മൈസൂരു: ദേശീയപാത 766-ലെ ബന്ദിപ്പുര്‍ വന്യജീവിസങ്കേതത്തില്‍ ഏര്‍പ്പെടുത്തിയ രാത്രിയാത്രാനിരോധനം നീക്കുന്നത് വൈകും. കര്‍ണാടക ഹൈക്കോടതിയുത്തരവില്‍ മാറ്റംവരുത്താന്‍ സുപ്രീംകോടതി ഈയിടെ വിസമ്മതിച്ച സാഹചര്യത്തിലാണിത്.

രാത്രിയാത്രാനിരോധനം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ കേരളത്തിനുവേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം നവീനമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമെന്ന് കോടതിയെ അറിയിച്ചിരുന്നു. പദ്ധതികള്‍ തയ്യാറാക്കാന്‍ അദ്ദേഹം കേരളത്തോട് ആവശ്യപ്പെടുകയുംചെയ്തു. ഈ സാഹചര്യത്തില്‍, സുല്‍ത്താന്‍ബത്തേരി ആസ്ഥാനമായ നീലഗിരി വയനാട് എന്‍.എച്ച്. ആന്‍ഡ് റെയില്‍വേ കര്‍മസമിതി വനത്തില്‍ ജൈവപാലങ്ങളും ചെറിയ മേല്‍പ്പാലങ്ങളും നിര്‍മിക്കാമെന്ന നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള ഈ രീതിയാണ് പ്രായോഗിക പരിഹാരമെന്ന് കര്‍മസമിതി പറയുന്നു.

ബന്ദിപ്പുര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു വന്യജീവിസങ്കേതങ്ങളിലാണ് കര്‍ണാടക സര്‍ക്കാര്‍ രാത്രിയാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. ബന്ദിപ്പുര്‍ വന്യജീവിസങ്കേതത്തിലെ ദേശീയപാതയിലൂടെ 45 സെക്കന്‍ഡില്‍ ശരാശരി ഒരുവാഹനംവീതം കടന്നുപോകുന്നതിനാല്‍ മൃഗങ്ങള്‍ക്ക് പാത മുറിച്ചുകടക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാനപ്രശ്‌നമായി ഉയര്‍ത്തിയത്. കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും രാത്രിയാത്രാനിരോധനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യത്തെ എല്ലാ പ്രധാന വന്യജീവിസങ്കേതങ്ങളിലെ റോഡുകളിലും രാത്രിയാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

വന്യമൃഗങ്ങള്‍ വാഹനങ്ങളിടിച്ച് ചാകുന്നത് വര്‍ധിച്ചതോടെ 2009 ജൂണിലാണ് ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. രാഷ്ട്രീയസമ്മര്‍ദത്തെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചു. പിന്നീട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയെത്തുടര്‍ന്ന് 2010 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി നിരോധനം വീണ്ടും ഏര്‍പ്പെടുത്താന്‍ ഉത്തരവിടുകയായിരുന്നു.