LATEST NEWS

Loading...

Custom Search
+ -

കണ്ണടയ്ക്കുമ്പോള്‍ ചില ഗന്ധര്‍വ്വന്മാര്‍..

ഓര്‍ത്തുനോക്കുമ്പോള്‍ 14

Posted on: 18 Mar 2011

 

മനസ്സിനെ ഒരുമാത്രകൊണ്ട് ഏഴുകടലുകള്‍ക്ക് മീതേ പറത്താനും ഏതു താഴ്‌വരകളിലൂടെയും നടത്താനും കഴിയുന്നതാര്‍ക്ക്? പണ്ട് എന്ന വാക്കിലേക്കുള്ള അകലമത്രയും തുടച്ചുകളയുന്ന ഒരു തുണ്ട്. ഒന്നു കണ്ണടച്ചാല്‍ വള്ളിനിക്കറില്‍നിന്ന് ദാവണിയിലേക്കും ഉപ്പുള്ള കണ്ണീരില്‍നിന്ന് മധുരിക്കുന്ന മന്ദഹാസത്തിലേക്കും വളര്‍ത്തുന്ന മാന്ത്രികന്‍. പേരുകൊണ്ടുപോലും ഗന്ധര്‍വ്വനെ ഓര്‍മ്മിപ്പിക്കുന്നു അത്. പൂവിനേയും പുടവയേയും ഉമ്മകളേയും ഉത്സവങ്ങളേയും ചേര്‍ത്തുപിടിച്ച വിരലുകളേയും ചിരിച്ചു ചതിച്ച മുഖങ്ങളേയും മുന്നിലെത്തിക്കുവാന്‍ നിമിഷാര്‍ധം പോലും വേണ്ടാത്ത ഗഗനചാരി. ഗന്ധം എന്ന വാക്കുകേള്‍ക്കുമ്പോള്‍ നാം അനുഭവിക്കുന്നത് എന്തൊക്കെയാണ്?

മനുഷ്യനെപ്പോലെയാണ് മണങ്ങളും. നല്ലതെന്നും ചീത്തയെന്നും അവ എളുപ്പത്തില്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ചിലത് ഹൃദയത്തിലേക്കായിരിക്കും തുളച്ചുകയറിയിട്ടുണ്ടാകുക. ഇടയ്ക്കിടയ്ക്ക് പുറത്തെടുത്ത് വാസനിക്കാന്‍ തോന്നിപ്പിക്കുന്നവ. വെറുക്കപ്പെട്ടവയാകും ചില ഗന്ധങ്ങള്‍. ഒരിക്കലും ഓര്‍ക്കരുതേയെന്ന് ആഗ്രഹിച്ചാലും തികട്ടിവന്ന് നോവിക്കുമത്.

കണ്ണിനും കാതിനും ഒരേയൊരു ധര്‍മ്മം മാത്രം നിര്‍വ്വഹിക്കാനുള്ളപ്പോള്‍ മൂക്കിനുമാത്രം രണ്ടുണ്ട് ജോലികള്‍. അതില്‍ മനുഷ്യന്‍ജീവിക്കുന്നു. മണങ്ങള്‍ ഒളിപാര്‍ക്കുന്നു. മൂക്കെപ്പോഴും ഗുഹാമുഖങ്ങളെയാണ് ഓര്‍മ്മിപ്പിക്കുക. മാനിന്റെ സൗമ്യതയ്ക്കും കടുവയുടെ ക്രൗര്യത്തിനും ഒരേപോലെ പതിയിരിക്കാനാകുന്ന പാര്‍പ്പിടം. അതുകൊണ്ടായിരിക്കാം അത് വാസനകളുടെ വാസസ്ഥലമായത്.
ഒരിക്കലും വിവരിക്കപ്പെടാത്ത ഒരു ഗന്ധത്തില്‍ നനഞ്ഞാണ് മനുഷ്യന്‍ പിറക്കുന്നത്. ആയുസ്സില്‍ പത്തുമാസം മാത്രം അനുഭവിക്കാനാകുന്ന അനിര്‍വ്വചനീത. അതാണ് ആദ്യഗന്ധവും. പക്ഷേ ഒരു പൂവിന്റെ മന്ദസ്മിതത്തിലെന്നോണം കിടന്നുറങ്ങിയ ആ നാളുകള്‍ക്കെന്തു മണമായിരുന്നെന്നു പറയാന്‍ ഇന്നും ഭാഷയതപൂര്‍ണ്ണം. ഗര്‍ഭപാത്രത്തിന്റെ ഗന്ധമെന്താണ്? അന്ന് ആ രാത്രിയില്‍ കിടക്കയില്‍ വീണുകിടന്ന മുല്ലപ്പൂക്കളുടേത്..? ആകൃതിക്കിണങ്ങും മട്ടില്‍ കിളിച്ചുണ്ടന്‍മാങ്ങയുടെ.. ഇതൊന്നുമല്ലെങ്കില്‍ പലതരം ലേഹ്യങ്ങളും ച്യവനപ്രാശങ്ങളും നിറഞ്ഞ ആയുര്‍വേദവൈദ്യശാലയുടേതാണോ? ആര്‍ക്കുമറിയില്ല. അമ്മപോലും അപ്പോഴൊരു കസ്തൂരിമാന്‍. ഉദരത്തിലൂറുന്ന ഉന്മാദത്തെ തിരിച്ചറിയാതെ പോകുന്നവള്‍. അമ്മയുടെ ഗന്ധമെന്തായിരുന്നുവെന്നറിയുന്നത് കാലമേറെക്കഴിഞ്ഞ് സ്വന്തം കുഞ്ഞിനെ ചുണ്ടോടുചേര്‍ക്കുമ്പോഴാണ്. പണ്ട് നീ കുടിച്ചുവറ്റിച്ചത് പാലാഴികളല്ലായിരുന്നുവെന്നും അതിനുപിന്നില്‍ ചോരകിനിയുന്നൊരു ഹൃദയമുണ്ടായിരുന്നെന്നും ആ പാല്‍മണം പറഞ്ഞുതന്നു. എപ്പോഴും വൈകിമാത്രം തിരിച്ചറിയപ്പെടുന്ന വാസനയാണ് അമ്മ.

ഗന്ധങ്ങളുടെ ഒന്നാംപാഠം കേരളപാഠാവലിയില്‍ തുടങ്ങുന്നു. അന്ന് പ്ലേസ്‌കൂളുകളുടെ പ്ലാസ്റ്റിക്മണം പരന്നുതുടങ്ങിയിട്ടില്ല. പുതിയൊരു സ്വര്‍ഗ്ഗത്തിലേക്ക് മുഖംപൂഴ്ത്തിയ അനുഭവമായിരുന്നു ഒന്നാംക്ലാസ്സിലെ പാഠപുസ്തകം ആദ്യമായി തുറന്നപ്പോള്‍. അമ്മയില്‍ തുടങ്ങിയ പുതുമണം ആനയിലൂടെയും ഐരാവതത്തിലൂടെയും തുമ്പിയാട്ടി. കലത്തിലും ഭരണിയിലും തിളച്ചുതൂവി. ആദ്യമായി കേള്‍ക്കുന്ന 'ഝഷം' എന്ന വാക്കിനുപോലുമുണ്ടായിരുന്നു മീനുളുമ്പിനു പകരം വല്ലാത്ത ഹൃദ്യത. അതുകൊണ്ട് കേരളപാഠാവലി പിന്നെയുംപിന്നെയും ചുംബനങ്ങളില്‍ നനഞ്ഞു.

കളിക്കാനായി സ്‌കൂളില്‍പോയിരുന്നവരുടെ പുസ്തകങ്ങളും കുപ്പായങ്ങളും ഒരുമിച്ച് മുഷിഞ്ഞു. ആദ്യത്തെ സ്‌നേഹമൊക്കെ പോയപ്പോള്‍ പുസ്തകം തൊടാന്‍പോലും മടിയായി. അപ്പോഴതിനെ ആരോ പപ്പടക്കെട്ടെന്നു വിളിച്ചു. അതിനെ ശരിവച്ചുകൊണ്ട് പുസ്തകത്തില്‍ പൊടിമണം തങ്ങിനിന്നു. ഉച്ച അന്നൊക്കെ കഞ്ഞിയായി മണം പരത്തി. ഈര്‍ക്കിലുകള്‍പോലെ മെലിഞ്ഞുനിന്ന ഓലപ്പുരയില്‍ നിന്നത് പുകയൊടൊപ്പം കടന്നുവന്നു. അപ്പോള്‍ വിശപ്പിന്റെ കൂട്ടമണിയടിച്ചു. അതുകേട്ട് സ്‌കൂളിനടുത്ത് വീടുള്ള ഭാഗ്യവാന്മാര്‍ അസ്ത്രവേഗത്തില്‍ പാഞ്ഞു. കുമ്പിളുപോലെ മനസ്സുകുത്തി കാത്തിരുന്നവരുടെ പാത്രങ്ങളിലേക്ക് കഞ്ഞിയൊഴുകി.

കൗമാരം കുൡപ്പടവുകളിലാണ് മണം പിടിച്ചത്. അവിടെനിന്നുയര്‍ന്ന ഗന്ധത്തിനുപോലും ഒരു പെണ്ണിന്റെ പേരായിരുന്നു-ചന്ദ്രിക. മറ്റൊന്ന് മഞ്ഞനിറമുള്ള മാന്ത്രിക സംഖ്യയാണ്-501. ഈ രണ്ടുസോപ്പുകളിലാണ് ഒരുകാലം കേരളം കുളിച്ചതും നനച്ചതും. അവയുടെ ജുഗല്‍ബന്ദി കടവുകളില്‍ നിന്നുയര്‍ന്നപ്പോള്‍ പൊന്തകള്‍ക്കുപിന്നിലും മരങ്ങളുടെ മറവിലും പുതുങ്ങിയ ആസ്വാദകരുടെ കണ്ണും മൂക്കും ഒരുമിച്ചുവിടര്‍ന്നു. അടുത്ത ജന്മത്തില്‍ ആ സോപ്പെങ്കിലുമായെങ്കില്‍ എന്ന് നിശ്വസിച്ചു. പേരറിയാത്ത വികാരങ്ങളെ പെരുവിരലില്‍ നിര്‍ത്തിയ ഏരിതീയിലേക്ക് പലതരം എണ്ണകള്‍ നീന്തി വന്നു. മണങ്ങള്‍ മദിപ്പിക്കുന്നതുകൂടിയാണെന്ന് അന്നറിഞ്ഞു.
പെണ്‍തൂവാലകളായിരുന്നു പരിമളങ്ങളുടെ പകര്‍ത്തിയെഴുത്തുകാര്‍. ഉടമയ്ക്കുമാത്രം വാസനിക്കാന്‍ അവകാശമുള്ള ഉദ്യാനമാണത്. നൂലുകളില്‍ വിരിഞ്ഞ പൂക്കളും കിളികളുമുണ്ടായിരുന്നതില്‍. ആര്‍ക്കും മുമ്പില്‍ ചുരുള്‍ നിവരാത്ത മനസ്സുപോലെ അവ പഞ്ഞിക്കൈകളില്‍ ചുരുങ്ങിയൊതുങ്ങി. ചുംബനങ്ങള്‍ക്കെന്താണ് ഗന്ധമെന്ന രഹസ്യമറിയാവുന്നത് തൂവാലകള്‍ക്ക് മാത്രമായിരുന്നു. പൊതിച്ചോറിന്റെ കൊതിപ്പൂക്കള്‍ വിടര്‍ന്ന കോളേജ്മധ്യാഹ്നങ്ങളില്‍ അവയില്‍ ചിലത് ബഞ്ചുകള്‍ക്കുതാഴെ വീണുകിടന്നു. കൈകഴുകിയെത്തിയപ്പോള്‍ എടുത്തുകൊടുത്തവര്‍ക്ക് ചിലപ്പോഴൊരു ചിരി പകരം കിട്ടി. അല്ലെങ്കില്‍ കനിവ് അല്‍പ്പം പോലുമില്ലാത്ത കണ്ണേറ്. എന്തായാലും തിരിഞ്ഞുനടക്കുമ്പോള്‍ വിരലുകളില്‍ ആ ഗന്ധം ഇറവെള്ളംപോലെ ഇറ്റുനിന്നു. കൈവെള്ളയില്‍ സൂക്ഷിച്ച തൂവാലകള്‍ ഒരിക്കല്‍മാത്രമാണ് പെണ്‍കുട്ടികള്‍ വച്ചുനീട്ടിയത്. ഏറ്റുവാങ്ങേണ്ടവന്റെ കണ്ണുകളപ്പോള്‍ കവിഞ്ഞൊഴുകുകയായിരുന്നു.

ജീവിതം യാത്രയാണെങ്കില്‍ ഗന്ധങ്ങള്‍ കാറ്റിനൊപ്പം കൂട്ടുവരുന്ന വഴിയോരസൂചകങ്ങള്‍ കൂടിയാണ്. കടന്നുപോകുന്ന സ്ഥലത്തേയും കഴിഞ്ഞുപോയ കാലത്തേയും പറ്റി അത് പറഞ്ഞുതരുന്നു. 47ാം നമ്പര്‍ ദേശീയപാതയിലൂടെ പോകുമ്പോള്‍ മില്‍മയുടെ കാലിത്തീറ്റഫാക്ടറിയില്‍ നിന്നുള്ള തവിടുമണം പത്മാക്ഷിക്കവലയായി എന്ന് അറിയിക്കുന്നതുപോലെ തന്നെയാണ് ഒരു കണ്ണിമാങ്ങയുടെ ചുന ഏതൊക്കയോ മധ്യവേനലവധികളെ മനസ്സിലെത്തിക്കുന്നതും. റോഡുകളില്‍ മൂക്കുകൊണ്ട് അളക്കാവുന്ന മൈല്‍ക്കുറ്റികളാണ് മണങ്ങള്‍. പണ്ട് എറണാകുളത്തേക്കും തിരിച്ചുമുള്ള യാത്രകളില്‍ എരമല്ലൂര്‍ എത്രയും വേഗമായെങ്കില്‍ എന്നാണ് കൊതിച്ചത്. അവിടെയെത്തിയാല്‍ ബിസ്‌ക്കറ്റിന്റെ കൂറ്റന്‍കൂടുപൊട്ടിയഅനുഭവമായിരുന്നു. ബസ് നിര്‍ത്തുമ്പോള്‍ പാതയോരത്തെ പ്രിയബിസ്‌ക്കറ്റ് ഫാക്ടറിയില്‍നിന്നുള്ള പ്രലോഭനം ജാലകങ്ങളിലൂടെ അകത്തേക്ക് കയറി. ഡബിള്‍ബെല്ലിനുമുമ്പുള്ള നിമിഷനേരംകൊണ്ട് മൂക്കില്‍നിന്ന് നാക്കിലേക്കൊരു കപ്പല്‍ച്ചാല്‍ രൂപപ്പെട്ടു. അന്നത്തെ ബിസ്‌ക്കറ്റുകളില്‍ ഏറ്റവും മിടുക്കിയായിരുന്നു പ്രിയ. ഓരോ തവണയും അതിന്റെ കൂടുകയ്യില്‍ കിട്ടുമ്പോള്‍ മനസ്സ് എരമല്ലൂരിലെത്തി. കാലം ആ ബിസ്‌ക്കറ്റ് ഫാക്ടറിയെ കറുമുറാ കടിച്ചുതിന്നു. പക്ഷേ ഇന്നും ബസ് സ്‌റ്റോപ്പിലെത്തുമ്പോള്‍ ശ്വാസക്കാറ്റിലുണ്ടെന്ന് തോന്നിപ്പോകും,പ്രിയയുടെ ഗന്ധം. ഇങ്ങനെ കേരളത്തില്‍ എത്രയെത്ര വഴിയരികുകള്‍. ഏതുറക്കത്തില്‍ നിന്നും യാത്രികനെ തട്ടിവിളിക്കുന്ന അടയാളക്കൈകള്‍. പാലകളും മാവുകളുമായിരുന്നു ചിലയിടങ്ങളിലെ ചൂണ്ടുപലകകള്‍. പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സമയങ്ങളില്‍ അവ ഗന്ധമാദനങ്ങളാകും.

എല്ലാ ദിവസവും സൂര്യനൊപ്പം മാറിക്കൊണ്ടിരുന്നു മലയാളിയുടെ സൗരഭ്യങ്ങള്‍. നേരം പുലര്‍ന്നത് കാച്ചിയ എണ്ണതേച്ചായിരുന്നു. പട്ടുപാവാടയിട്ട ചിലര്‍ നടന്നുപോയപ്പോള്‍ പാടവരമ്പുകള്‍ക്ക് ചന്ദനത്തിന്റെ ഗന്ധമായി. ചായക്കടകളിലെ ചില്ലലമാരകളിലേക്കപ്പോള്‍ ആവിപറത്തിക്കൊണ്ട് പുട്ടുകള്‍ പെറ്റുവീണു. അവയുടെ വെണ്മയില്‍ തേങ്ങാക്കൊത്തിട്ട് വറുത്തരച്ച കടലയുടെ മസാല പൊട്ടുകുത്തി. കവലയിലേക്ക് ആദ്യത്തെ ബസ് വന്നുനിന്നപ്പോള്‍ അരികിലത്തെ സീറ്റില്‍ നിന്നൊരു പിച്ചിപ്പൂമാല അകത്തേക്ക് വരൂവെന്ന് ക്ഷണിച്ചു. ഒരു സൈക്കിള്‍ കൂവിപ്പാഞ്ഞപ്പോള്‍ ഇടവഴികളിലെ മീന്‍മണത്തിനുപിന്നാലെ അടുക്കളകളില്‍ നിന്ന് ചട്ടിയുമായി പെണ്‍പൂച്ചകള്‍ ഇറങ്ങിവന്നു. നട്ടുച്ചയ്ക്ക് നാട്ടുവഴിയിലൂടെ നടന്നാലറിയാം ഓരോ വീട്ടിലേയും ഊണുമേശയിലേക്ക് എന്തൊരുങ്ങുന്നുവെന്ന്. കടുകുവറക്കുന്നതിന്റെ ഗന്ധം ഏതു തോരനാണെന്ന് പറയാമോ എന്ന് വെല്ലുവിളിച്ചു. അവിയേലിലേക്ക് ആസ്വാദ്യതയുടെ അവസാനചേരുവയായി വെളിച്ചെണ്ണ പതിയെ ഒഴുകിപ്പരക്കുന്നതും പപ്പടം കാച്ചുന്നതുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാവുന്നവ. മത്തിയെ കുടംപുളിയിലും പച്ചമാങ്ങയിലും സ്‌നാനപ്പെടുത്തുകയും വാഴയിലയില്‍ വച്ച് പൊള്ളിച്ചെടുക്കുകയും ചെയ്തവരുടെ പുകക്കുഴലുകളില്‍ നിന്നുപൊങ്ങിയത് വിരുന്നിനുള്ള വിളിയാണ്. നാലുമണിപ്പൂക്കള്‍ പോലെ വാടി നിന്ന വൈകുന്നേരങ്ങള്‍ പാല്‍പ്പാത്രം തുറക്കുമ്പോഴുള്ള മണം കേട്ടാണ് ഉച്ചമയക്കത്തില്‍ നിന്നുണര്‍ന്നത്. സന്ധ്യകള്‍ ഭസ്മം തൊട്ടും രാത്രികള്‍ മുല്ലചൂടിയും നിന്നു,അന്ന്.

വീട്ടിലെ ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു ഇത്തരം ഗന്ധങ്ങള്‍. അപ്പൂപ്പനും അമ്മൂമ്മയും അവയെ രഹസ്യങ്ങള്‍പോലെ സൂക്ഷിച്ചു. അവരുടെ കാല്‍പ്പെട്ടികളില്‍ നിന്ന് ചിലപ്പോഴത് അത്ഭുതവിളക്കിലെ പുകപോലെ മുഴുവനായി പുറത്തേക്ക് പൊന്തി. കണ്ണുമിഴിച്ചിരുന്ന കൊച്ചുമക്കളുടെ മുന്നിലേക്ക് സെറ്റുമുണ്ടിനും മുക്കാല്‍ക്കൈയ്യന്‍ ഷര്‍ട്ടിനുമിടയില്‍ ഹമാം സോപ്പിന്റെ കവറുകളും കടലാസില്‍പൊതിഞ്ഞ നാരാങ്ങാമിഠായികളും തീപ്പെട്ടിയേക്കാള്‍ ചെറിയ ചതുരത്തിലുള്ള സെന്റുകുപ്പികളും പ്രത്യക്ഷപ്പെട്ടു. അതിലേക്ക് നോക്കി ആഞ്ഞുവലിക്കുമ്പോള്‍ നഷ്ടപ്പെട്ടുപോയ ഒരുകാലത്തെ ആത്മാവിലേക്കെടുക്കുകയായിരുന്നു അവര്‍. അപ്പൂപ്പനും അമ്മൂമ്മയും അടുത്തുവരുമ്പോള്‍ ആ മണപ്പെട്ടി തുറന്ന പോലെയായിരുന്നു. അമ്പലപ്പുഴകളഭത്തിന്റെ ഗന്ധമായിരുന്നു അമ്മമ്മയ്‌ക്കെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഓര്‍മ്മിക്കുന്നത്. സമ്മാനമായി കിട്ടിയ ലക്ഷങ്ങള്‍ വിലയുള്ള സുഗന്ധദ്രവ്യങ്ങള്‍ പോലും വസ്ത്രങ്ങള്‍ മാറുമ്പോള്‍ യാത്ര പറയുമെന്നും ഇത്രയേറെ കാലത്തിനുശേഷവും തലച്ചോര്‍ ആ കളഭഗന്ധം മാത്രം സൂക്ഷിക്കുന്നുവെന്നും പ്രിയന്‍ പറയുന്നു. അലമാരയില്‍ കര്‍പ്പൂരവും പാറ്റാഗുളികളും കൈതപ്പൂവുകളും സൂക്ഷിച്ചുവച്ചിരുന്ന ചെറിയമ്മയെപ്പറ്റി ഒരു കൂട്ടുകാരി എപ്പോഴും പറഞ്ഞിരുന്നു. അമ്മയ്ക്ക് ഒരുപാട് ഗന്ധങ്ങളുണ്ടായിരുന്നുവെന്നും അക്കൂട്ടത്തിലെ ആദ്യ ഗന്ധം പരിപ്പുവടയുടേതാണെന്നും പിന്നെ കൂര്‍ക്കമെഴുക്കുപുരട്ടിയുടേയും ഇടിച്ചക്കത്തോരന്റേയും മണമാണെന്നും പറഞ്ഞതും അതേ കൂട്ടുകാരിയായിരുന്നു. ചില സോപ്പുകള്‍ കയ്യിലെടുക്കുമ്പോള്‍ എന്തെന്നില്ലാത്ത വിഷാദം വരുന്നുവെന്നാണ് ഒരിക്കല്‍ അവള്‍ സങ്കടപ്പെട്ടത്. അച്ഛന്മാര്‍ക്ക് പലതരം തരം മണങ്ങളായിരുന്നു. ദിനേശ്ബീഡിയുടെ, മൂക്കിപ്പൊടിയുടെ, കള്ളിന്റെ, തുറന്നുവച്ച റമ്മിന്‍കുപ്പിയുടെ, വിയര്‍പ്പിലലുത്ത മിഠായികളുടെ..

കടലിനക്കരെ നിന്നു വന്നതായിരുന്നു 'ഫോറിന്‍മണം'. പ്രവാസിയുടെ ഗന്ധം. അവധിക്കുവരുന്നവര്‍ ആദ്യത്തെ പെട്ടി തുറക്കുമ്പോള്‍ അത് വീട്ടിലാകെ നിറഞ്ഞു. കുളികഴിഞ്ഞ് അവര്‍ നടക്കാനിറങ്ങുമ്പോള്‍ ചന്തയിലും ചായക്കടയിലുമായി നാട്ടിലാകെ പരന്നു. പട്ടാളക്കാര്‍ കൊണ്ടുവന്നിരുന്നത് മറ്റൊരുതരം മണമാണ്. കരിയിലകളും പച്ചയിലകളും ചേര്‍ത്തുതുന്നിയതെന്നു തോന്നിപ്പിക്കുന്ന പെട്ടിയില്‍ നിന്ന് കാടിന്റെയോ മലകളുടെയോ സ്‌നേഹമാണ് വെളിയിലേക്ക് വന്നത്. തിരികെക്കൊണ്ടുപോകാന്‍ ഇവര്‍ക്കെല്ലാം അച്ചാറുകുപ്പികള്‍ മാത്രമേയുള്ളൂ. നാടിനെ ഏറ്റവും എളുപ്പം ഓര്‍മ്മിക്കാനാകുന്നതും അതിലൂടെയാണ്. അച്ചാറുകള്‍ സ്വാദുകൊണ്ട് അച്ഛനേയും മണംകൊണ്ട് അമ്മയേയും അരികിലെത്തിക്കുന്നു.

ഇപ്പറഞ്ഞവയൊന്നും മൂക്കില്‍ നിന്ന് എളുപ്പം കൊഴിഞ്ഞുപോകില്ല. ഇനിയൊരു ഗന്ധത്തിനും നിനക്കവകാശമില്ലെന്നതിന്റെ അടയാളമായി രണ്ടു പഞ്ഞിക്കഷണങ്ങള്‍ കാലം വച്ചുനീട്ടും വരെ.
പ്രിയപ്പെട്ട വായനക്കാരാ(രീ)...ഇനി ഒരു നിമിഷം കണ്ണടയ്ക്കൂ..ആദ്യം ഓടിവരുന്നതേതു ഗന്ധം?

ശരത്കൃഷ്ണ

rsarathkrishna@gmail.com
വര: മദനന്‍
(95%) (4 Votes)

 

 

Other News in this Section