LATEST NEWS

Loading...

Custom Search
+ -

ലോക മലയാളി മേള ആഗസ്ത് 10 ന്‌

Posted on: 04 Aug 2012

 

ഇടുക്കി: പ്രവാസി മലയാളി കുടുംബങ്ങളെ വരവേല്‍ക്കാന്‍ കുട്ടിക്കാനം അണിഞ്ഞൊരുങ്ങുന്നു. ലോക മലയാളി കൗണ്‍സില്‍ ഒരുക്കുന്ന പ്രവാസികുടുംബ മേള ആഗസ്ത് 10, 11, 12 തീയതികളില്‍ ഇടുക്കിയുടെ മലഞ്ചെരിവുകളെ ആഘോഷമയമാക്കും. ഏറെ വ്യത്യസ്തമായ അവധി ദിനങ്ങള്‍ ലോക മലയാളികള്‍ക്കായി അണിയിച്ചൊരുക്കുകയാണ് 'എന്‍ ആര്‍ കെ സംഗമം 12'. കേരളത്തിനു പുറത്ത് ദീര്‍ഘകാലം താമസിക്കുകയോ ഹ്രസ്വകാല യാത്രകള്‍ നടത്തുകയോ ചെയ്ത കുടുംബങ്ങള്‍ക്ക് ഈ വിനോദകേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന് സൗഹൃദം പങ്കിടാം.

കേരളത്തിന് പുറത്ത് തങ്ങളുടെ ജീവിതം കെട്ടിപ്പടുത്ത മലയാളി കുടുംബങ്ങളുടെ സംഗമം എന്നതിന് പുറമേ കേരളത്തിന്റെ പ്രകൃതിയെയും സംസ്‌കാരത്തെയും അറിയാന്‍ പുതുതലമുറക്ക് കിട്ടുന്ന ഒരവസരം കൂടിയാണ് ഇത്. ലോക പൈതൃകപ്പട്ടികയിലേക്കുയര്‍ത്തപ്പെട്ട പശ്ചിമഘട്ട മലനിരകളില്‍, തേയിലത്തോട്ടങ്ങളുടെയും ഹില്‍ സ്‌റ്റേഷനുകളുടെയും മനോഹാര്യതയിലേക്ക് നടന്നിറങ്ങാനായി മൂന്നു പകലുകളും രണ്ട് രാത്രികളും. വ്യത്യസ്തങ്ങളായ വിനോദങ്ങള്‍ക്കൊപ്പം സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക പ്രമുഖരുടെ സാന്നിധ്യവും മേളയെ ആകര്‍ഷകമാക്കുന്നു.

കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫും കുടുംബവും നയിക്കുന്ന ഗാനമേള, പ്രശസ്ത സിനിമാ നടന്‍ മുകേഷ് പങ്കെടുക്കുന്ന നര്‍മ്മസല്ലാപം, നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ (സൂഫി പറഞ്ഞ കഥ, ഇവന്‍ മേഘരൂപന്‍), തമ്പി ആന്റണി തുടങ്ങിയവര്‍ സന്നിഹിതരാവുന്ന ചിറ്റ് ചാറ്റ് എന്നിവയ്ക്ക് പുറമേ, മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പങ്കെടുക്കുന്ന ചര്‍ച്ച (കേരളത്തിലെ വിദ്യാഭ്യാസം: പ്രതിസന്ധികള്‍ പരിഹാരങ്ങള്‍), ജോസ് പനച്ചിപ്പുറവും (മലയാള മനോരമ) ജോണ്‍ ബ്രിട്ടാസും (ഏഷ്യാനെറ്റ്) ടി. ആര്‍ അജയനും (കൈരളി ടിവി) ഒത്തുചേരുന്ന സംവാദം (മാധ്യമങ്ങളുടെ വിശ്വാസ്യത), കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസുമായുള്ള ചോദ്യോത്തരവേള എന്നിവയും ഉണ്ടായിരിക്കും. ചെറുതും വലുതുമായ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനും അഭിപ്രായങ്ങള്‍ ആരായാനും പങ്കാളികളെ കണ്ടെത്താനും കൂടി ഇവിടെ അവസരമുണ്ടായിരിക്കും

കുട്ടിക്കാനത്തെ തേയിലത്തോട്ടങ്ങളിലൂടെയും വാഗമണ്ണിലെ മൊട്ടക്കുന്നുകളിലൂടെയുമുള്ള വിനോദയാത്ര ഈ കുടുംബമേളയുടെ പ്രത്യേകതയായിരിക്കും. പ്രായഭേദമന്യേ അതിഥികള്‍ക്ക് ആര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന സെഷനുകള്‍ 'എന്‍ആര്‍ കെ സംഗമം 12'ലുണ്ട്.

പാചകത്തിലെ പൊടിക്കൈകള്‍ സ്വായത്തമാക്കാനും പകര്‍ന്നു കൊടുക്കാനും പരീക്ഷിക്കാനും 'റെസിപ്പീസ്', സൗന്ദര്യ സംരക്ഷണത്തിന് 'ബ്യൂട്ടീഷ്യന്‍', മെഹന്തി സ്‌നേഹികള്‍ക്കായി 'മെഹന്തി ഡിസൈനിംഗ്', എന്നിവയ്ക്ക് പുറമേ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന കലാ-കായിക മത്സരങ്ങള്‍, ക്വിസ് മുതല്‍ നാരങ്ങാ സ്പൂണ്‍ വരെ. കേരളത്തിന്റെ തനതു മത്സരങ്ങളും, മലയാളി രുചികളില്‍ തുടങ്ങി പുത്തന്‍ തലമുറ ബര്‍ഗര്‍, പിസ്സ വരെ വിളമ്പുന്ന ഫുഡ്‌കോര്‍ട്ടും ആരെയും രസിപ്പിക്കുന്നതായിരിക്കും.

കുട്ടിക്കാനം മരിയന്‍ കോളേജിലെ 'സൗഹൃദ പന്തലി'ലും ചുറ്റുവട്ടത്തെ റിസോര്‍ട്ടുകളിലും ഒരുക്കുന്ന 'എന്‍ ആര്‍ കെ സംഗമം 12' ഏതു തരം കുടുംബത്തിനും പങ്കെടുക്കാവുന്ന വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും നിറക്കൂട്ടാണ്. തലമുറകളുടെ സംഗമം എന്നതിലുപരി, സ്വദേശി- വിദേശി സൗഹൃദങ്ങളുടെ തുടര്‍ച്ചയും പകര്‍ച്ചയും കൂടിയാണിത്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 150 കുടുംബങ്ങള്‍ക്കാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:


വെബ്‌സൈറ്റ്: ww.nrkfest.com
ഫോണ്‍: 8547340159
ഇമെയില്‍: nrkfest@gmail.com.

വാര്‍ത്ത അയച്ചത്: ജോണ്‍ കടവില്‍
(0%) (0 Votes)

 

 

Other News in this Section