LATEST NEWS

Loading...

Custom Search
+ -

രാജാവിറങ്ങിപ്പോയ കൊട്ടാരം

മുരളി തുമ്മാരുകുടി

Posted on: 17 Dec 2012

 

രണ്ടായിരത്തി അഞ്ചില്‍ സൗത്ത് സുഡാനിലെ റുംബെക്ക് എന്ന സ്ഥലത്തേക്ക് യാത്ര ചെയ്ത കഥ ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട് (ജോണ്‍ ഗാരങ്കും ഒരു പശുവും.) ഒരു രാജ്യത്തിന്റെ പിറവിക്ക് അടിത്തറയിടുകയായിരുന്നു അവിടെ.

റുംബെക്കിലെ ഞങ്ങളുടെ ആതിഥേയന്‍ ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ചെന്നതിന്റെ പിറ്റേന്ന് അദ്ദേഹം ഞങ്ങളെ ക്യാമ്പില്‍ വന്നു കണ്ടു.

എന്റെ കൂടെയുണ്ടായിരുന്നത് ഫിന്‍ലാന്റിലെ മുന്‍ മന്ത്രിയും പില്‍ക്കാലത്ത് അവിടുത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ പെക്ക ഹാവിസ്‌റ്റോ ആണ്. (ഇദ്ദേഹത്തിന്റെ കഥയും ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.)

ചേട്ടന്റെ കഥയെല്ലാം തീര്‍ന്നോ? ഈ പഴം പുരാണം എല്ലാം വീണ്ടും പറയാന്‍.

തോക്കില്‍ കേറി വെടി വക്കല്ലേ മക്കളേ. ഇന്നത്തെ കഥ ആതിഥേയനെപ്പറ്റി ആണ്, അതിഥിയെപ്പറ്റി അല്ല.
'ഐ ആം പെക്ക ഹാവിസ്‌റ്റോ' എന്റെ ബോസ് പരിചയപ്പെടുത്തി.
'ഐ ആം ഫെര്‍ഡിനന്‍സ് വോണ്‍ ഹാപ്‌സ്ബര്‍ഗ്' ആതിഥേയന്‍ പറഞ്ഞു.
വൗ, പെക്ക ഒന്നു ഞെട്ടിയതു ഞാന്‍ ശ്രദ്ധിച്ചു.

കോഫി അന്നന്‍ മുതല്‍ ടോണി ബ്ലെയര്‍ വരെയുള്ളവരെ ഔദ്യോഗികമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുള്ള പെക്ക ചുമ്മാ ഒരു യു.എന്‍. ഉദ്യോഗസ്ഥനെ കണ്ട് നടുങ്ങിയത് എന്താണെന്നു എനിക്കു മനസ്സിലായില്ല. ഞങ്ങളുടെ ആതിഥേയന്‍ ആകട്ടെ മട്ടിലും ഭാവത്തിലും ഒരു ജാടയും ഇല്ലാത്ത ആളും. ഞാന്‍ അദ്ദേഹത്തെ സാധാരണ പോലെ വിഷ് ചെയ്തു.

അന്നു വൈകിട്ട് ക്യാമ്പില്‍ ഡിന്നറിനിരിക്കുമ്പോള്‍ പെക്ക എന്നോടു ചോദിച്ചു.
'ഡു യു നോ ഹു ദി ഹാപ്‌സ്ബര്‍ഗ്‌സ് ആര്‍?'
'നോ' ഞാന്‍ പറഞ്ഞു.
പെക്ക പതുക്കെ ആ കഥ പറഞ്ഞു തുടങ്ങി.

ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വലുതായിരുന്ന ആസ്‌ട്രോ ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാരായിരുന്നു ഹാപ്‌സ്ബര്‍ഗ് കുടുംബം. ആസ്ട്രിയയും ഹംഗറിയും കൂടാതെ ഇപ്പോഴത്തെ ജര്‍മ്മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി അന്നുണ്ടായിരുന്ന ബൊഹീമിയ, ഗാലിസിയ, ട്രാന്‍സില്‍വാനിയ ഇവയുടെ ഒക്കെ അധികാരികളും ആയിരുന്നു
ഹാപ്‌സ്ബര്‍ഗുമാര്‍. പോരാത്തതിന് കത്തോലിക്ക സഭ ഹോളി റോമന്‍ എംപറര്‍ എന്ന സ്ഥാനം നല്കി വാഴിച്ചവരും.

ഇത്രയും ഒന്നും പോരാത്തതിന് യൂറോപ്പിലെ മറ്റുള്ള മിക്കവാറും രാജകുടുംബങ്ങളില്‍ എല്ലാം ഹാപ്‌സ്ബര്‍ഗുമാര്‍ പോയി കല്യാണം കഴിക്കുകയോ രാജകുമാരിമാരെ കല്യാണം കഴിച്ചു കൊടുക്കുകയോ ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ യുദ്ധം ചെയ്യട്ടെ നമുക്ക് കല്യാണം കഴിച്ച് കാര്യം സാധിക്കാം എന്നതായിരുന്നുവത്രെ അവരുടെ മുദ്രാവാക്യം തന്നെ. ഫ്രഞ്ച് വിപ്ലവകാലത്ത് കുപ്രസിദ്ധി നേടിയ രാജ്ഞി മേരി അന്റോണിയറ്റ് തൊട്ട് നെപ്പോളിയന്റെ ഭാര്യ വരെ ഹാപ്‌സ്ബര്‍ഗ് കുടുംബത്തില്‍ നിന്നായിരുന്നു.

ഇങ്ങനെ യൂറോപ്പു മുഴുവന്‍ ഭരിച്ചും കല്യാണം കഴിച്ചും അടക്കി വാണിരുന്ന ഹാപ്‌സ്ബര്‍ഗിലെ പയ്യന്‍ എങ്ങനെ സുഡാനിലെ കാട്ടില്‍ എത്തിപ്പറ്റി?
അവസാനം പറയുന്നതിനു മുന്‍പ് കഥയുടെ ആദ്യം പറയണമല്ലോ. ഇപ്പോഴത്തെ സ്വിറ്റ്‌സര്‍ലാന്റിലെ ഷ്‌ലോസ്ഗാസ് എന്ന സ്ഥലത്തെ പ്രഭുക്കന്മാരായിരുന്നു ഹാപ്‌സ്ബുര്‍ഗുകള്‍. അവിടെയാണ് ഹാപ്‌സ്ബര്‍ഗ് കാസില്‍ സ്ഥിതി ചെയ്യുന്നത്. സൂറിച്ചില്‍ നിന്നും ബാസലിലേക്ക് പോകുന്നതിന്റെ സൈഡിലാണെങ്കിലും അധികമാര്‍ക്കും ഈ സ്ഥലത്തെപ്പറ്റിയോ ആസ്ട്രിയന്‍ ചക്രവര്‍ത്തിമാരുമായി ഈ സ്ഥലത്തിനുള്ള ബന്ധത്തെപ്പറ്റിയോ അറിയില്ല. എ.ഡി. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ കാസില്‍ ഉണ്ടാക്കിയത്. പിന്നെ ഒരു ഇരുന്നൂറു വര്‍ഷം അവര്‍ ഇവിടെ നിന്നാണ് ചുറ്റുമുള്ള സ്ഥലങ്ങള്‍ ഭരിച്ചിരുന്നത്. അക്കാലത്ത് ഇതു പോലെയുള്ള പല പ്രഭുക്കന്മാര്‍ കൂടിയാണ് രാജാവിനെ തെരഞ്ഞെടുത്തിരുന്നത്. തെരഞ്ഞെടുക്കുന്ന ആള്‍ക്ക് പോപ്പിന്റെ അംഗീകാരവും ഹോളി റോമന്‍ എംപറര്‍ എന്ന പദവിയും കിട്ടും.

കാര്യം അടിസ്ഥാനപരമായി കയ്യൂക്കിന്റെ ബലത്തിലാണ് ആളുകള്‍ രാജാവും ചക്രവര്‍ത്തിയും ഒക്കെ ആകുന്നതെങ്കിലും അതിനു ഒരു മതത്തിന്റെ അടിസ്ഥാനമോ പിന്തുണയോ ഒക്കെ ഉണ്ടാകുന്നത് എക്കാലത്തും നല്ല കാര്യം ആണ്. ഈജിപ്തിലെ ഫറവോ മുതല്‍ നമ്മുടെ പൊന്നുതമ്പുരാക്കന്മാര്‍ വരെ എല്ലാവരും അവരുടെ രാജപദവി അരക്കിട്ടുറപ്പിക്കാന്‍ മതപ്രമാണി മാരുടെ സഹായവും അംഗീകാരവും തേടിയിരുന്നു. ചില ചക്രവര്‍ത്തിമാര്‍ മതത്തിന്റെ നേതാക്കന്മാരായി, ചില മതനേതാക്കന്മാര്‍ രാജാക്കന്മാരോ ചക്രവര്‍ത്തിമാരോ ഒക്കെ ആയി. ഫ്രഞ്ച് വിപ്ലവത്തിന് പിന്തുണയും ആയി വന്നു ഫ്രാന്‍സിലെ റോയലിസ്റ്റുകളെ എല്ലാം തുരത്തിയ നെപ്പോളിയന്‍ പോലും സ്വയം ചക്രവര്‍ത്തി ആകാന്‍ തീരുമാനിച്ചപ്പോള്‍ കിരീടം പോപ്പിന്റെ കയ്യില്‍ നിന്നാണ് ഏറ്റു വാങ്ങിയത്, കാര്യം ചുമ്മാ എടുത്തു തലയില്‍ വച്ചാല്‍ മതി, പക്ഷെ അതിനു ഒരു ബലം പോര എന്നൊരു തോന്നല്‍, പേടി മാറിക്കഴിയുമ്പോള്‍ ആളുകള്‍ തന്നെയും കുട്ടികളെയും അംഗീകരിക്കുമോ എന്ന സംശയം. മതത്തിന്റെ അഗീകാരം ആകുമ്പോള്‍ ഇയ്യാളും സന്തതി പരമ്പരകളും ചക്രവര്‍ത്തി ആയി ചുമ്മാതിരുന്നു പുട്ടടിക്കുന്നതു ദൈവത്തിന്റെ കൂടെ അംഗീകാരതോടെ ആണെന്ന് ആളുകള്‍ വിശ്വസിച്ചോളും. ഗോളാന്തര വാര്‍ത്തയിലെ കള്ളവാറ്റുകാരന്‍ സുശീലനും സ്ഥലത്തെ റൗഡി കാരക്കൂട്ടില്‍ ദാസനും പോലെ ഉള്ള ഒരു പാരസ്പര്യം ആയിട്ടാണ് മതവും രാജാക്കന്മാരും ആയുള്ള ബന്ധത്തെ ഞാന്‍ കാണുന്നത്.. കാര്യം അവര്‍ രണ്ടു പേര്‍ക്കും സ്വന്തം പണി പരസ്പരബന്ധം ഇല്ലാതെ കൊണ്ട് നടക്കാം പക്ഷെ പരസ്പരം ഒരു അഡ്ജസ്റ്റുമെന്റില്‍ നിന്നാല്‍ രണ്ടു കൂട്ടര്‍ക്കും മെച്ചം ആണ് താനും.

ആയിരത്തി ഇരുന്നൂറ്റി എഴുപത്തിയാറില്‍ ഹാപ്‌സ്ബര്‍ഗിലെ പ്രഭുവായിരുന്ന റുഡോള്‍ഫ് ഹോളി റോമന്‍ എംപററായി തെരഞ്ഞെടുക്കപ്പെട്ടു. അതിനുള്ള ഒരുക്കമായി അദ്ദേഹം ആസ്ഥാനം സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും മാറി ആസ്ട്രിയയില്‍ എത്തിച്ചിരുന്നു. അന്നുമുതല്‍ ഹാപ്‌സ്ബര്‍ഗുകള്‍ പാരമ്പര്യമായി ചക്രവര്‍ത്തിമാരായി രാജ്യഭരണം തുടങ്ങി. മുന്‍പ് പറഞ്ഞപോലെ തന്ത്രപരമായ വൈവാഹിക ബന്ധത്തിലൂടെ യൂറോപ്പിനെ മിക്കവാറും ഹാപ്‌സ്ബര്‍ഗുകള്‍ കയ്യിലാക്കി. പക്ഷെ ചുരുക്കത്തിലുള്ള കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹത്തിന്റെകൂടെ ഫലമായി ആണ്‍തലമുറ ഇല്ലാതായി. പക്ഷെ ഇവിടെയും ഹാപ്‌സ്ബര്‍ഗുമാരുടെ തന്ത്രപരമായ നീക്കം കാരണം ചാള്‍സ് ആറാമന്‍ രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകള്‍ മരിയ തെരേസ രാജ്യഭാരം ഏറ്റു. പതിനാറു കുട്ടികളുടെ അമ്മയായ മരിയ തെരേസ മക്കളെയെല്ലാം പതിവുപോലെ മറ്റു യൂറോപ്യന്‍ കൊട്ടാരങ്ങളില്‍ വിവാഹം ചെയ്തു കൊടുത്ത് അധികാരം ഉറപ്പിച്ചു.

യൂറോപ്പിന്റെ അമ്മുമ്മ എന്നാണ് യൂറോപ്യന്‍ ചരിത്രത്തില്‍ മരിയ തെരേസ അറിയപ്പെടുന്നത്.

ഇത്രയും വലിയ ചക്രവര്‍ത്തി കുടുംബവും നൂറു കണക്കിന് വര്‍ഷത്തെ ഭരണവും ആകുമ്പോള്‍ ഒരു അടിപൊളി കൊട്ടാരം ഒക്കെ വേണ്ടേ ചേട്ടാ?

പിന്നല്ലാതെ. വിയന്നയില്‍ കൊട്ടാരം ഒന്നല്ല, രണ്ടാണ്.

സ്വിറ്റ്‌സര്‍ലന്‍ഡ്ഇല്‍ നിന്നും ഓസ്ട്രിയയില്‍ വന്ന കാലത്ത് അന്നത്തെ സാഹചര്യത്തിനനുസരിച്ച് ചെറുതായി തുടങ്ങിയ ഹോഫ്‌സ് ബര്‍ഗ് കൊട്ടാരമായിരുന്നു ഹാപ്‌സ്ബര്‍ഗ്മാരുടെ ആദ്യകാല ആസ്ഥാനം. പിന്നെ കാശുണ്ടായ മുറക്ക് ഇത് പതുക്കെ പതുക്കെ വലുതാകി. പില്‍കാലത്ത് ഓരോ പുതിയ ഹാപ്‌സ്ബര്‍ഗും ചക്രവര്‍ത്തി ആകുമ്പോള്‍ കൊട്ടാരത്തിന് ഒരു കെട്ടിടം കൂടി ഉണ്ടാക്കണം എന്നത് ഒരു പതിവായി. അങ്ങനെ അറുനൂറു വര്‍ഷവും വലുതാക്കിയും കൂട്ടിച്ചേര്‍ത്തും ഇതൊരു കൂറ്റന്‍ കൊട്ടാര സമുച്ചയം തന്നെയാക്കി. നാല്പത്തിയെട്ട് ബ്ലോക്കുകളും രണ്ടായിരത്തി അറുനൂറുമുറികളും ഉണ്ട് ഈ കൊട്ടാരത്തിന്. പക്ഷെ, ആസ്ട്രിയക്കാരുടെ നല്ല കാലത്തിന് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഈ സ്ഥലമെല്ലാം സ്വന്തമാക്കി നാട്ടുകാരുടെ ചെലവില്‍ സുഖിക്കുകയല്ല. മറിച്ച് വിയന്നയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും ആകര്‍ഷണീയങ്ങളായ അനവധി മ്യൂസിയങ്ങളും എല്ലാം ഈ കൊട്ടാരസമുച്ചയത്തിലാണ്. അതാര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാം. നാട്ടുകാര്‍ക്ക് പോയി കാണാം. കുറച്ചു ഭാഗം മാത്രം ഇപ്പോഴത്തെ പ്രസിഡന്റും ഉപയോഗിക്കുന്നു.

പക്ഷെ, ഇതു കൂടാതെ ചക്രവര്‍ത്തിമാരുടെ വേനല്‍ക്കാല വസതിയും ഉണ്ട്. ഷോണ്‍ ബോണ്‍ കൊട്ടാരം എന്നാണിതിന്റെ പേര്. ഹാപ്‌സ്ബര്‍ഗ് പ്രഭു രാജാവും ചക്രവര്‍ത്തിയും ഒക്കെയായതിനു ശേഷം ഒറ്റയടിക്കുണ്ടാക്കിയതാണീ കൊട്ടാരം. അതുകൊണ്ട് തന്നെ ഇത് കൂടുതല്‍ യോജിപ്പുള്ളതും ചുറ്റും ഉദ്യാനങ്ങളും ജലധാരകളും ഒക്കെയായി പ്ലാന്‍ ചെയ്തതും ആണ്. വലുപ്പം തണുപ്പുകാല വസതിയേക്കാള്‍ അല്പം കുറവാണ്. എന്നുവച്ച് ചക്രവര്‍ത്തി കുടുംബം ഞെരുങ്ങി ഒന്നുമല്ല കേട്ടോ താമസിച്ചത്. ആയിരത്തി നാനൂറു മുറികള്‍ ഇവിടെയും ഉണ്ട്.

ഇപ്പോള്‍ വിയന്നയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം ആണ് ഈ കൊട്ടാരം.
അല്ല സാറെ, നമ്മുടെ രാജാക്കന്മാരൊക്കെ രാജ്യം ഒഴിഞ്ഞിട്ടും കൊട്ടാരം ഒന്നും വിട്ടു കൊടുത്തില്ലല്ലോ. ഈ ആസ്ട്രീയക്കാര്‍ ഇതെങ്ങനെ സാധിച്ചെടുത്തു?

ഇതു സത്യം പറഞ്ഞാല്‍ അവസാനത്തെ രാജാവിനു പറ്റിയ ഒരു കയ്യബദ്ധം ആണ്. ഒന്നാം ലോക മഹായുദ്ധത്തില്‍ തോറ്റു കഴിഞ്ഞപ്പോള്‍ ഇനി അധികകാലം രാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണം കയ്യില്‍ വച്ചിരിക്കാന്‍ പറ്റില്ലെന്നു ചാള്‍സ് ഒന്നാമന്‍ ചക്രവര്‍ത്തിക്കു മനസ്സിലായി. അതുകൊണ്ട് 'ഇനി ഞാന്‍ രാജ്യഭരണത്തില്‍ ഇടപെടുകയില്ല' എന്നൊരു കത്തും എഴുതിവച്ച് ചക്രവര്‍ത്തി കൊട്ടാരം വിട്ടു.

അതിനു കാരണം ഉണ്ട് ഒന്നാം ലോകമഹായുദ്ധം തുടങ്ങി വച്ചത് ഈ കൊട്ടാരത്തില്‍ നിന്നായിരുന്നു. ഓസ്ട്രിയയിലെ കിരീടാവകാശി ആയ രാജകുമാരനെ സെര്‍ബിയയിലെ
തെരുവില്‍ വെടിവെച്ച് കൊല്ലുന്നതില്‍ നിന്നാണ് ഒന്നാം ലോക മഹാ യുദ്ധം തുടങ്ങുന്നത്. ഉടന്‍ പണ്ട് പല കാലത്തായി ഉണ്ടാക്കിയ ഉടമ്പടികളുടെ ബലത്തില്‍ യൂറോപ്പ് ഒന്നടങ്കം യുദ്ധത്തിനിറങ്ങി. മൊത്തം ഏഴ് കോടി പട്ടാളക്കാരാണ് ഈ യുദ്ധത്തിനു ഇറങ്ങിയത്, അതില്‍ തൊണ്ണൂറു ലക്ഷം പേര്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ എടുത്ത യുദ്ധം അവസാനിച്ചപ്പോഴേക്കും യൂറോപ്പിലെ വന്‍ സാമ്രാജ്യങ്ങള്‍ എല്ലാം തകര്‍ന്നു തരിപ്പണം ആയിരുന്നു. ഓസ്ട്രിയക്കാരും ഹംഗറിക്കാരും അവരുടെ രാജ്യത്തിന് സ്വയം ഭരണം ആവശ്യപെട്ടു, ചക്രവര്‍ത്തിക്ക് ഭരിക്കാന്‍ രാജ്യം ഒന്നും ഇല്ലാതെ ആയി. അതോടെയാണ് ഇനി രാജ്യകാര്യത്തില്‍ ഇടപെടില്ല എന്നും പറഞ്ഞു അദ്ദേഹം സ്ഥലം വിട്ടത്.

പക്ഷെ ഒരു കോപത്തിനങ്ങോട്ടു ചാടിയാല്‍ ഇരു കോപത്തിനിങ്ങോട്ടു ചാടുവാന്‍ പറ്റുമോ എന്ന് കിണറ്റില്‍ ചാടിയ ആളോടു ചോദിച്ച പോലെ പില്‍ക്കാലത്ത് ചക്രവര്‍ത്തിയാകാനും കൊട്ടാരത്തില്‍ കയറിപ്പറ്റാനും അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. ഫലമോ, ഹാപ്‌സ്ബര്‍ഗുകള്‍ എല്ലാം നാടു വിട്ടോളണമെന്നും ഇനി രാജപദവി ഒന്നും ഇല്ലാതെ സാധാരണ പൗരനാണെന്ന് എഴുതി ഒപ്പു വക്കുന്നവര്‍ക്ക് മാത്രമേ തിരിച്ചു വരാവൂ എന്നും ആസ്ട്രിയന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കൊട്ടാരം വിട്ടു പോയ ചാള്‍സ് ഒന്നാമന്‍ ഇത് ഒരു കാലത്തും സമ്മതിച്ചില്ല.

പക്ഷെ, അദ്ദേഹത്തിന്റെ മരണശേഷം മറ്റുള്ള ചക്രവര്‍ത്തി പരമ്പരകള്‍ എല്ലാം ഒന്നൊന്നായി രാജ്യത്ത് തിരിച്ചെത്തി പലവിധ പണികള്‍ ആയി മറ്റുള്ളവരെപ്പോലെ അദ്ധ്വാനിച്ചു ജീവിക്കുന്നു.

ഈ സുല്‍ത്താന്‍മരോടും രാജാക്കന്മാരോടും ചക്രവര്‍ത്തിമാരോടും ഒന്നും എനിക്ക് തീരെ അനുഭാവം ഇല്ല എന്നു ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തി പരമ്പരയിലെ ഇപ്പോഴത്തെ കണ്ണി കല്‍ക്കത്തയില്‍ ഒരു ചേരിയില്‍ ആണ് ജീവിക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ കല്‍ക്കത്തയിലെ ചേരികളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജീവിക്കേണ്ടി വരുന്നല്ലോ എന്നാ വിഷമത്തിനപ്പുറം ഒരു പ്രത്യേക സഹതാപം ഒന്നും മുഗളന്റെ ചെറു മക്കളോട് എനിക്ക് തോന്നാറില്ല. അത് ഏതെങ്കിലും ഒരു രാജാവിനോടുള്ള വ്യക്തിപരം ആയ എതിര്‍പ്പല്ല. പണ്ടേതോ വീരശൂര പരാക്രമിയോ തന്ത്രശാലിയോ അതോ ഭാഗ്യവാനോ ഒക്കെയായ ഒരു കാരണവര്‍ ഉണ്ടായി എന്നതിനാല്‍ പിന്നെ ആ ചന്ദ്രതാരം
മറ്റുള്ളവരുടെ ജീവനും സ്വത്തിനും മേല്‍ അധികാരം സ്ഥാപിച്ച് അവരുടെ ചിലവില്‍ ജീവിക്കുന്നവരെപ്പറ്റി എനിക്ക് ഒരു അഭിപ്രായവും ഇല്ല.

ഇതിനര്‍ത്ഥം ചരിത്രത്തില്‍ നല്ല രാജാവോ സുല്‍ത്താനോ ചക്രവര്‍ത്തിമാരോ ഉണ്ടായിട്ടില്ല എന്നല്ല. ജനാധിപത്യം വഴി തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികള്‍ എല്ലാം ജനക്ഷേമത്തിന് പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നോ അല്ല. പക്ഷെ നമ്മുടെ മേല്‍ ഒരാള്‍ക്കും ഒരു കാലത്തും അനന്തമായ കാലത്തേക്ക് അന്തമില്ലാത്ത അധികാരം ഉണ്ടാകരുത്. അങ്ങനെയുണ്ടാകുന്നത് ദുര്‍വിനിയോഗത്തിനു വഴിവെക്കും. നമ്മെ ഭരിക്കുന്നത് നാം നല്‍കുന്ന അധികാരം വച്ചായിരിക്കണം, അതും പരിമിതായ കാലത്തേക്ക്, നമ്മോടു ചോദിച്ച്
നാം സ്വമനസ്സാലെ കൊടുത്തത്. അല്ലാതെ ദൈവികമോ തോക്കിന്‍ കുഴലിലൂടെ നേടിയതോ ആകരുത്. ജനാധിപത്യം ഒരു ഉത്തമ ഭരണ മാതൃക ഒന്നുമല്ല. പക്ഷെ
തെറ്റുകള്‍ സ്വയം തിരുത്താന്‍ ജനാധിപത്യത്തിനുള്ള കഴിവ് മറ്റൊരു മാതൃകക്കും ഇല്ല.

എല്ലാ കൊട്ടാരത്തില്‍ നിന്നും എല്ലാ രാജാക്കന്‍മാരും പടിയിറങ്ങി മറ്റുള്ളവരെപ്പോലെ അദ്ധ്വാനിച്ചു ജീവിക്കുന്ന ഒരു ലോകമാണെന്റെ സ്വപ്നം. അപ്പോള്‍ എല്ലാ കൊട്ടാരങ്ങളും മ്യൂസിയമോ കണ്‍വെന്‍ഷന്‍ സെന്ററോ ഹോട്ടലോ ഒക്കെ ആക്കാം, നമുക്ക് പോയി കാണാം, പണ്ട് നമ്മുടെ കാരണവര്‍മാരുടെ കൈയ്യില്‍ നിന്നും പിരിച്ചും പിഴിഞ്ഞും ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ കിരീടമോ സിംഹാസനമോ ഒക്കെ ടൂറിസ്റ്റുകളെ കാണിച്ചു നാല് കാശുണ്ടാക്കി നമുക്ക് റോഡു പണിയാം. ഇനി ഒരു കാലത്തും ഒരു ആളെയും രാജാവാക്കില്ലെന്നു പ്രതിജ്ഞ എടുക്കാം.

സുശീലന്മാരും ദാസന്മാരും അധ്വാനിച്ചു കഴിയുന്ന 'സമ്പൂര്‍ണ സന്മാര്‍ഗ ഗ്രാമം' എന്ന ശങ്കരാടിയുടെ സ്വപ്നം തന്നെ ആണ് എന്റെ സ്വപ്നം. ചര്‍ച്ച വേണം..
(66.67%) (3 Votes)

 

 

Other News in this Section

 

x