ബെംഗളൂരു: നഗരത്തിലെ മലയാളംമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ സ്വന്തം ലൈബ്രറികള്‍ യാഥാര്‍ഥ്യമായി. ഇന്ദിരാനഗര്‍ കെ.എന്‍.ഇ. ട്രസ്റ്റ് സ്‌കൂള്‍, മലയാളിസമാജം സെന്റര്‍ ജാലഹള്ളി, കെ.ആര്‍. പുരം കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ലൈബ്രറികള്‍ ആരംഭിച്ചത്.
 
ഞായറാഴ്ച ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ കെ.പി. ശങ്കരന്‍ ലൈബ്രറി ഉദ്ഘാടനംചെയ്തു. തിരുവനന്തപുരത്തെ മലയാളംമിഷന്‍ കേന്ദ്രത്തില്‍നിന്നാണ് ലൈബ്രറികളിലേക്കാവശ്യമായ പുസ്തകങ്ങള്‍ എത്തിച്ചത്.

മലയാളംമിഷന്‍ ബെംഗളൂരു കോ-ഓര്‍ഡിനേറ്റര്‍ ബിലു സി. നാരായണന്‍ അധ്യക്ഷതവഹിച്ചു. സി.ആര്‍.പി.എഫ്. കമാന്‍ഡര്‍ ജയചന്ദ്രന്‍, മലയാളംമിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജാ സൂസന്‍ ജോര്‍ജ്, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, കെ.എന്‍.ഇ. ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, കെ. ദാമോദരന്‍, ടോമി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മുതിര്‍ന്ന അധ്യാപകന്‍ ദാമോദരനെ ആദരിച്ചു. മലയാളംമിഷന്‍ പഠനകേന്ദ്രങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

മലയാളംമിഷന്‍ പഠനകേന്ദ്രങ്ങളിലെ കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ലൈബ്രറികള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ ബെംഗളൂരുവിലെ മറ്റു മലയാളികള്‍ക്കും ലൈബ്രറി പ്രയോജനപ്പെടുത്താം. ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ മുഴുവന്‍ ലൈബ്രറി പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യം. മറ്റുദിവസങ്ങളില്‍ അതതു കേന്ദ്രങ്ങളിലെ സൗകര്യമനുസരിച്ചാകും പ്രവര്‍ത്തനം. കുട്ടികളുടെ പുസ്തകങ്ങള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ചരിത്രപുസ്തകങ്ങള്‍, വൈജ്ഞാനിക കൃതികള്‍ തുടങ്ങിയവ ലൈബ്രറികളിലുണ്ടാകും.

അടുത്തവര്‍ഷം 200 ലൈബ്രറികള്‍- പ്രൊഫ. സുജാ സൂസന്‍ ജോര്‍ജ്

ഈ വര്‍ഷം മലയാളംമിഷന്റെ എല്ലാ യൂണിറ്റുകള്‍ക്കും വേണ്ടി അനുവദിച്ച 100 ലൈബ്രറികളില്‍ മൂന്നെണ്ണമാണ് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്. അടുത്തവര്‍ഷം 200 ലൈബ്രറികള്‍ അനുവദിക്കുന്നതോടെ കൂടുതല്‍ ലൈബ്രറികള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിക്കും. മലയാളംമിഷന്‍ പഠനകേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കായിരിക്കും ലൈബ്രറിയുടെ ചുമതല. ലൈബ്രറികള്‍ വരുന്നതോടെ മലയാളം പഠനകേന്ദ്രത്തില്‍ പഠിക്കുന്നവര്‍ക്ക് കേരളത്തെക്കുറിച്ച് കൂടുതല്‍ അറിവുലഭിക്കും.
 
കേരളത്തെക്കുറിച്ചുള്ള പുസ്തകങ്ങളായിരിക്കും ലൈബ്രറികളില്‍ കൂടുതലും. കേരളത്തിന്റെ പ്രകൃതി, സംസ്‌കാരം, ജനങ്ങള്‍, ജീവജാലങ്ങള്‍ തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളാകും. കൂടാതെ വിവര്‍ത്തനങ്ങളും ഉണ്ടാകും. പഠനകേന്ദ്രങ്ങളിലെ കുട്ടികള്‍ ലൈബ്രറികള്‍ ഉപയോഗിച്ചുതുടങ്ങുന്നതോടെ മലയാളംമിഷന്റെ പരീക്ഷാരീതികളും മാറ്റുന്നകാര്യം ആലോചിക്കുന്നുണ്ട്. കൂടുതല്‍ പരിഷ്‌കരിച്ച രീതിയില്‍ പരീക്ഷകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ലൈബ്രറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എല്ലാവര്‍ഷവും ഓഡിറ്റ് നടത്തും.