ദുബായ്: യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൊടും തണുപ്പ് തുടരുന്നു. റാസല്‍ഖൈമയില്‍ ഉയരംകൂടിയ മലമ്പ്രദേശങ്ങളില്‍ ശനിയാഴ്ചയും മഞ്ഞുവീഴ്ചയുണ്ടായി.
ചെറിയ തോതില്‍ മഴയും കോടമഞ്ഞും അനുഭവപ്പെട്ടു. ജബലുല്‍ ജെയ്സില്‍ രാവിലെ എട്ടിന് താപനില മൈനസ് ഒന്ന് ആണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നുദിവസവമായി രാജ്യം ശൈത്യത്തില്‍ അമര്‍ന്ന അവസ്ഥയിലാണ്. ശനിയാഴ്ച രാവിലെ പലയിടങ്ങളിലും തണുപ്പിന്റെ കാഠിന്യം അല്‍പം കുറഞ്ഞിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും കൂടി. പകല്‍സമയത്ത് പോലും പുറത്തിറങ്ങി നടക്കുന്നത് ദുഷ്‌കരമായ അവസ്ഥയായിരുന്നു. പാര്‍ക്കുകളും ബീച്ചുകളും അടക്കമുള്ള തുറസ്സായ ഇടങ്ങള്‍ ഏതാണ്ട് ശൂന്യമായിതന്നെ കിടന്നു. കടല്‍തിരകള്‍ 14 അടിവരെ ഉയര്‍ന്നു. പലയിടങ്ങളിലും പൊടിക്കാറ്റും അനുഭവപ്പെട്ടു.
റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, ദുബായ്, അബുദാബി, അല്‍ ഐന്‍ തുടങ്ങിയയിടങ്ങളിലെല്ലാം കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നെങ്കിലും ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്.
വൈകിട്ടോടെ അന്തരീക്ഷം കൂടുതല്‍ മേഘാവൃതമായി. സെയ്ഹ് അസ്സലാമിലാണ് യു.എ.ഇ.യിലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.15-ന് 22.3 ഡിഗ്രി സെല്‍ഷ്യസ്.
മഞ്ഞുവീഴ്ച കാണാന്‍ ശനിയാഴ്ചയും ജബലുല്‍ ജെയ്സ് ലക്ഷ്യമിട്ട് സഞ്ചാരികളെത്തി. എങ്കിലും പാതിയില്‍വെച്ച് അധികൃതര്‍ വാഹനങ്ങള്‍ തടഞ്ഞു. താഴെ നിരകളില്‍ നിന്നുള്ള മഞ്ഞുകാഴ്ചകള്‍ ചിത്രങ്ങളായും വീഡിയോയായും പകര്‍ത്തി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പാത അടച്ചതുകാരണം താഴ്വരയില്‍ വാഹനങ്ങളുടെ വന്‍നിര തന്നെ രൂപപ്പെട്ടു.
ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വെബ്സൈറ്റിലും ജബലുല്‍ ജെയ്സിലെ മഞ്ഞുപെയ്യുന്ന ദൃശ്യങ്ങള്‍ കാണാനാകും.
എമിറേറ്റിലെ മറ്റു പല മലമ്പാതകളും അധികൃതര്‍ ഭാഗികമായി അടച്ചിരുന്നു.
മൂടല്‍ മഞ്ഞ് കാരണം മലയോരപ്രദേശങ്ങളായ അല്‍ ഗെയില്‍, ഷാം, ഖോര്‍ഖോര്‍ എന്നിവിടങ്ങളില്‍ ഏറെനേരം വാഹനഗതാഗതം ദുസ്സഹമായ അവസ്ഥയായിരുന്നു. രാവിലെയും രാത്രിയിലും കനത്ത മൂടല്‍മഞ്ഞു തുടരാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കണമെന്നും റാക് പോലീസ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയര്‍ അബ്ദുള്ള ഖമീസ് അല്‍ ഹദീദി മുന്നറിയിപ്പ് നല്‍കി.
ഒമാനിലും യു.എ.ഇ.യിലും കഴിഞ്ഞദിവസവും കടല്‍ പ്രക്ഷുബ്ധമായിരുന്നു.
കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് നിലവിലുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. ഞായറാഴ്ചയോടെ അന്തരീക്ഷം സാധാരണ അവസ്ഥയിലേക്ക് വന്നുതുടങ്ങുമെന്നാണ് പ്രതീക്ഷ.