LATEST NEWS

Loading...

Custom Search
+ -

മണല്‍ മാഫിയയെ നേരിടേണ്ടത് എങ്ങനെ?

മുരളി തുമ്മാരുകുടി

Posted on: 24 Dec 2012

 


പറഞ്ഞു കേട്ട കഥയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നില്‍ മന്ത്രിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തല്ലോ. ഈ പദ്ധതിയില്‍ ഉണ്ടാക്കുന്ന വീടുകള്‍ ലാറി ബേക്കര്‍ സ്‌റ്റൈലില്‍ ഉണ്ടാക്കണമെന്ന് അന്ന് മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോന്‍ ഒരു
നിര്‍ദേശം വെച്ചത്രേ. അന്ന് ബേക്കറൊ അദ്ദേഹത്തിന്റെ വീടുകളോ അത്ര പ്രശസ്തി പ്രാപിച്ചിരുന്നില്ല. ഓരോ വില്ലേജിലും ബേക്കര്‍ വീടുകള്‍ വരുന്നതോടെ
അതിനു പ്രചാരം കിട്ടുമെന്നും അത് പണിയാനുള്ള ഒരു കൂട്ടം പണിക്കാരെ പരിശീലിപ്പിച്ച് എടുക്കാമെന്നും ആയിരുന്നത്രേ അദ്ദേഹത്തിന്റെ ചിന്ത.

എത്ര മുന്‍കൂട്ടിയുള്ള വീക്ഷണം ആയിരുന്നു എന്ന് നോക്കൂ. പക്ഷെ നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ ലക്ഷം വീടുകള്‍ ബേക്കര്‍ സ്‌റ്റൈലില്‍ അല്ല നിര്‍മ്മിച്ചത്. അതിനു കാരണം അക്കാലത്തു കേരളത്തിലെ ഗവണ്‍മെന്റ് എഞ്ചിനീയര്‍മാര്‍ ബേക്കര്‍ സ്റ്റൈലിനെ 'കോണകം ആര്‍ക്കിട്ടെക്ചര്‍' ആണെന്ന് പറഞ്ഞു എതിര്‍ത്തുവത്രെ. എഞ്ചിനീയര്‍ ലോബിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം വേണ്ട എന്ന് വച്ചു .

ഞാന്‍ ഇത് ഓര്‍ക്കാന്‍ കാരണം ഉണ്ട്. കേരളത്തില്‍ മണല്‍ മാഫിയ ഇപ്പോള്‍ എല്ലാ ദിവസവും പത്രത്തില്‍ നിറയുകയാണ്. കേരളത്തിലെ പുഴയോര ഗ്രാമങ്ങളിലെ
രാഷ്ട്രീയത്തെ മലീമസമാക്കുന്നതും പോലീസുകാരെ വണ്ടിയിടിക്കുന്നതും കലക്ടര്‍ തൊട്ടു എസ് പി വരെ ഉള്ള ഉദ്യോഗസ്ഥന്മാരെ വരെ കൊലപ്പെടുത്താന്‍ പ്ലാനിടാനും വേണ്ടി വന്നാല്‍ പ്രയോഗിക്കാനും ധൈര്യമുള്ള ഒരു പ്രസ്ഥാനമായി വളര്‍ന്നിരിക്കയാണ് മണല്‍ മാഫിയ.

പെരുമ്പാവൂരില്‍ നിന്നും ആലുവക്ക് പോകുന്ന വഴിയില്‍ എല്ലാം മണല്‍ കടത്തിന്റെ തെളിവും അവശിഷ്ടങ്ങളും കാണാം. പെരുമ്പാവൂരില്‍ നിന്നും ആലുവക്ക് പോകുന്ന വഴിയിലെ ആദ്യത്തെ പാലത്തിന്റെ നടുക്ക് ഒരു ഡസന്‍ മണല്‍ ലോറികള്‍ പിടിച്ചു ഇട്ടിട്ടു കാലങ്ങളായി, അതവിടെ കിടന്നു നശിക്കുന്നു. പോകുന്ന വഴിയില്‍ പലയിടത്തും മണല്‍ ലോറികള്‍ ലോഡ് എടുക്കാന്‍ റെഡി ആയി കിടക്കുന്നു, കൂടെ എസ്‌കോര്‍ട്ട് പോകാനുള്ള ആളുകളും.

കേരളത്തിലെ മണല്‍വാരല്‍ വ്യവസായം ഒരു സാദാ വ്യവസായത്തില്‍ നിന്നും മാഫിയ ആയി വളര്‍ന്നതിന് പല കാരണങ്ങള്‍ ഉണ്ട്. പക്ഷെ ഇതിന്റെ അടിസ്ഥാന കാരണം
മണലാണ് എന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കും, ചിലപ്പോള്‍ പുച്ഛിക്കും.

'അതാര്‍ക്കാ അറിയാന്‍ പാടില്ലാത്തത്, ഒരു വിദഗ്ദ്ധന്‍ വന്നിരിക്കുന്നു'.
'ഇതറിയാമെങ്കില്‍ പിന്നെന്താ ഇത് ഒരു മണല്‍ പ്രശ്‌നമല്ലാതെ മാഫിയ പ്രശ്‌നം ആയി സോള്‍വ് ചെയ്യാന്‍ നടക്കുന്നത്? പഞ്ചായത്തുതോറും മണല്‍ കമ്മിറ്റികളും പോലീസ് സ്‌റ്റേഷനില്‍ മണല്‍ സ്‌ക്വാഡും ഉണ്ടായിട്ടും എന്താണ് എഞ്ചിനിയറിംഗ് കോളേജില്‍ മണല്‍ റിസര്‍ച്ച് നടക്കാത്തത്?

മാഫിയകളെ ഒരു ക്രമസമാധാന പ്രശ്‌നമായി എല്ലാക്കാലവും നേരിടാന്‍ പറ്റില്ല എന്നതിന് ലോകത്ത് എമ്പാടുനിന്നും എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. സ്വര്‍ണ്ണകള്ളക്കടത്തുകാരെ അമര്‍ച്ച ചെയ്തത് ഹാജി മസ്താനെ പിടിച്ചതുകൊണ്ടല്ല. സ്വര്‍ണ്ണം ഇറക്കുമതി ലളിതമാക്കിയിട്ടാണ്. മദ്യം തൊട്ടു മയക്കുമരുന്ന്
വരെയുള്ള വിഷയങ്ങളില്‍ ഉദാഹരണങ്ങള്‍ പലതുണ്ട്.

കേരളത്തിലെ മണല്‍ മാഫിയയെ ശാസ്ത്രീയമായി നേരിടേണ്ട കാലം അതിക്രമിച്ചു. ഇത് മണലിനെപ്പറ്റി മാത്രം ഓര്‍ത്തിട്ടല്ല. മണലുപോലെ മണ്ണും,
കുടിവെള്ളവും, ഖരമാലിന്യവും കക്കൂസ് മാലിന്യവും ഒക്കെ ഓരോ മാഫിയയായിത്തീരുകയാണ്. ഇതിനെയൊക്കെ നിയമം വച്ചും പോലീസിനെ വച്ചും മാത്രം
നേരിടാന്‍ പോയാല്‍ പോലീസുകാരുടെ എണ്ണം ഇതൊന്നും പോരാ. പ്രശ്‌നങ്ങള്‍ ഒരു കാലത്തും തീരുകയും ഇല്ല.

മണല്‍ മാഫിയയുടെ പ്രശ്‌നം നേരിടേണ്ടത് മണലില്‍കൂടി ആണെന്ന് ആദ്യമേ പറഞ്ഞല്ലോ. ഇതിന് പല മാനങ്ങള്‍ ഉണ്ട്.

ഒന്നാമതായി മണലിന്റെ ആവശ്യം കുറക്കണം. കേരളത്തില്‍ മണല്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണം വ്യാപകമായിട്ട് അന്‍പതു വര്‍ഷമേ ആയിട്ടുള്ളൂ.
കോണ്‍ക്രീറ്റിന്റെ കടന്നുകയറ്റത്തോടെയാണ് മണലിന്റെ ആവശ്യം ശതഗുണീഭവിച്ചത്. പക്ഷെ ലോകത്ത് വികസിത രാജ്യങ്ങളിലെ പ്രധാന നിര്‍മ്മാണവസ്തു ഇപ്പോള്‍ കോണ്‍ക്രീറ്റ് അല്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് 'എക്കാലത്തും നിലനില്ക്കും' എന്നു തോന്നുമെങ്കിലും ബോംബെയിലെല്ലാം ഒന്നാം ജനറേഷന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പഴകി നിലം പൊത്തിത്തുടങ്ങി. അടുത്ത തലമുറക്കെട്ടിടങ്ങളില്‍ കോളവും ബീമും ഭിത്തികളും ഒന്നും കോണ്‍ക്രീറ്റും മണലും ഉപയോഗിച്ചുകൊണ്ടുള്ളതല്ല. ഇപ്പോള്‍ ലോകത്ത് ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍തന്നെ മണലിന്റെ ഉപയോഗം പകുതിയിലും താഴെ ആക്കാവുന്നതേ ഉള്ളൂ. മണലിന്റെ ആവശ്യം കുറച്ചുള്ള നിര്‍മാണ വസ്തുക്കളും വിദ്യകളും പ്രോത്സാഹിപ്പിക്കുക അതില്‍ ആളുകള്‍ക്ക് പരിശീലനം കൊടുക്കുക ഇതെല്ലം പുതിയ വിദ്യകള്‍ വരാന്‍ സഹായിക്കും.

രണ്ടാമത്തെ കാര്യം മണലിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടെ നമ്മുടെ എഞ്ചിനീയര്‍മാര്‍ സമ്പൂര്‍ണ്ണപരാജയം ആണ്. തൊള്ളായിരത്തി എണ്‍പതുകളില്‍ കേരളത്തില്‍ മെക്കാനിക്കല്‍ ക്രഷര്‍ വ്യാപകമായ സമയത്ത് ക്രഷറില്‍ നിന്നുണ്ടാകുന്ന പൊടി മണലിനു പകരം ഉപയോഗിക്കാന്‍ നമ്മുടെ എഞ്ചിനീയര്‍മാര്‍ തീരെ സമ്മതിച്ചില്ല. എന്റെ നാട്ടില്‍ മണലിന്റെ പൊടി പാറക്കുളത്തിലും പൊട്ടക്കുഴിയിലും കൊണ്ടുവന്നിടുന്നതിന് ക്രഷറു കമ്പനിക്കാര്‍ സ്ഥലമുടമയ്ക്ക് കാശ് കൊടുക്കുമായിരുന്നു. നിസാരമായ സിവില്‍ എഞ്ചിനീയറിംഗ് പരീക്ഷണത്തിലൂടെ ഏതെല്ലാം ഉപയോഗങ്ങള്‍ക്ക് പാറയുടെ പൊടി മണലിനു പകരം ഉപയോഗിക്കാമെന്ന് സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് കണ്ടുപിടിക്കാമായിരുന്നു. അതിനു പകരം പുഴമണലിനെ ആദര്‍ശവല്‍ക്കരിക്കുന്ന പാരമ്പര്യ ചിന്താഗതിയാണ്
എഞ്ചിനീയര്‍മാര്‍ നടത്തിയത്.

ഇപ്പോള്‍ പാറമണല്‍ നാട്ടുനടപ്പായി. പക്ഷെ പഴഞ്ചന്‍ ചിന്താഗതിക്ക് മാറ്റമില്ല. ഞങ്ങളുടെ നാട്ടില്‍ സുലഭമായ മട്ടിപ്പാറയില്‍ നിന്നും മണലുണ്ടാക്കുന്നതിനെതിരെ, കടലിലെ മണല്‍ ഉപയോഗിക്കുന്നതിനെതിരെ ഒക്കെ പൊതുജനങ്ങള്‍ അഭിപ്രായം പറയുമ്പോള്‍ ശാസ്ത്രീയമായി അത് പരീക്ഷിച്ച് അത് ഏതു തരത്തില്‍ അല്ലെങ്കില്‍ ഏതാവശ്യത്തിന് ഉപയോഗിക്കാമെന്ന് ഗവണ്മെന്റിനെ ധരിപ്പിക്കന്നതിനു പകരം പൊതുജനാഭിപ്രായത്തിന്റെ പുറകില്‍ പോവുകയാണ് എഞ്ചിനീയര്‍മാര്‍ ചെയ്യുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ മണലിന്റെ ആവശ്യം ഒരു പരിധിവരെ നേരിടുന്നത് പഴയ കെട്ടിടം പൊളിക്കുമ്പോള്‍ കിട്ടുന്ന അവശിഷ്ടങ്ങള്‍ പൊടിച്ചിട്ടാണ്.
കേരളത്തില്‍ ഇപ്പോഴും വെട്ടുകല്ലും മരവും ഒക്കെ തിരിച്ചെടുക്കുന്നതല്ലാതെ മണലും കോണ്‍ക്രീറ്റും തിരിച്ചെടുക്കുന്ന പണി തുടങ്ങിയിയിട്ടില്ല. ഇതെല്ലാം പലപ്പോഴും പൊട്ടക്കുഴികളിലും ലാന്റ്ഫില്ലിലും എത്തിച്ചേരുന്നു. അങ്ങനെ മണലാവശ്യത്തിന് ഉപയോഗിച്ച് മണല്‍ മാഫിയയുടെ ശക്തി കുറക്കാന്‍ കഴിവുള്ള ഒരു വസ്തു ഖരമാലിന്യ പ്രശ്‌നത്തെ ഗുരുതരമാക്കി ആ മാഫിയക്കും വളം വെയ്ക്കുന്ന ഒന്നാകുന്നു.

അവസാനമായി മണലിന്റെ വില നിശ്ചയിക്കുന്നത് കൂടുതല്‍ ശ്രദ്ധയോടെ ആകണം. ഇപ്പോള്‍ മണലിന്റെ വില, അത് വാരുന്നതിന്റെ ചെലവ്, ട്രാന്‍സ്‌പോര്‍ട്ട്
ചെയ്യുന്നതിന്റെ ചെലവ്, പഞ്ചായത്തിനു കൊടുക്കുന്ന ടാക്‌സ്, പല തലത്തിലുള്ള കൈക്കൂലി, പിന്നെ ലാഭം ഇവ ചേര്‍ത്താണ് കണ്ടുപിടിക്കുന്നത്. മണല്‍ വാരലിലൂടെ പ്രകൃതിക്കുണ്ടാകുന്ന നാശമോ മണല്‍ മാഫിയയിലൂടെ സമൂഹത്തിനുണ്ടാകുന്ന നഷ്ടമോ ഒന്നും കണക്കില്‍ ഇല്ല. മണലിന്റെ യാഥാര്‍ത്ഥ സ്‌കേര്‍സിറ്റിയും എന്‍വയോണ്‍മെന്റല്‍ കോസ്റ്റും കണക്കു കൂട്ടി മണലിനു വിലയിട്ടാല്‍ കേരളത്തില്‍ മണല്‍ വാരുന്നത് ലാഭകരമല്ലാതാകും. ലോകത്ത് മൊത്തം ക്ഷാമമുള്ള വസ്തുവൊന്നും അല്ല മണല്‍. മണലിന്റെ വില കുറെകൂടി കൂട്ടി കഴിഞ്ഞാല്‍ 'എലി പുഴ നീന്തിയും വരുമെന്നു' പറഞ്ഞപോലെ മണല്‍ പലയിടത്തു നിന്നും വരും. പക്ഷെ എലിക്ക് കൃത്യമായ ഒരു സിഗ്‌നല്‍ കൊടുക്കണം. മണല്‍ കടലില്‍ നിന്നോ കടല്‍ കടന്നോ വരികയും ചെയ്യും.

ഇതെല്ലം എഞ്ചിനീയര്‍മാര്‍ ചെയ്യേണ്ട പണി ആണ്, പോലീസുകാരുടെയോ കലക്ടറുടെയോ ഒന്നും അറിവിലോ കഴിവിലോ പെട്ടതല്ല. ഒരേ സമയത്ത് ഈ മൂന്നു
കാര്യങ്ങളും ആത്മാര്‍ത്ഥമായി ചെയ്താല്‍ സ്വര്‍ണ്ണ മാഫിയ പോയതുപോലെ മണല്‍മാഫിയയും പോകും. ഹാജി മസ്താനേക്കാളും വലിയ പുള്ളികളൊന്നും തല്കാലം
മണല്‍ മാഫിയയുടെ തലപ്പത്ത് ഇല്ല.

ഒരു സമയത്ത് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞ പദ്ധതി പോലും മാറ്റിയെടുക്കാന്‍ കഴിവുണ്ടായിരുന്ന നമ്മുടെ എഞ്ചിനിയര്‍മാര്‍ക്ക് എന്ത് പറ്റി ?

എന്റെ കഥ കഴിഞ്ഞു

ഏതാണ്ട് രണ്ടു വര്‍ഷമായി ഒരിടത്തൊരിടത്ത് എന്ന പംക്തി എഴുതിത്തുടങ്ങിയിട്ട്. വാസ്തവത്തില്‍ ഇങ്ങനെ എഴുതണമെന്ന് വിചാരിച്ചിരുന്നതല്ല. പത്താം ക്ലാസില്‍ പരീക്ഷയെഴുതിയതില്‍ പിന്നെ കത്തുകള്‍ എഴുതിയതല്ലാതെ മലയാളത്തില്‍ ഞാന്‍ ഒന്നും എഴുതിയിട്ടില്ല. വീട്ടില്‍ ഫോണ്‍ വന്നതോടെ അതും നിന്നിരുന്നു. പക്ഷെ സുരക്ഷയെപ്പറ്റി ഞാന്‍ കുറെ ലേഖനങ്ങള്‍ എഴുതുകയും, എനിക്ക് അങ്ങനെ 'സുരക്ഷാ വിദഗ്ദ്ധന്‍' എന്ന പേരു വീഴുകയും ചെയ്തപ്പോള്‍, 'ഞാന്‍ സുരക്ഷാക്കാരന്‍ ഒന്നും അല്ല, വാസ്തവത്തില്‍ ഒരു പുളുവടി വീരനാണെന്നു' സ്ഥാപിക്കാനാണ് എഴുത്ത് തുടങ്ങിയത്.

ഏതാണെങ്കിലും തുടങ്ങിയ സമയം നന്നായി. വച്ചടി വച്ചടി കയറ്റമായിരുന്നു.രണ്ടായിരം വായനക്കാരോടെ തുടങ്ങിയ ഈ പംക്തിക്ക് ഒരു ലക്ഷത്തിനു മുകളില്‍
വായനക്കാരുണ്ട്. ഫേസ്ബുക്കില്‍ നൂറ്റമ്പത് ഫ്രണ്ട്‌സ് ഉണ്ടായിരുന്നത് രണ്ടായിരത്തിനടുത്തായി. തിരുവല്ല തൊട്ട് സ്വിറ്റ്‌സര്‍ലാന്റില്‍ വരെ 'ഇതു മുരളിച്ചേട്ടനല്ലേ' എന്നു ചോദിച്ച് വായനക്കാര്‍ എന്നെ പരിചയപ്പെടാന്‍ വന്നു തുടങ്ങി. ഇതെല്ലാം എനിക്ക് അതീവ സന്തോഷം ഉണ്ടാക്കുന്നതാണ്. വായനക്കാരുടെ പ്രതികരണങ്ങള്‍ ഒരു മുറിവും ഇല്ലാതെ ഉടനുടന്‍ പ്രസിദ്ധീകരിക്കണമെന്നല്ലാതെ മറ്റൊരു പ്രതിഫലവും ഞാന്‍ മാതൃഭൂമിയില്‍ നിന്ന് ആവശ്യപ്പെട്ടില്ല, ആഗ്രഹിക്കുന്നും ഇല്ല. വരുന്ന ഓരോ കമന്റും ഞാന്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. അതാണെന്റെ ഊര്‍ജ്ജവും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം കഥകള്‍ അഞ്ചാറു ഡസന്‍ ആയി. മുപ്പത്തഞ്ച് കഥകള്‍ 'തുമ്മാരുകുടിക്കഥകള്‍' ആയി പ്രസിദ്ധീകരിച്ചു. അതിപ്പോള്‍ മാതൃഭൂമിയുടെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഉണ്ട്. രണ്ടാം വോള്യം പ്രസിദ്ധീകരണത്തിനു റെഡിയാകുന്നു. അതും താമസിയാതെ പുറത്തുവരും. പതിവുപൊങ്ങച്ചം പറഞ്ഞാല്‍ അതും ബെസ്റ്റ് സെല്ലര്‍ ആകും, എനിക്കു സംശയം ഇല്ല. പക്ഷെ, ഈ ഒരിടത്തൊരിടത്ത് ഞാന്‍ തല്ക്കാലം നിറുത്തുകയാണ്. കഥയുടെ സ്‌റ്റോക്ക് തീര്‍ന്നു പോയിട്ടൊന്നുമല്ല. തുറക്കാത്ത പെട്ടികളെപ്പോലെ അനുഭവത്തിന്റെ അനവധി കഥകള്‍ ഇപ്പോഴും മനസ്സില്‍ ഉണ്ട്. ആരോടും പറയാത്ത കൗമാരത്തിന്റെ കഥകളുടെ കൂമ്പാരം തന്നെയുണ്ട്. പിന്നെ ഞാന്‍ കാണുന്നതിലും കാണാത്തതിലും ഒക്കെ കഥയുടെ ഒരു ബീജം ഉണ്ട്. അപ്പോള്‍ കഥ കഴിഞ്ഞു പോകും എന്ന പേടിയില്ല.
ഒരിടത്തൊരിടത്ത് തല്‍ക്കാലം നിറുത്തുന്നതിന്റെ കാരണം, ഞാന്‍ മലയാളത്തില്‍ എഴുതിത്തുടങ്ങിയപ്പോള്‍ ഇംഗ്ലീഷിലെ എഴുത്തിനു സുല്ലിട്ടു. അപ്പോള്‍ അവിടുത്തെ എന്റെ വായനക്കാര്‍ക്ക്, പ്രത്യേകിച്ചും മലയാളം വായിക്കാന്‍ അറിയാത്തവര്‍ക്ക്, അല്പം പരാതിയായി. അതു കൊണ്ട് ഇനി ഒരു വര്‍ഷം 'കളി
ഒന്നു മാറ്റിക്കളിക്കാന്‍ ജഗന്നാഥന്‍ തീരുമാനിച്ചു' അത്രേയുള്ളൂ.

കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ പലഭൂഖണ്ഡങ്ങളിലായി പല ഡസന്‍ രാജ്യങ്ങളില്‍ നിന്നായി ഞാന്‍ എന്റെ ഐ ഫോണില്‍ എടുത്ത ഏഴായിരത്തിലധികം ചിത്രങ്ങള്‍ ഉണ്ട്. അവയില്‍ നിന്നും ഒരു നൂറെണ്ണം തെരഞ്ഞെടുത്ത് ചിത്രത്തിലൂടെ ഒരു കഥ പറയുന്നതായിരിക്കും രീതി. ഏറെ വൈകാതെ തന്നെ അവ നിങ്ങളെ തേടിയെത്തും.
എല്ലാ വായനക്കാര്‍ക്കും ക്രിസ്മസിന്റേയും പുതുവര്‍ഷത്തിന്റേയും ആശംസകള്‍.
(73.33%) (3 Votes)

 

 

Other News in this Section