടമാണ് ഇതിലൂടെ മൈസൂരുവിനുണ്ടായത്. സാധാരണ ദസറ സമയത്ത് മൈസൂരുവില്‍ താമസിക്കുന്നതിന് മുറികിട്ടാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മുറികള്‍ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍, ഇതരസംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കുമെന്നതിനാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ സഞ്ചാരികളെത്തുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.