ദുബായ്: പ്ലാസ്റ്റിക് പുനഃസംസ്‌കരണത്തിന് നല്‍കി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള പദ്ധതിയുമായി ബീഹ. ഷാര്‍ജ കേന്ദ്രമായുള്ള മാലിന്യനിര്‍മാര്‍ജന കമ്പനിയായ ബീഹയുടെ റിവേഴ്സ് വെന്‍ഡിങ് മെഷീനുകളില്‍ ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരിലെ ഭാഗ്യവാന്മാര്‍ക്കാണ് സമ്മാനങ്ങള്‍ നേടാനാവുക.

കമ്പനിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേന അക്കൗണ്ട് തുറന്നതിനുശേഷം ദുബായിലും ഷാര്‍ജയിലുമായുള്ള റിവേഴ്സ് വെന്‍ഡിങ് മെഷീനുകളില്‍ ഏതിലെങ്കിലുമാണ് മാലിന്യം നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക്കുകള്‍, കാനുകള്‍ തുടങ്ങിയവ ഇത്തരത്തില്‍ നിക്ഷേപിക്കാനാകും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന മുറയ്ക്ക് സ്വീകരിച്ചുവെന്നതിന്റെ സൂചനയായി കോഡ് ലഭിക്കും. ഈ കോഡ് മുഖേനയാണ് പ്രതിമാസ നറുക്കെടുപ്പില്‍ പങ്കാളിയാവുക. ഏപ്രിലിലെ നറുക്കെടുപ്പില്‍ പങ്കാളിയാകുന്നവര്‍ക്ക് മാലിദ്വീപിലേക്കുള്ള യാത്രയും മറ്റു നിരവധി സമ്മാനങ്ങളും ലഭിക്കും.

മാര്‍ച്ചിലെ നറുക്കെടുപ്പില്‍ സഹീന്‍ എം.ഡി. ജലാല്‍ പാരീസ് യാത്രയ്ക്കുള്ള അവസരം സ്വന്തമാക്കി. രണ്ടുപേര്‍ക്ക് സൗജന്യമായി യാത്രപോകാനാകും. ഐ ഫോണ്‍, നെസ്​പ്രസോ മെഷീന്‍, ബുര്‍ജ് ഖലീഫ 'അറ്റ് ദ ടോപ്പി'ലേക്കുള്ള ടിക്കറ്റ് തുടങ്ങിയവയും സമ്മാനമായി വിതരണം ചെയ്തു. ഷാര്‍ജ അമേരിക്കന്‍ യൂണിവേഴ്സിറ്റി, ദിബ്ബ അല്‍ ഹിസന്‍ മുനിസിപ്പാലിറ്റി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് മറീന മാള്‍, ഷാര്‍ജ അല്‍ മജാസ് എന്നിവിടങ്ങളിലാണ് നിലവില്‍ റിവേഴ്സ് വെന്‍ഡിങ് മെഷീനുകളുള്ളത്. ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലും ഷാര്‍ജ അല്‍ ഖസബയിലും വൈകാതെ മെഷീനുകള്‍ സ്ഥാപിക്കുമെന്ന് ബീഹ അധികൃതര്‍ അറിയിച്ചു.