LATEST NEWS

Loading...

Custom Search
+ -

ഹോളിവുഡിലേക്ക് മെലാനി

Posted on: 18 May 2012

 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷോട്ടോകാന്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ കൊച്ചുമിടുക്കി. ജൂനിയര്‍ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അമേരിക്കന്‍ ടീമംഗം. സ്‌കൂളിന്റെ ചിയര്‍ലീഡേഴ്‌സ് ടീമിനെ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് നയിച്ച ഡാന്‍സര്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഉന്നതമാര്‍ക്കോടെ ബിരുദം. കാമ്പസ് സെലക്ഷനില്‍ ബഹുരാഷ്ട്ര സ്ഥാപനമായ മെക്കിന്‍സിയില്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവായി ജോലി. ആരും കൊതിക്കുന്ന കരിയറാണ് മെലാനി കണ്ണൂക്കടയെന്ന അമേരിക്കന്‍ മലയാളി സുന്ദരിയുടേത്. എന്നാല്‍, അതൊന്നും മെലാനിയെ മാത്രം ആകര്‍ഷിച്ചില്ലെന്നുമാത്രം.
സ്‌കൂള്‍ കാലം മുതല്‍ക്കെ, മോഡലിങ്ങിലും മറ്റും ശ്രദ്ധവെച്ചിരുന്ന മെലാനിക്ക് സെലിബ്രിറ്റി ലോകത്തൊരു ഇടമായിരുന്നു ലക്ഷ്യം. 2007-ലെ മിസ് ഇന്ത്യ അമേരിക്കയില്‍ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ, മെലാനി കണ്ണൂക്കട ശ്രദ്ധാകേന്ദ്രമായി മാറി. തന്റെ ജോലി രാജിവെച്ച് പൂര്‍ണമായും ഫാഷന്‍, സിനിമാ ലോകത്തേക്കുതിരിഞ്ഞ മെലാനി 2010-ല്‍ ഹൗ ടൂ മേക്ക് ഇറ്റ് ഇന്‍ അമേരിക്ക എന്ന ടി.വി.പരമ്പരയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവെച്ചു.
മെയ് 18ന് റിലീസ് ചെയ്യുന്ന ബോളിവുഡ്-ഹോളിവുഡ് സംരംഭമായ ലവ്, ലൈസ് ആന്‍ഡ് സീത എന്ന സിനിമയിലെ നായികയാണ് മെലാനി. അമേരിക്കന്‍ ദമ്പതിമാര്‍ ദത്തെടുക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടി സീത മക്കിന്‍സിയായി വേഷമിടുന്ന മെലാനി, ബോളിവുഡ് അടക്കമുള്ള സ്വപ്നലോകത്തേക്കുള്ള പ്രവേശനമായി ഈ സിനിമ മാറുമെന്ന പ്രതീക്ഷയിലാണ്.
സുരേഷ് കണ്ണൂക്കടയുടെയും സുജാതയുടെയും മകളായി 1984 ഫിബ്രവരി 28-ന് ഇല്ലിനോയിയില്‍ ജനിച്ച മെലാനി ഒട്ടേറെത്തവണ ഇന്ത്യയിലെത്തിയിട്ടുണ്ട്. കേരളത്തിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പലതവണ എത്തിയിട്ടുള്ള മെലാനി, സാമൂഹ്യപ്രവര്‍ത്തകയെന്ന നിലയ്ക്കും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിരുന്നു. ജാര്‍ഖണ്ഡിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സൗകര്യങ്ങളുള്ള ആസ്പത്രി നിര്‍മിക്കാനുദ്ദേശിക്കുന്ന ഹോസ്പിറ്റല്‍ ഫോര്‍ ഹോപ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക കൂടിയാണ് മെലാനി.
അമേരിക്കയിലെ തിരക്കേറിയ മോഡലുകളില്‍ ഒരാളാണ് മെലാനി. 2008-ല്‍ ഡെസി ക്ലബ് സ്വിം സ്യൂട്ട് എഡിഷന്റെ കവര്‍ മോഡലായി. 2010-ല്‍ അനോഖി മാഗസിന്‍ അവരുടെ സെക്‌സി ആന്‍ഡ് സക്‌സസ്ഫുള്‍ പതിപ്പില്‍ മെലാനിയെ ഉള്‍പ്പെടുത്തി. അമേരിക്കയില്‍ ആഗോള ബ്രാന്‍ഡുകളുടെ മോഡലാകുന്ന ഇന്ത്യന്‍ വംശജയെന്ന ഖ്യാതിയും മെലാനിക്കുണ്ട്. നെസ്‌കഫേ, വെരിസോണ്‍, ഗ്ലാമര്‍ മാഗസില്‍, പി.ആന്‍ഡ്.ജി., ഹെര്‍ബല്‍ എസന്‍സസ്, ബെയര്‍ കോസ്മറ്റിക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ മോഡലായും മെലാനി തിളങ്ങി. ലവ് ലൈസ് ആന്‍ഡ് സീത റിലീസാകുന്നതോടെ, സിനിമാലോകത്തുനിന്നും അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മെലാനി.
2010-ല്‍ തുടങ്ങിയ അഭിനയ ജീവിതത്തിനിടെ സെക്‌സ് ആന്‍ഡ് ദ സിറ്റിയുടെ രണ്ടാം ഭാഗത്തില്‍ വിമാന ജോലിക്കാരിയുടെ ചെറുവേഷം അഭിനയിച്ചതാണ് മെലാനിയുടെ ഹോളിവുഡ് പരിചയം. സഫിയാസ് സ്റ്റോറി, ബൈസിക്കിള്‍ ബ്രൈഡ്, സണ്‍ ഓഫ് മോണിങ് എന്നീ ഹ്രസ്വ സിനിമാകളിലും വേഷമിട്ടു.
(0%) (0 Votes)

 

 

Other News in this Section