മൈസൂരു: ഉപതിരഞ്ഞെടുപ്പ് നടക്കാന്‍പോകുന്ന നഞ്ചന്‍കോട്, ഗുണ്ടല്‍പ്പേട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇതോടെ വാശിയേറിയ പ്രചാരണവുമായി ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ രംഗത്തെത്തി.

നഞ്ചന്‍കോടില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി വി. ശ്രീനിവാസപ്രസാദ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാലേലെ കേശവമൂര്‍ത്തി എന്നിവരാണ് വരണാധികാരി ജി. ജഗദീഷയ്ക്ക് മുമ്പാകെ പത്രികസമര്‍പ്പിച്ചത്. മുന്‍മന്ത്രി വി. സോമണ്ണയോടൊപ്പം എത്തിയാണ് പ്രസാദ് പത്രിക നല്‍കിയത്. കേശവമൂര്‍ത്തിയോടൊപ്പം മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു എന്നിവരുമുണ്ടായിരുന്നു. പത്രികസമര്‍പ്പിക്കലിന് മുമ്പായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയുടെയും മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.

ഗുണ്ടല്‍പ്പേട്ടിലെ പത്രികസമര്‍പ്പണം ബി.ജെ.പി., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടന്നത്. പത്രികസമര്‍പ്പണത്തിന്റെ ഭാഗമായി ഇരുപാര്‍ട്ടികളും നടത്തിയ പ്രകടനം ഗുണ്ടല്‍പ്പേട്ട് താലൂക്ക് ഓഫിസിനു മുമ്പില്‍ കണ്ടുമുട്ടിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രവര്‍ത്തകരുടെ വാക്കേറ്റം പിന്നീട് അടിപിടിയിലും കല്ലേറിലും കലാശിച്ചു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. താലൂക്ക് ഓഫിസിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ, പ്രതാപസിംഹ എം.പി. എന്നിവരോടൊപ്പം എത്തിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി സി.എസ്. നിരഞ്ജന്‍കുമാര്‍ പത്രികനല്‍കിയത്. മന്ത്രി യു.ടി. ഖാദറിനോടൊപ്പമെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗീതാ മഹാദേവപ്രസാദ് ഉച്ചയോടെ പത്രികസമര്‍പ്പിച്ചു. ഗുണ്ടല്‍പ്പേട്ട് ഉപതിരഞ്ഞെടുപ്പിന്റെ വരണാധികാരിയായ കൊലേഗല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നളിനി അതുലിനുമുമ്പാകെയാണ് ഇരുവരും പത്രികനല്‍കിയത്.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കല്‍ പൂര്‍ത്തിയായതോടെ നേതാക്കള്‍ ശക്തമായ പ്രചാരണത്തിലേക്കു കടന്നു. നഞ്ചന്‍കോട് മേഖലയില്‍ മികച്ചസ്വാധീനമുള്ള ദളിത് നേതാവായ പ്രസാദിലൂടെ കോണ്‍ഗ്രസിന്റെ പരമ്പരാഗത തട്ടകമായ നഞ്ചന്‍കോട് മണ്ഡലം പിടിച്ചെടുക്കാനാണ് ബി.ജെ.പി.യുടെ നീക്കം. ഇതിനെ ചെറുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പയെ മുന്‍നിര്‍ത്തി നഞ്ചന്‍കോടില്‍ പ്രചാരണം പുരോഗമിക്കുകയാണ്.
 
കോണ്‍ഗ്രസ് ഇരുമണ്ഡലങ്ങളിലെയും പ്രചാരണത്തിനായി 15 മന്ത്രിമാരെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയാണ് ഗുണ്ടല്‍പ്പേട്ടിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ നിരഞ്ജന്‍ കുമാറിനുവേണ്ടി യെദ്യൂരപ്പ പ്രചാരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍നിന്ന് ജെ.ഡി.എസ്. പിന്‍മാറിയതിനാല്‍ സംസ്ഥാനത്തെ പ്രബലകക്ഷികളായ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
 
2018-ല്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ശക്തിതെളിയിക്കാനുള്ള അവസരമായാണ് ഇരുപാര്‍ട്ടികളും ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനതീയതി ചൊവ്വാഴ്ചയാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ബുധനാഴ്ച നടക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 24 ആണ്. ഏപ്രില്‍ ഒമ്പതിനു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏപ്രില്‍ 13-ന് നടക്കും.