ബെംഗളൂരു: കര്‍ണാടകത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സിദാതാക്കളായ ഒല, ഉബര്‍ എന്നിവയ്ക്ക് ഭീഷണിയായി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ സ്വന്തമായി 'ആപ്പ്' രൂപവത്കരിക്കുന്നു. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹായത്തോടെയാണ് ഒരു മാസത്തോളമായി സമരത്തിലുള്ള ഡ്രൈവേഴ്‌സ് യൂണിയന്‍ സ്വന്തമായി 'ആപ്പി'ന് രൂപംനല്‍കുന്നത്. ഒരുമാസത്തിനുള്ളില്‍ ഇതു പുറത്തിറക്കുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തന്‍വീര്‍ പാഷ പറഞ്ഞു. പുതിയ ഓണ്‍ലൈന്‍ കമ്പനി ആരംഭിക്കുന്നതിന് ജനതാദള്‍-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പരമാവധി വരുമാനം ഉറപ്പാക്കുന്നതരത്തിലായിരിക്കും പുതിയ 'ആപ്പി'ന്റെ പ്രവര്‍ത്തനം.

സമരത്തിന് പിന്തുണയറിയിച്ച് എച്ച്.ഡി. കുമാരസ്വാമി എത്തിയതോടെയാണ് യൂണിയന്‍ അംഗങ്ങള്‍ക്കിടയില്‍ പുതിയ 'ആപ്പ്' എന്ന ആശയം ഉടലെടുത്തത്. ടാക്‌സി ഡ്രൈവേഴ്‌സ് ആന്‍ഡ് ഓണേഴ്‌സിന് സ്വന്തമായി 'ആപ്പ്' തുടങ്ങാനുള്ള നീക്കത്തിന് വിവിധ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കളും പിന്തുണയറിയിച്ചു.

പുതിയ ആപ്പ് തുടങ്ങുന്നതോടെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ തീരുമെന്നും കാബ് മാനേജ്‌മെന്റുകളുടെ ചൂഷണത്തിനിരയാകുന്നത് ഒഴിവാക്കാനാകുമെന്നും തന്‍വീര്‍ പാഷ പറഞ്ഞു. ആപ്പ് രൂപവത്കരിക്കാനുള്ള എല്ലാ സാമ്പത്തികസഹായവും കുമാരസ്വാമിയാണ് നല്‍കുന്നതെന്നും ആപ്പ് രൂപവത്കരിക്കാന്‍ അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നുമായി ഇരുപതോളം കമ്പനികള്‍ സന്നദ്ധതയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒല, ഉബര്‍ കമ്പനികളില്‍ ജോലിചെയ്യുന്ന ഒരുലക്ഷത്തിനടുത്ത് ഡ്രൈവര്‍മാരാണ് കഴിഞ്ഞമാസം സമരം ആരംഭിച്ചത്. കമ്മിഷന്‍ കുറയ്ക്കണമെന്നും കിലോമീറ്റര്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു സമരം. നിരാഹാരസമരവും ആരംഭിച്ചിരുന്നെങ്കിലും പല ഡ്രൈവര്‍മാരും സമരത്തില്‍നിന്ന് പിന്മാറിയിരുന്നു. ഇതിനിടെയാണ് സമരത്തില്‍ ഉറച്ചുനില്‍ക്കുന്ന ഡ്രൈവര്‍മാര്‍ സ്വന്തം ആപ്പ് രൂപവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയത്. ബെംഗളൂരുവില്‍ ഒല, ഉബര്‍ എന്നിവയിലായി ഒരുലക്ഷം കാറുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ 15,000 കാറുകള്‍ കമ്പനികള്‍തന്നെ ഡ്രൈവര്‍മാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നതാണ്. ബാക്കി ടാക്‌സികള്‍ ഡ്രൈവര്‍മാരുടെ സ്വന്തമാണ്.