ബെംഗളൂരു: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടിലിനൊപ്പം സാഹിത്യ പ്രവര്‍ത്തനം നടത്തിയതിന്റെ ഓര്‍മകളിലാണ് നഗരത്തിലെ എഴുത്തുകാരിയായ കെ. കവിത. നഗരത്തില്‍ നടന്ന പല സാഹിത്യവേദികളിലും കക്കട്ടിലിനോടൊപ്പം കവിതയുമുണ്ടായിരുന്നു. നഗരത്തിലെത്തുമ്പോള്‍ വീട്ടിലെത്താന്‍ അക്ബര്‍ കക്കട്ടില്‍ സമയം കണ്ടെത്തിയിരുന്നുവെന്ന് കവിത പറഞ്ഞു. തൃശ്ശൂരില്‍ വെച്ച് 30 വര്‍ഷം മുമ്പ് അങ്കണം സാഹിത്യവേദിയില്‍ വെച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നീടത് ഉത്തമ സൗഹൃദമായി.
 
പത്ത് വര്‍ഷം മുമ്പ് മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനെത്തിയപ്പോള്‍ നാല് ദിവസം വീട്ടില്‍ താമസിച്ചിരുന്നു. നാലുദിവസും ചര്‍ച്ച സാഹിത്യത്തെക്കുറിച്ചായിരുന്നു. പുകവലിക്കുന്നത് കണ്ട് വഴക്കും പറയുമായിരുന്നു-' കവിത പറഞ്ഞു.

കേരള സാഹിത്യ അക്കാദമി നഗരത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ വെച്ചാണ് അവസാനമായി കണ്ടത്. ഏറെ സംസാരിക്കാനുണ്ടെന്നും വീട്ടില്‍ വരുമെന്നും പറഞ്ഞാണ് അന്ന് യാത്ര പറഞ്ഞത്. അക്ബര്‍ കക്കട്ടിലിന്റെ ഓരോ വരിയിലും നര്‍മവും ചിന്തയും ഉണ്ടാകുമായിരുന്നു. ഒരു സഹോദരന്‍ നഷ്ടപ്പെട്ടതിന്റെ വേദനയാണ് അനുഭവപ്പെടുന്നത്' അവര്‍ പറഞ്ഞു.