ബെംഗളൂരു: കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക കൃഷിനാശമുണ്ടായിട്ടും പാവപ്പെട്ട കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് വ്യക്തമായ സൂചനതരാത്ത ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

സഭാസമ്മേളനം തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.സി. ഗോവിന്ദരാജുവിന്റെ വസതിയില്‍നിന്ന് ആദായനികുതിവകുപ്പ് കണ്ടെടുത്ത ഡയറിയെ സംബന്ധിച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചു. ഡയറി വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ സംശയം തീര്‍ക്കണമെന്ന് ജഗദീഷ് ഷെട്ടാര്‍ ആവശ്യപ്പെട്ടു.
 
എന്നാല്‍, പിന്നീട് വരള്‍ച്ചകാരണം കഷ്ടപ്പെടുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍വേണ്ടി പ്രതിഷേധം പിന്‍വലിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് അറിയിക്കുകയായിരുന്നു. നേരത്തേ, ഡയറി വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സ്​പീക്കര്‍ കെ.ബി. കോലിവാദും ആവശ്യപ്പെട്ടിരുന്നു.