ദുബായ്: സ്മാര്‍ട്ട് ദുബായ്-2021 പദ്ധതിയുടെയും പദ്ധതിക്ക് കീഴിലുള്ള ദുബായ് പള്‍സ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും ഉദ്ഘാടനം കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. ഡിസൈന്‍ ഡിസ്ട്രിക്ടില്‍ 'ഫ്യൂച്ചര്‍ നൗ' പ്രദര്‍ശന മേളയിലാണ് ഉദ്ഘാടനങ്ങള്‍ നടന്നത്. 2021 ആകുന്നതോടെ ദുബായിയിലെ ഗവണ്‍മെന്റ് സേവനങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കുമെന്ന് ശൈഖ് ഹംദാന്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.

ഇടപാടുകള്‍ പൂര്‍ണമായും ദുബായ് പള്‍സ് വഴി ഓണ്‍ലൈന്‍ ആക്കുന്നതിലൂടെയാണ് കടലാസ് രഹിത സേവനമേഖല യാഥാര്‍ഥ്യമാവുക. സ്മാര്‍ട്ട് ദുബായ്-2021 പദ്ധതിക്ക് കീഴില്‍ വരുന്ന 1,129 സ്മാര്‍ട്ട് സേവനങ്ങളും 137 സ്മാര്‍ട്ട് പദ്ധതികളും പള്‍സ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനില്‍ ലഭ്യമാക്കും. ഗതാഗത പിഴയടയ്ക്കല്‍, ഗവണ്‍മെന്റുമായുള്ള ഇടപാടുകള്‍ക്കുള്ള അപേക്ഷാ ഫോറം, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയടക്കം പൊതു-സ്വകാര്യ മേഖലകളിലുള്ള ഒട്ടുമിക്ക സേവനങ്ങളും ഇത്തരത്തില്‍ വീട്ടിലിരുന്ന് ചെയ്യാനാകും.
 
ആയിരത്തില്‍പ്പരം സേവനങ്ങള്‍ക്കായി ആയിരക്കണക്കിന് ആളുകള്‍ക്ക് യാത്ര ഒഴിവാക്കാനാകുമെന്നതും പദ്ധതിയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. നാല് വര്‍ഷത്തിനിടയ്ക്ക് എട്ട് കോടി കാര്‍ യാത്രകള്‍ ദുബായിയില്‍ ഒഴിവാക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.