മൈസൂരു: വോഡയാര്‍ രാജവംശം അതിസുരക്ഷയില്‍ കാത്തുസൂക്ഷിക്കുന്ന സുവര്‍ണസിംഹാസനം ദസറയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. ദസറ അവസാനിക്കുന്നതുവരെ സന്ദര്‍ശകര്‍ക്ക് മൈസൂരു കൊട്ടാരത്തിലെത്തി സിംഹാസനം കാണാന്‍ സാധിക്കും.

ഞായറാഴ്ച മുതലാണ് സിംഹാസനം പ്രദര്‍ശിപ്പിക്കുന്നത് ആരംഭിച്ചത്. പ്രദര്‍ശനം ആരംഭിച്ച് ആദ്യത്തെ ഒരുമണിക്കൂറിനകം അഞ്ഞൂറോളം പേര്‍ സന്ദര്‍ശിച്ചു. സിംഹാസനം കാണാന്‍ ആഗ്രഹിക്കുന്നവര്‍ കൊട്ടാരത്തിലേക്കുള്ള പ്രവേശനനിരക്കായ 50 രൂപയുടെ കൂടെ 50 രൂപ കൂടി അധികം നല്‍കണം. കഴിഞ്ഞ രണ്ടുവര്‍ഷമായി സുവര്‍ണസിംഹാസനം കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. വെള്ളത്തുണികൊണ്ട് പൊതിഞ്ഞായിരുന്നു സിംഹാസനം സൂക്ഷിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അന്നത്തെ മൈസൂരു കൊട്ടാരം ബോര്‍ഡ് ഡയറക്ടര്‍ ബി.ജി. ഇന്ദിരാമ്മ സിംഹാസനം പൊതിഞ്ഞിരുന്ന തുണി നീക്കാന്‍ ശ്രമിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു. കൊട്ടാരത്തിലെ രഹസ്യഅറയില്‍ 13 ഭാഗങ്ങളായി സൂക്ഷിക്കുന്ന സിംഹാസനം ദസറവേളയിലാണ് പുറത്തെടുക്കുക.

അതേസമയം, ബെംഗളൂരുവില്‍നിന്നെത്തിയ ആഡംബര തീവണ്ടിയായ 'സ്വര്‍ണരഥ'ത്തിലെ യാത്രക്കാര്‍ക്ക് മൈസൂരു ഡെപ്യൂട്ടി കമ്മിഷണര്‍ ഡി. രണ്‍ദീപിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സ്വീകരണം നല്‍കി. ആറുവിദേശികളടക്കം 40 പേരാണ് യാത്രക്കാര്‍. പ്രഭാതഭക്ഷണത്തിനുശേഷം യാത്രക്കാര്‍ കര്‍ണാടക. ആര്‍.ടി.സി.യുടെ പ്രത്യേക ബസില്‍ ശ്രീരംഗപട്ടണ, ചാമുണ്ഡിമല തുടങ്ങിയയിടങ്ങളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മൈസൂരു കൊട്ടാരത്തിലെ കലാപരിപാടികള്‍ വീക്ഷിച്ചശേഷം ഞായറാഴ്ച രാത്രി ബെംഗളൂരുവിലേക്ക് തിരിച്ചു. സെപ്റ്റംബര്‍ 30-ന് 88 യാത്രക്കാരുമായി ആഡംബര തീവണ്ടി വീണ്ടുമെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

ജാവാ ബൈക്ക് റാലി

മൈസൂരു:
ദസറയുടെ ഭാഗമായി നഗരത്തിലെ പൈതൃക കെട്ടിടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനായി ജാവാ ബൈക്ക് റാലി ഞായറാഴ്ച നടന്നു. മൈസൂരു ജില്ലാ ഭരണകൂടം, പുരാവസ്തുവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. രാവിലെ ആറിന് ടൗണ്‍ ഹാളില്‍നിന്നാരംഭിച്ച റാലി ക്ലോക്ക് ടവര്‍, ചാമരാജ വോഡയാര്‍ പ്രതിമ, മൈസൂരു കൊട്ടാരം, കൃഷ്ണരാജ വോഡയാര്‍ പ്രതിമ, വിശ്വേശ്വരയ്യ കെട്ടിടം, ദേവരാജ കമ്പോളം, കെ.ആര്‍. ആസ്​പത്രി, മൈസൂരു മെഡിക്കല്‍കോളേജ്, സര്‍ക്കാര്‍ ആയുര്‍വേദആസ്​പത്രി, കേന്ദ്ര ഗ്രന്ഥശാല, ഗാന്ധിസര്‍ക്കിള്‍ എന്നിവിടങ്ങളില്‍ വഴി ആരംഭസ്ഥലത്ത് സമാപിച്ചു. അമ്പതോളം ജാവാ ബൈക്കുകള്‍ റാലിയില്‍ പങ്കെടുത്തു. റാലിയില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് പൈതൃകകെട്ടിടങ്ങളെക്കുറിച്ച് വിവരണങ്ങളും നടത്തി.


ആയിരങ്ങള്‍ അണിനിരന്ന് ദസറ മാരത്തണ്‍

മൈസൂരു:
ദസറയോടനുബദ്ധിച്ച് യുവജനക്ഷേമ-കായികവകുപ്പും ദസറ കായികസമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച അര്‍ധ-മാരത്തണില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തണില്‍ പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു. മാരത്തണിന് പുറമേ വിവിധവിഭാഗങ്ങളിലായി ഓട്ടമത്സരങ്ങളും ഉണ്ടായിരുന്നു.
 
പുരുഷന്മാര്‍ക്കായി 10 കിലോമീറ്റര്‍ ഓട്ടം, സ്ത്രീകള്‍ക്കായി ആറുകിലോമീറ്റര്‍ ഓട്ടം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മൂന്നുകിലോമീറ്റര്‍ ഓട്ടം എന്നിവ നടന്നു. എല്ലാ ഇനങ്ങളിലുമായി മൂവായിരത്തോളം പേര്‍ പങ്കെടുത്തു. അര്‍ധ-മാരത്തണ്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരം പി.യു. നവനീത ഫ്‌ളാഗ് ഓഫ് ചെയ്തു. മാരത്തണില്‍ ആദ്യ അഞ്ചുസ്ഥാനങ്ങളിലെത്തിയ സ്ത്രീ-പുരുഷന്‍മാര്‍ക്ക് യഥാക്രമം 30,000 രൂപ, 25,000 രൂപ, 20,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെ സമ്മാനത്തുക ലഭിച്ചു.