മൈസൂരു: വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ പ്രവേശിക്കുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ ഫലപ്രദമാകുന്നില്ല. നാഗര്‍ഹോളെ വന്യജീവിസങ്കേതത്തില്‍ നിന്നുള്ള കാട്ടാന ഹുന്‍സൂരിലെ വീരനഹോസഹള്ളിയില്‍ റെയില്‍പ്പാളങ്ങള്‍ കൊണ്ട് സ്ഥാപിച്ചിട്ടുള്ള വേലി ചാടിക്കടക്കുന്ന ഈ കാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കുടകിലെ സിദ്ധാപുരില്‍ മുന്‍പ് നടന്ന സംഭവത്തില്‍ കാപ്പിത്തോട്ടത്തിന്റെ ഇരുമ്പ് ഗേറ്റ് കാട്ടാന മറിച്ചിടുകയും അതുപയോഗിച്ച് കിടങ്ങ് മറികടക്കുകയും ചെയ്തിരുന്നു. ദുര്‍ബലമായ പഴുതുകള്‍ കണ്ടെത്തി ഇടപെടാന്‍ ആനകള്‍ക്ക് കഴിവുണ്ടെന്നും അത്തരത്തിലാണ് വേലിയുടെ ഉയരം കുറഞ്ഞ ഭാഗത്തുകൂടി മറികടന്നതെന്നും വനപാലകര്‍ പറയുന്നു.
 
അടുത്തിടെ വന്യമൃഗങ്ങള്‍ ജനവാസമേഖലകളില്‍ ഇറങ്ങുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. വനംവകുപ്പ് നിരവധി പ്രതിരോധമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും അവയൊന്നും പ്രയോജനപ്പെടുന്നില്ല.