ias officerബെംഗളൂരു: കര്‍ണാടകത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ വാണിജ്യനികുതി അഡീഷണല്‍ കമ്മിഷണര്‍ ഡി.കെ.രവിയുടെ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐ. സര്‍ക്കാരിനു സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ടിലാണ് രവിയുടെ മരണം ആത്മഹത്യയെന്ന വ്യക്തമാക്കിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നും സി.ബി.ഐ അഡീഷനല്‍ എസ്.പി. ചക്രവര്‍ത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബെംഗളൂരു സൗത്ത് അഡീഷനല്‍ കമ്മിഷണര്‍ ഡി.ബി. നടേഷിനാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഭൂമി, മണല്‍ ഖനന മാഫിയകളുടെയും ചില രാഷ്ട്രീയനേതാക്കളുടെയും സമ്മര്‍ദത്തെത്തുടര്‍ന്നാണ് രവി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ശക്തമായ ജനകീയപ്രക്ഷോഭത്തിനു കര്‍ണാടകം വേദിയായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

മരണത്തിനു തൊട്ടുമുമ്പ് രവിക്കു ലഭിച്ച ഫോണ്‍വിളികളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്ന സന്ദേശങ്ങളും സി.ബി.ഐ. ശേഖരിച്ചു. സഹപ്രവര്‍ത്തകര്‍, ഭാര്യ, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ വെളിപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലുണ്ടായ വന്‍ നഷ്ടത്തെ തുടര്‍ന്നാണ് ആത്മത്യയെന്നും സി.ബി.ഐ. സൂചിപ്പിക്കുന്നു.

അതേസമയം, ഡി.കെ. രവിയുടെ മരണം കൊലപാതമാണെന്നുതന്നെ അമ്മ ഗൗരമ്മ ആവര്‍ത്തിച്ചു. ഭൂമി, മണല്‍ ഖനന മാഫിയകള്‍ സി.ബി.ഐ.യെയും വിലയ്‌ക്കെടുത്തു. മകന്‍ ഒരിക്കലും ഒന്നിനെയും ഭയപ്പെട്ടിരുന്നില്ലെന്നും ആത്മഹത്യചെയ്യേണ്ട വ്യക്തിപരമായ പ്രശ്‌നങ്ങളില്ലായിരുന്നു. സി.ബി.ഐ റിപ്പോര്‍ട്ടില്‍ മായംചേര്‍ത്തതായും അവര്‍ ആരോപിച്ചു.

രവിയുടെ മരണത്തിനുശേഷം ഭാര്യപിതാവ് തങ്ങളുടെ വീട്ടില്‍ ഇതുവരെ എത്തിയിട്ടില്ലെന്നും അമ്മ ഗൗരമ്മ ആരോപിച്ചു. രവി ധൈര്യശാലിയായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ആത്മഹത്യ ഭീരുക്കള്‍ക്കുള്ളതാണെന്നും ഭാര്യാപിതാവ് ഹനുമന്തരായപ്പ പറഞ്ഞു.

കേന്ദ്ര ഫോറന്‍സിക് ലാബ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍നിന്നുള്ള രവിയുടെ ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടും സി.ബി.ഐ പരിശോധിച്ചു. നിര്‍ധന കര്‍ഷക കുടുംബത്തില്‍ ജനിച്ച് സിവില്‍ സര്‍വീസ് നേടിയ ഡി.കെ. രവി അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയിലൂടെ ശ്രദ്ധേയനായിരുന്നു. സാധാരണക്കാര്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കോറമംഗലയിലെ വസതിയില്‍ 2015 മാര്‍ച്ച് 16-നാണ് രവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ സി.ഐ.ഡി അന്വേഷിച്ച കേസ് ഏപ്രില്‍ 16-നാണ് സി.ബി.ഐ ഏറ്റെടുത്തത്.

പോലീസിന്റെ നിലപാട് ശരി -മുഖ്യമന്ത്രി

ബെംഗളൂരു: ഡി.കെ. രവിയുടെ മരണം ആത്മഹത്യയാണെന്ന സി.ബി.ഐ. നിലപാട് സംസ്ഥാന പോലീസിന്റെ അന്വേഷണം ശരിവെയ്ക്കുക മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടക പോലീസ് എല്ലാതലത്തിലുള്ള അന്വേഷണങ്ങളും നടത്തിയാണ് നിഗമനത്തില്‍ എത്തിയത്. എന്നാല്‍, ബി.ജെ.പി. അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സി.ബി.ഐ. അന്വേഷണത്തിനുവേണ്ടി സമരം നടത്തുകയുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചവര്‍ക്ക് സി.ബി.ഐ. റിപ്പോര്‍ട്ടിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് മന്ത്രി ഡോ. ജി. പരമേശ്വര ചോദിച്ചു. ആരോപണങ്ങള്‍ ഇല്ലാതാക്കാന്‍ സി.ബി.ഐ അന്വേഷണംകൊണ്ട് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. രവിയുടെ മരണം കോണ്‍ഗ്രസ് നേതാക്കളെ അനാവശ്യമായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അന്വേഷണ റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ വിശദീകരണം ലഭിച്ചതിനുശേഷം പ്രതികരിക്കാമെന്നും പ്രതിപക്ഷനേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
 

സി.ബി.ഐ അന്വേഷണം നിരാശപ്പെടുത്തി- െഎ. എ. എസ്. അസോസിയേഷന്‍
 
ബെംഗളൂരു : വാണിജ്യനികുതി അഡീഷണല്‍ കമ്മിഷണര്‍ ഡി.കെ.രവിയുടെ മരണം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് നിരാശപ്പെടുത്തന്നതാണെന്ന് ഐ.എ.എസ്. അസോസിയേഷന്‍. സി.ബി.ഐ റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പഠിച്ചതിനു ശേഷം തുടര്‍ നടപടിയെപ്പറ്റി ആലോചിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

അന്വേഷണം വിട്ടു കൊടുക്കാന്‍ പ്രതിപക്ഷത്തിന്റേതടക്കം ശക്തമായ സമ്മര്‍ദം ആദ്യഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന ക്രിമിനല്‍ അന്വേഷണ വിഭാഗം അന്വേഷണത്തിന് പ്രാപ്തമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിനു നിര്‍ദ്ദേശിച്ചത്.
മണല്‍ മാഫിയക്കെതിരെ പോരാടിയ ഡി.കെ രവിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.പ്രതിഷേധങ്ങള്‍ വഷളാകാന്‍ തുടങ്ങിയതോടെ വിഷയം പാലമെന്റിലും എത്തിയിരുന്നു.

രവിയുടെ ദുരൂഹമരണം സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പ, കോലാര്‍ എം.എല്‍.എ ആര്‍. വര്‍ത്തൂര്‍പ്രകാശ് എന്നിവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ദൊഡ്ഡക്കൊപ്പലു കരിയപ്പ രവിയെന്ന ഡി.കെ. രവി കര്‍ണാടക കേഡറിലെ 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു.