ബെംഗളൂരു: നഗരത്തില്‍ സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സുരക്ഷയെ കരുതി വനിതാജീവനക്കാര്‍ ഓഫീസില്‍ പോകാന്‍ കൂടുതലും ഉപയോഗിക്കുന്നത് കമ്പനി വാഹനങ്ങള്‍. ബെംഗളൂരുവിലെ ഐ.ടി., ബാങ്കിങ് രംഗത്ത് ജോലിചെയ്യുന്ന വനിതകളാണ് കമ്പനിവാഹനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത്. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളായ ഡല്‍ഹി, പുണെ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ കമ്പനി വാഹനങ്ങള്‍ ഉപയോഗിക്കുന്ന വനിതകളെക്കാള്‍ കൂടുതലാണ് ബെംഗളൂരുവില്‍. ചെന്നൈയിലും മുംബൈയിലുമാണ് കൂടുതല്‍ വനിതകള്‍ കമ്പനിവാഹനം ഉപയോഗിക്കുന്നത്.

ബെംഗളൂരുവിലെ വനിതാ ജീവനക്കാരില്‍ പകുതിയിലധികം പേരും കമ്പനിവാഹനത്തിലാണ് വീട്ടില്‍നിന്ന് ഓഫീസില്‍ പോവുകയും വരികയും ചെയ്യുന്നത്. രാത്രി വൈകിയും ജോലിചെയ്യുന്ന സ്ത്രീകളാണ് കമ്പനിവാഹനത്തെ ആശ്രയിക്കുന്നത്. ചില കമ്പനികള്‍ വനിതാ ജീവനക്കാരുടെ സുരക്ഷയ്ക്കായി വാഹനങ്ങളില്‍ സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കാറുണ്ട്. വാഹനത്തില്‍ സുരക്ഷയ്ക്ക് ഭീഷണിയായി എന്തെങ്കിലും സംഭവിച്ചാല്‍ വനിതായാത്രക്കാര്‍ക്കായി പാനിക് ബട്ടണുകളും സ്ഥാപിച്ചിട്ടുണ്ട്. ബട്ടണ്‍ ഞെക്കിയാല്‍ ഉടന്‍ തന്നെ ജി.പി.എസ്. വഴി വിവരം ഓഫീസിലെത്തുകയും വാഹനം ട്രാക്ക് ചെയ്യാന്‍ സാധിക്കുകയും ചെയ്യുമെന്ന് നഗരത്തിലെ സ്വകാര്യ കമ്പനി അധികൃതര്‍ പറഞ്ഞു.

മറ്റുവാഹനങ്ങളിലെ യാത്ര സുരക്ഷിതമല്ലെന്ന തിരിച്ചറിവാണ് കമ്പനിവാഹനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സികളിലും മറ്റു ടാക്‌സികളിലും തനിച്ച് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കുനേരേ പലതവണ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. തീവണ്ടികളിലും റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും സ്ത്രീയാത്രക്കാര്‍ക്കുനേരേ മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ബെംഗളൂരുവില്‍ രാത്രി പത്തിനുശേഷം ബി.എം.ടി.സി. സര്‍വീസ് കുറവായതിനാല്‍ വനിതായാത്രക്കാര്‍ കമ്പനിവാഹനങ്ങളെ ആശ്രയിക്കുകയാണ്. രാത്രി സ്വകാര്യ ടാക്‌സികള്‍ ലഭ്യമാണെങ്കിലും സുരക്ഷയെക്കരുതി പലരും ഉപയോഗിക്കാറില്ല. ബി.എം.ടി.സി. സര്‍വീസുകള്‍ രാത്രി വൈകിയും തുടര്‍ന്നാല്‍ ഗുണംചെയ്യുമെന്ന് വനിതാ യാത്രക്കാര്‍ പറഞ്ഞു.