ബെംഗളൂരു: മെയ് ദിന അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ബസ്സുകളില്‍ ബുക്കിങ് പുരോഗമിക്കുന്നു. കേരള ആര്‍.ടി.സി. പ്രഖ്യാപിച്ച പ്രത്യേക ബസ്സുകളില്‍ ടിക്കറ്റുകള്‍ ഏറെ ബാക്കിയുണ്ട്. കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളിലാണ് ടിക്കറ്റുകള്‍ കൂടുതലുള്ളത്.
 
അതേസമയം കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളില്‍ ഏതാനും ടിക്കറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂ. രണ്ട് ദിവസത്തിനുള്ളില്‍ ഈ ബസ്സുകളിലെ ടിക്കറ്റുകള്‍ തീരാനാണ് സാധ്യത. കണ്ണൂരിലേക്കും എറണാകുളത്തേക്കും പ്രഖ്യാപിച്ച ബസ്സുകളില്‍ നിരവധി സീറ്റുകള്‍ ബാക്കിയുണ്ട്. അവധിയാത്ര തുടങ്ങാന്‍ ഇനി ഒരാഴ്ച കൂടിയുള്ളതിനാല്‍ ടിക്കറ്റുകള്‍ മുഴുവന്‍ തീരാനാണ് സാധ്യത.

യാത്രാത്തിരക്ക് കൂടുതലുള്ള 28-ന് കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി പത്ത് പ്രത്യേക സര്‍വീസുകളാണ് കേരള ആര്‍.ടി.സി. പ്രഖ്യാപിച്ചത്. മൂന്നു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുന്നതിനാല്‍ ഇത്തവണ മേയ്ദിന അവധിക്ക് നാട്ടില്‍ പോകുന്നവരുടെ എണ്ണം കൂടുതലാണ്. കേരള ആര്‍.ടി.സി.യുടെ പതിവ് സര്‍വീസുകളിലെല്ലാം ടിക്കറ്റ് നേരത്തേ വിറ്റുതീര്‍ന്നിരുന്നു.
 
പതിവിന് വിപരീതമായി കേരള ആര്‍.ടി.സി. ഇത്തവണ നേരത്തെയാണ് പ്രത്യേക ബസ്സുകള്‍ പ്രഖ്യാപിച്ചത്. കര്‍ണാടകം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ബസ്സുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. അവധി കഴിഞ്ഞ് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബസ്സുകളിലും ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുകയാണ്.

കര്‍ണാടക ആര്‍.ടി.സി. പ്രഖ്യാപിച്ച പ്രത്യേക സര്‍വീസുകളിലും ബുക്കിങ് പുരോഗമിക്കുകയാണ്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മാഹി, വടകര എന്നിവിടങ്ങളിലേക്കായി 12 സര്‍വീസുകളാണ് കര്‍ണാടകം പ്രഖ്യാപിച്ചത്. ഇവയില്‍ എല്ലാം ബുക്കിങ് ഏകദേശം പൂര്‍ത്തിയായി. യാത്രയ്ക്ക് ഇനി ഒരാഴ്ച കൂടി ബാക്കിയുള്ളതിനാല്‍ കൂടുതല്‍ പ്രത്യേക ബസ്സുകള്‍ പ്രഖ്യാപിക്കും.
 
മേയ്ദിന അവധിയോടനുബന്ധിച്ച് തീവണ്ടികളില്‍ നേരത്തേ തന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. സ്വകാര്യ ബസ്സുകളിലും ബുക്കിങ് പുരോഗമിക്കുകയാണ്.