മൈസൂരു: ദസറ കായികമേളയുടെ ഉദ്ഘാടനത്തില്‍ ബാഡ്മിന്റണ്‍ താരം അശ്വനി പൊന്നപ്പ, പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ ദീപ മാലിക് എന്നിവര്‍ പങ്കെടുക്കും. റിയോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, പി.വി. സിന്ധു എന്നിവര്‍ പങ്കെടുക്കില്ലെന്നു അറിയിച്ചതോടെയാണ് പുതിയ ഉദ്ഘാടകരെ ജില്ലാ ഭരണകൂടം കണ്ടെത്തിയത്.

അശ്വിനി പൊന്നപ്പ, ദീപ മാലിക് എന്നിവര്‍ ഉദ്ഘാനത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതായി ഡെപ്യൂട്ടി കമ്മിഷണര്‍ ഡി. രണ്‍ദീപ് പറഞ്ഞു. മറ്റു പ്രധാനപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനുള്ളതിനാല്‍ ദസറയ്‌ക്കെത്താന്‍ സാധിക്കില്ലെന്നു സാക്ഷി മാലിക്, പി.വി. സിന്ധു എന്നിവര്‍ അറിയിച്ചിരുന്നതായി ഡി.സി. വ്യക്തമാക്കി.

ചാമുണ്ഡിവിഹാര്‍ മൈതാനിയില്‍ ഒക്ടോബര്‍ ഒന്നിനു വൈകീട്ടു നാലിന് ഉദ്ഘാടനം. ഇതിനു മുന്നോടിയായി രാവിലെ 11.40-ന് ചാമുണ്ഡിമലയില്‍ നടക്കുന്ന ദീപശിഖാ പ്രയാണത്തിനു അശ്വിനി തിരിതെളിക്കും. വൈകീട്ടു മൂന്നരയോടെ ദീപശിഖ ഉദ്ഘാടനവേദിയിലെത്തും. ഒക്ടോബര്‍ രണ്ടിനു ചാമുണ്ഡിവിഹാര്‍ മൈതാനിയില്‍നിന്നുമാരംഭിക്കുന്ന അര്‍ധമാരത്തണ്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജവഗല്‍ ശ്രീനാഥ് ഉദ്ഘാടനംചെയ്യും.

കാവേരി പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കായികമേളയിലെ അഞ്ചുമത്സരങ്ങള്‍ റദ്ദാക്കിയതായി ദസറ കമ്മിറ്റി അറിയിച്ചു. കബഡി, ബാഡ്മിന്റണ്‍, ഖോ-ഖോ, കരാട്ടേ, പഞ്ചഗുസ്തി എന്നിവയാണ് റദ്ദാക്കിയത്.

പ്രമോദ ദേവിയുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

മൈസൂരു: ദസറ ഒരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, എച്ച്.എസ്. മഹാദേവപ്രസാദ് എന്നിവര്‍ രാജമാതാവ് പ്രമോദാദേവിയുമായി മൈസൂരു കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. ദൊഡക്കരൈ മൈതാനത്തിന്റെ പേരില്‍ നടക്കുന്ന പ്രശ്‌നംകാരണം ജില്ലാ ഭരണകൂടം കൊട്ടാരത്തിലെത്തി ഔദ്യോഗികമായ ക്ഷണം നടത്താത്തതിനാല്‍ കൊട്ടാരത്തില്‍ നടക്കുന്ന പരിപാടികളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ കൂടിക്കാഴ്ചക്കെത്തിയത്.

ദസറയുടെ നടത്തിപ്പില്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കാമെന്നു പ്രമോദാദേവി അറിയിച്ചതായി മന്ത്രി മഹാദേവപ്പ പറഞ്ഞു. കൊട്ടാരത്തില്‍ ഉച്ചയ്ക്കു നടക്കുന്ന വിജയയാത്ര ചടങ്ങിനുശേഷം 4.30-ഓടെ മാത്രമേ ജംബുസവാരിക്കായി സുവര്‍ണസിംഹാസനം കൈമാറുയെന്നാണ് രാജകുടുംബം ആദ്യം തീരുമാനിച്ചത്. എന്നാല്‍ ചര്‍ച്ചയ്ക്കുശേഷം ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന സമയത്ത് സിംഹാസനം കൈമാറാമെന്നു പ്രമോദാദേവി സമ്മതിച്ചതായി അദ്ദേഹം വ്യക്തമാക്കി.