ബെംഗളൂരു: മധ്യവേനലവധിക്ക് നാട്ടില്‍ പോകാനിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസമായി കര്‍ണാടക ആര്‍.ടി.സി.യുടെ പ്രത്യേക സര്‍വീസുകള്‍. ഈസ്റ്റര്‍-വിഷു അവധിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക സര്‍വീസുകള്‍ കൂടാതെ മധ്യവേനലവധി പരിഗണിച്ച് കൂടുതല്‍ പ്രത്യേക ബസുകള്‍ കര്‍ണാടക ആര്‍.ടി.സി. പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ മധ്യവേനലവധി തീരുന്നതു വരെയാണ് കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.

കേരളത്തില്‍ വടകരയിലേക്ക് രാജഹംസ ബസ്സാണ് സര്‍വീസ് നടത്തുന്നത്. ശാന്തിനഗറില്‍ നിന്ന് രാത്രി 7.30നും സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ നിന്ന് 8.30നും പുറപ്പെടും. കെങ്കേരിയില്‍ 8.50നും രാജരാജേശ്വരിനഗറില്‍ 10.40നും എത്തും. പിറ്റേദിവസം രാവിലെ വടകരയിലെത്തുന്ന ബസ് തിരിച്ച് രാത്രി എട്ടിന് വടകരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടും. 480 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ ബസ്സിന്റെ ബുക്കിങ് ആരംഭിച്ചു. ഇതുകൂടാതെ മൈസൂരുവില്‍ നിന്ന് എറണാകുളം, തൃശ്ശൂര്‍, മാനന്തവാടി എന്നിവിടങ്ങളിലേക്കും സര്‍വീസുകളുണ്ടാകും. ഈ ബസ്സുകളിലെ റിസര്‍വേഷന്‍ അടുത്തയാഴ്ച ആരംഭിക്കും. മധ്യവേനലവധിക്ക് നാട്ടില്‍ പോകുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമായിരിക്കുകയാണ് കര്‍ണാടക ആര്‍.ടി.സി.യുടെ പുതിയ പ്രഖ്യാപനം. ഈസ്റ്റര്‍-വിഷു അവധിയോടനുബന്ധിച്ച് കര്‍ണാടകം നേരത്തേ 19 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.

മധ്യവേനലവധിയോടനുബന്ധിച്ച് ബെംഗളൂരുവില്‍നിന്ന് ഊട്ടിക്ക് ഒരു മള്‍ട്ടി ആക്‌സില്‍ സര്‍വീസും, കടപ്പയിലേക്ക് രണ്ട് വോള്‍വൊ സര്‍വീസും, തിരുപ്പതിക്ക് രണ്ട് എക്‌സ്​പ്രസ് ബസ് സര്‍വീസും, കാഞ്ചിപുരത്തേക്ക് ഒരു കൊറോണ സര്‍വീസും, പനജിയിലേക്ക് സ്ലീപ്പര്‍ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സി. കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.