ദോഹ: സ്തനാര്‍ബുദ മരണനിരക്ക് കുറയ്ക്കാന്‍ നേരത്തെയുള്ള പരിശോധനയെ പ്രോത്സാഹിപ്പിക്കണമെന്ന് ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാല.
സ്തനാര്‍ബുദത്തിന്റെ പരിശോധനയും രോഗം നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യവും സംബന്ധിച്ച ബോധവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കിടയിലെ പ്രധാന രോഗമായി സത്നാര്‍ബുദം മാറിക്കഴിഞ്ഞു. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെ ആവശ്യമായ ചികിത്സ തേടാനും രോഗവിമുക്തിക്കുള്ള സാധ്യത വര്‍ധിപ്പിക്കാനും കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലയുടെ അവിസെന്ന ജേര്‍ണലിലാണ് പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2014 ല്‍ രാജ്യത്തെ മരണത്തില്‍ 18 ശതമാനവും അര്‍ബുദം നിമിത്തമാണ്. അര്‍ബുദം ബാധിച്ച സ്ത്രീകളില്‍ 31 ശതമാനവും സ്തനാര്‍ബുദമാണ്. സ്തനാര്‍ബുദത്തിന്റെ പോയ വര്‍ഷത്തെ കണക്കുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം നേരത്തെ രോഗം തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണവും നിര്‍ദേശിക്കുന്നു.
മാര്‍ച്ച് 2011 മുതല്‍ ജൂലായ് 2011 വരെ 1,063 അറബിക് വനിതകളില്‍ നടത്തിയ സര്‍വേ പ്രകാരം സര്‍വേയില്‍ പങ്കെടുത്ത 90.7 ശതമാനം സ്ത്രീകളും സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവതികളാണ്. ഖത്തറി വനിതകള്‍ക്കിടയിലും അറബിക് സംസാരിക്കുന്ന പ്രവാസി വനിതകളിലുമാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 7.6 ശതമാനവും സ്തനാര്‍ബുദ പരിശോധനയില്‍ അടിസ്ഥാന അറിവ് മാത്രമുള്ളവരാണ്. 28.9 ശതമാനം സ്തനാര്‍ബുദം സ്വയം പരിശോധിക്കുന്നതിനെക്കുറിച്ച് (ബി.എസ്.ഇ) ബോധ്യമുള്ളവരാണ്. 26.9 ശതമാനം മാമോഗ്രഫിയെക്കുറിച്ച് അറിവുള്ളവരാണ്.
സ്തനാര്‍ബുദത്തെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലായ്മ സ്തനാര്‍ബുദ പരിശോധനയും സ്വയം പരിശോധന നടത്തുന്നവരുടേയും എണ്ണം കുറക്കും. സ്തനാര്‍ബുദ പരിശോധന, വിദ്യാഭ്യാസം, സ്തനാര്‍ബുദത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ലഭ്യത, സ്വയം പരിശോധന, മാമോഗ്രഫി ഇവയെല്ലാം സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയമാകുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നും പഠനം വെളിപ്പെടുത്തുന്നു.
2011- ല്‍ തുടക്കമിട്ട അഞ്ച് വര്‍ഷത്തെ ദേശീയ അര്‍ബുദ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെയാണ് ബോധവത്കരണം ശക്തമായത്. സ്തനാര്‍ബുദം പരിശോധിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. 2016-ല്‍ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിച്ച അര്‍ബുദ പരിശോധന കാമ്പയിനിലൂടെ രോഗം നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണത്തിലൂടെ സ്തനാര്‍ബുദം പരിശോധിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.