ബെംഗളൂരു: ബാഹുബലി തടയരുതെന്ന അപേക്ഷയുമായി സംവിധായകന്‍ എസ്.എസ്. രാജമൗലി. ഒരു നടന്‍ പണ്ടെന്നോ നടത്തിയ ഒരു പ്രതികരണത്തിന്റെ പേരില്‍ ജനങ്ങള്‍ കാത്തിരിക്കുന്ന തന്റെ സിനിമയെ തടയരുത് എന്നാണ് സംവിധായകന്റെ അപേക്ഷ.

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഒന്‍പത് വര്‍ഷം മുന്‍പ് സത്യരാജ് കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ബാഹുബലിയുടെ രണ്ടാം ഭാഗം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് കന്നഡ അനുകൂല സംഘടനകളുടെ ഭീഷണി. കര്‍ണാടക ഫിലിം ചേംബേഴ്‌സ് ഇതിനു പിന്തുണ നല്‍കിയതോടെ പ്രശ്‌നം രൂക്ഷമായി. ഇതിനെത്തുടര്‍ന്നാണ് അപേക്ഷയുമായി സംവിധായകന്‍ തന്നെ നേരിട്ടു വന്നത്.

അതേസമയം, സത്യരാജ് പ്രസ്താവന പിന്‍വലിച്ചു മാപ്പു പറഞ്ഞാല്‍ മാത്രമേ പ്രശ്‌നം തീരുകയുള്ളൂവെന്ന നിലപാടിലാണ് കന്നഡ അനുകൂല സംഘടനകള്‍. ബാഹുബലിയുടെ രണ്ടാം ഭാഗം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ ചിത്രത്തിന്റെ റിലീസ് തിയതിയായ 28-ന് ബെംഗളൂരു നഗരത്തില്‍ ബന്ദ് നടത്തുമെന്നാണു സംഘടനകളുടെ തീരുമാനം. അന്നേ ദിവസം ടൗണ്‍ ഹാള്‍ മുതല്‍ ഫ്രീഡം പാര്‍ക്ക് വരെ പ്രതിഷേധറാലി നടത്തുമെന്നും കന്നട വട്ടാല്‍പക്ഷ നേതാവ് വട്ടാല്‍ നാഗരാജ് പറഞ്ഞു.

ട്വിറ്ററില്‍ പോസ്റ്റുചെയ്ത വീഡിയോയിലൂടെയായിരുന്നു രാജമൗലിയുടെ അപേക്ഷ. സത്യരാജ് സര്‍ ചിത്രത്തിന്റെ നിര്‍മാതാവോ സംവിധായകനോ അല്ല. സിനിമയില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹം. നേരത്തേ തീരുമാനിച്ച പോലെ സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു നഷ്ടവുമില്ല. അദ്ദേഹം നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സിനിമയെ ആക്രമിക്കുന്നത് അന്യായമാണ്.

ഈ വിഷയം ഞാന്‍ സത്യരാജ് സാറുമായി ചര്‍ച്ച ചെയ്തിരുന്നു. വിഷയത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. അതിനുള്ള അധികാരവുമില്ല. ഈ വിവാദത്തിലേക്ക് സിനിമയെ വലിച്ചിഴയ്ക്കരുത് എന്നു മാത്രമാണ് എന്റെ അപേക്ഷ - വീഡിയോ സന്ദേശത്തില്‍ രാജമൗലി പറഞ്ഞു. ഈ മാസം 28-നാണ് ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്.

ബാഹുബലി രണ്ടാംഭാഗം ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട തിയറ്റര്‍ ഉടമകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും കന്നഡ രക്ഷണെ വേദികെ ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നറിയിപ്പുനല്‍കി. മുന്നറിയിപ്പ് ലംഘിച്ച് പ്രദര്‍ശനം നടത്തുന്ന തിയേറ്ററുകള്‍ ജനങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും അറിയിച്ചു.