LATEST NEWS

Loading...

Custom Search
+ -

സ്വര്‍ഗത്തില്‍ ഒരു കണ്ണ്‌

മുരളി തുമ്മാരുകുടി

Posted on: 12 Nov 2012

 

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കളര്‍ഫുള്‍ ആയിരുന്ന ശാസ്ത്രജ്ഞന്‍ ആയ ജെ.ബി.എസ്. ഹാല്‍ഡേനെപ്പറ്റി എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷെ, കഷ്ടകാലത്തിന് പൊതുജനങ്ങള്‍ പോകട്ടെ പുതിയ ശാസ്ത്രജ്ഞന്‍മാര്‍ക്ക് പോലും ഇദ്ദേഹത്തെ അറിയില്ല. ബ്രിട്ടനിലാണ് അദ്ദേഹം ജനിച്ചത്. ഒര്‍മ്മവെച്ചകാലം മുതല്‍ മരണം വരെ എല്ലാ അര്‍ത്ഥത്തിലും ശാസ്ത്രജ്ഞന്‍ ആയിരുന്ന ജെ.ബി.എസ്. സ്വന്തം ബുദ്ധികൊണ്ടും ശരീരം കൊണ്ടും ഗവേഷണം നടത്തി. പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും തികഞ്ഞ ശാസ്ത്രബോധം ഉണ്ടായിരുന്നു അദ്ദേഹത്തിന്. സത്യസന്ധനും കൂടി ആയിരുന്നതിനാല്‍ നിരീശ്വര വാദി ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഖനികളില്‍ അപകടകാരികളായ വാതകങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കാന്‍ പോകുന്ന ജോലി ഉണ്ടായിരുന്നു ജെ ബി എസിന്റെ അച്ഛന്. അങ്ങനെ അപകടം പിടിച്ച പണിക്കു പോകുമ്പോള്‍ അച്ഛന്‍ അദ്ദേഹത്തെ കൂടെ കൂട്ടുമായിരുന്നത്രെ. കുട്ടിയാവുമ്പോള്‍ കുറച്ചു ശ്വസിച്ചാല്‍തന്നെ ബോധംകെട്ടു വീഴുമല്ലോ. അപ്പോള്‍ മുതിര്‍ന്നവര്‍ക്ക് അപകടം പറ്റുന്നതിനു മുന്‍പ് കാര്യം അറിയാം. ഒരു കാലത്ത് ചെറിയ കിളികളെ ആണ് ഈ പണിക്ക് ഉപയോഗിച്ചിരുന്നത്. പക്ഷെ 'മനുഷ്യനെ ഉപയോഗിച്ചു നടത്താവുന്ന ഏതു പരീക്ഷണത്തിനും മൃഗങ്ങളെ ഉപയോഗിക്കുന്നത് ക്രൂരതയാണെന്നായിരുന്നു അച്ഛന്റെ തത്വ ശാസ്ത്രം (എന്ത് നല്ല അച്ഛന്‍ !)

പില്‍ക്കാലത്ത് ബ്രിട്ടനില്‍ രണ്ടാം ലോകമഹായുദ്ധമുണ്ടാകുന്നതിനു മുമ്പ് ബോംബ് പൊട്ടുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ഷെല്‍ട്ടറുകളുടെ ഡിസൈന്‍ ചെയ്യാനുള്ള പരീക്ഷണങ്ങള്‍ ഹാല്‍ഡേന്‍ സ്വന്തം ശരീരത്തിലാണ് നടത്തിയത് എന്നത് അതിശയമല്ലല്ലോ. ഇംഗ്ലണ്ടില്‍ യുദ്ധം വന്നാല്‍ ബോംബുകളില്‍ നിന്നും നാട്ടുകാരെ എങ്ങനെ രക്ഷിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു ചിന്ത. അത് കൊണ്ട് യുദ്ധം ഇംഗ്ലണ്ടിലേക്ക് വരുന്നതിനു മുമ്പ് തന്നെ യുദ്ധം നടക്കുന്ന രാജ്യങ്ങളില്‍ പോയി ബോംബ് വീഴാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ഇരിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പണി. ബോംബ് പൊട്ടിയാല്‍ എന്താണ് വരുന്നത് എന്ന് അറിയണമല്ലോ. പിന്നെ ഒരു പരീക്ഷണ ശാലയില്‍ വലിയ സ്‌ഫോടനമുണ്ടാകുന്നതിനടുത്ത് വിവിധ തരം വസ്തുക്കള്‍ കൊണ്ടുള്ള കൂടാരങ്ങള്‍ ഉണ്ടാക്കി അതില്‍ കയറിയിരുന്നു. അപ്പോള്‍ ഏതുകൊണ്ടാണ് കൂടുതല്‍ സംരക്ഷണം കിട്ടുന്നതെന്ന് അറിയാമല്ലോ. അങ്ങനെയൊരിക്കല്‍ അദ്ദേഹത്തിന്റെ ചെവിയിലെ ഡയഫ്രം പൊട്ടിപ്പോയി. എന്നിട്ടും ആശാന്‍ കുലുങ്ങിയില്ല. 'ഇനിയെനിക്ക് പുകവലിച്ചാല്‍ വായിലും മൂക്കിലും കൂടി മാത്രമല്ല ചെവിയിലും കൂടെ പുകവിടാമല്ലോ' എന്നാണദ്ദേഹം പറഞ്ഞത്രെ. (ഈ കാലത്ത് അത്രയും യുദ്ധത്തിനു എതിരായ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുന്‍ പന്തിയില്‍ ആയിരുന്നു)

ഡാര്‍വിന്റേയും മെന്‍ഡലിന്റേയും പരീക്ഷണങ്ങള്‍ക്ക് മാത്തമാറ്റിക്കല്‍ അടിത്തറ നല്‍കി എന്നതാണ് ജെ.ബി.എസി.ന്റെ ഏറ്റവും മഹത്തായ കോണ്‍ട്രിബൂഷന്‍ ആയി പറയപ്പെടുന്നത്. ബ്രിട്ടനിലെ ഒരു യുദ്ധ കാര്യ മന്ത്രിയുടെ മരുമകനും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്റെ സുഹൃത്ത് ആയിരുന്നിട്ടും അദ്ദേഹം ഒരു മാര്‍ക്‌സിസ്റ്റുകാരനായിരുന്നു. അതുകൊണ്ടാണ് നോബല്‍ സമ്മാനം ഇദ്ദേഹത്തിന് കിട്ടാതിരുന്നത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ജെ.ബി.എസി.ന്റെ ശാസ്ത്രത്തിലും രാഷ്ട്രീയത്തിലുമുള്ള പിടിപാടിനെ പറ്റി ഞാന്‍ അധികം പറയുന്നില്ല. താല്പര്യമുള്ളവര്‍ക്ക് വായിച്ചു നോക്കാമല്ലോ. പക്ഷെ, വയസ്സുകാലത്ത് ഇദ്ദേഹം ഒരു പണി കാണിച്ചു. ജന്മദേശമായ ഇംഗ്ലണ്ട് ഉപേക്ഷിച്ച് ഇന്ത്യയില്‍ വന്ന് പൗരത്വം സ്വീകരിച്ചു. സൂയസ് കനാലിനെ ഏറ്റെടുക്കാനുള്ള ഈജിപ്തിന്റെ തീരുമാനം അട്ടിമറിക്കാന്‍ പട്ടാളവുമായി ബ്രിട്ടന്‍ മുന്നോട്ടിറങ്ങിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 'ലോകത്തില്‍ ഏറ്റവും സ്വതന്ത്രമായ രാജ്യം ഇന്ത്യയാണ് എന്നാണ് ഇന്ത്യയിലേക്ക് വരാനുള്ള കാരണമായി അദ്ദേഹം പറഞ്ഞത്. (ഇന്ത്യയിലും ആവശ്യത്തിനു തെമ്മാടികള്‍ ഉണ്ട് എന്ന് പറഞ്ഞ അമേരിക്കന്‍ പ്രൊഫസ്സറോട് ഒരു തെമ്മാടി ആയിരിക്കാനും അമേരിക്കയിലെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ടെന്നാണ് അദ്ദേഹം തിരിച്ചടിച്ചത്. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് അമേരിക്കക്കാര്‍ക്കുണ്ടായിരുന്ന അത്രയും സ്വാതന്ത്ര്യം ഒന്നര നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ അവര്‍ക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ).

കല്‍ക്കട്ടയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ദേഹം കുറെനാള്‍ ജോലി ചെയ്തു. പിന്നെ നമ്മുടെ സി.എസ്.ഐ.ആര്‍. (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) ആയിരുന്നൂ അടുത്ത ആസ്ഥാനം. അവിടെ അധികനാള്‍ നിന്നില്ല. സി.എസ്.ഐ.ആര്‍ എന്നാല്‍ കൗണ്‍സില്‍ ഫോര്‍ സപ്രഷന്‍ ഓഫ് ഇന്‍ഡസ്ട്രിയസ് റിസര്‍ച്ച് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കാല്‍ നൂറ്റാണ്ടിനു ശേഷം, സി.എസ്.ഐ.ആറില്‍ ജോലി ചെയ്ത എനിക്കും അതു തോന്നി.

ജീവിതകാലത്ത് ശരീരം കൊണ്ടും മനസ്സുകൊണ്ടും ശാസ്ത്രഗവേഷണം നടത്തിയ ജെ.ബി.എസ്. സ്വന്തം ശവശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദാനം ചെയ്തു എന്നു പറഞ്ഞാല്‍ അതിശയിക്കാനില്ലല്ലോ. പോരാത്തതിന് അതു തണുപ്പിച്ചു വെക്കാനുള്ള തുകയായിരിക്കണം തന്റെ സ്വത്തില്‍ നിന്നും ആദ്യമായി ചെലവാക്കേണ്ടത് എന്നും അദ്ദേഹം എഴുതിവച്ചു. കാക്കിനടയിലെ മെഡിക്കല്‍ കോളേജിലേക്കാണ് അദ്ദേഹം ശരീരം എഴുതിവച്ചത്.

'എന്നിട്ട് ജെ.ബി.എസി.ന്റെ ശരീരം കാക്കിനടയില്‍ എത്തിയോ?'
'എത്തിക്കാണാം, പക്ഷെ, അക്കാര്യത്തില്‍ വല്യ ഉറപ്പൊന്നുമില്ല'.
'അതെന്താ ചേട്ടാ, നമ്മുടെ മരണം കഴിഞ്ഞാല്‍ കണ്ണോ, മറ്റവയവങ്ങളോ, ശരീരമോ ഒക്കെ നമുക്ക് ആര്‍ക്കുവേണമെങ്കിലും എഴുതിവെക്കാമല്ലോ.'
'എഴുതിവെക്കുന്നതിന് നിയമതടസ്സം ഒന്നുമില്ല. പക്ഷെ, അതു നടപ്പാക്കാന്‍ നമുക്ക് മാര്‍ഗം ഒന്നും ഇല്ല. ഇന്ത്യയിലെ നിയമം അനുസരിച്ച് നമ്മുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ എല്ലാം നമുക്ക് വില്‍ പത്രത്തില്‍ എഴുതി വക്കുകയും അത് നടപ്പാക്കാന്‍ ആരെയെങ്കിലും ഏല്പിക്കുകയും ചെയ്യാം. പക്ഷെ നമ്മുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം നമുക്കില്ല. അതു നമ്മുടെ സ്വന്തക്കാരുടെ ആണ്. എന്തെഴുതി വച്ചാലും കാര്യമില്ല. അത് നടപ്പിലാക്കാന്‍ കോടതിക്ക് ഇട പെടാന്‍ പറ്റില്ല, വീട്ടുകാരുടെ സമ്മതം ആണ് പ്രധാനം. മരണ ശേഷം നമ്മുടെ കാര്‍ വേറെ ആര്‍ക്കെങ്കിലും എഴുതി വച്ചാല്‍ അത് നടപ്പാക്കാം, വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും. കണ്ണ് എഴുതി വച്ചാല്‍ അങ്ങനെ അല്ല. .

ഇതു ഞാന്‍ ചുമ്മാ പറയുന്നതല്ല. എന്റെ അമ്മാവന് ഒരിക്കല്‍ ഒരു മോഹമുണ്ടായി. മരണശേഷം ശരീരം മെഡിക്കല്‍ കോളേജിന് കൊടുക്കണം. അതൊന്നു ശരിയാക്കിക്കിട്ടാന്‍ എന്നെ ഏര്‍പ്പാടും ചെയ്തു. ഞാന്‍ ഒന്നുരണ്ടു മെഡിക്കല്‍ കോളേജിലൊക്കെ പോയി. ഒരു സമ്മതപത്രം എഴുതി കോളേജില്‍ കൊടുക്കണം അതാണ് അമ്മാവന്റെ ആവശ്യം.

'മുരളി, ശവം എത്ര കിട്ടിയാലും ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. കേരളത്തില്‍ എവിടെയാണെങ്കിലും അറിയിച്ചാല്‍ ഞങ്ങള്‍ വന്ന് എടുക്കും. ഒരു ചെലവും തരണ്ട. ഇപ്പോള്‍ ഞങ്ങളുടെ ആവശ്യത്തിന് ശവശരീരങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്.' (ജയറാമിന്റെ സിനിമ കാണുന്നവര്‍ വിചാരിക്കും, കേരളം നിറയെ 'ശവ'മാണെന്ന്, പക്ഷെ, സത്യം അതല്ല.)
'പക്ഷെ, അമ്മാവന്‍ സമ്മതപത്രം ഒക്കെ എഴുതി സ്ഥലം വിടും. ഇവിടെ വേറെ ഒരു വല്യപ്പന്‍ ഉണ്ട്, ഒരു സമ്മതപത്രം തന്നിട്ടുണ്ട്, പിന്നെ രണ്ടു മൂന്ന് മാസത്തില്‍ ഒരിക്കല്‍ എന്റെ അടുത്ത് വരും. 'സാറേ എന്റെ ബോഡി എല്ലാം ഇപ്പോഴും നല്ല കണ്ടീഷന്‍ ആണെന്ന് പറയും'. പക്ഷെ അത് കൊണ്ട് ഞങ്ങള്‍ക്ക് കാര്യം ഇല്ലല്ലോ. മരിച്ചാല്‍ ഞങ്ങള്‍ അറിഞ്ഞാലല്ലേ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. ഇനി എങ്ങനെയെങ്കിലും അറിഞ്ഞ് അവിടെ എത്തിയാലോ, ബന്ധുക്കാരുടേയും സ്വന്തക്കാരുടേയും എതിര്‍പ്പ് വേറെ. പറ്റുമെങ്കില്‍ ബന്ധുക്കളെയൊക്കെ ഇപ്പഴേ പറഞ്ഞ് മനസ്സിലാക്കിവെക്കാന്‍ നോക്ക്, സമയമാകുമ്പോള്‍ വിളിച്ചാല്‍ മതി. '

നമ്മള്‍ എല്ലാവരുംതന്നെ മോഡേണ്‍ മെഡിസിന്റെ ഗുണഭോക്താക്കളാണെങ്കിലും സ്വന്തം ശരീരമോ എന്തിന് അവയവം പോലുമോ ശാസ്ത്രത്തിനായി മാറ്റിവെക്കാന്‍ ബഹുഭൂരിപക്ഷം പേരും തയ്യാറല്ല. ഇന്ത്യയിലെ അന്ധന്‍മാരുടെ ചികിത്സക്കായി ഇന്ത്യയുടെ പത്തിലൊന്നുപോലും ജനസംഖ്യയില്ലാത്ത ശ്രീലങ്കയില്‍ നിന്നാണ് കണ്ണ് വരുന്നതെന്ന് എന്റെ ഡോക്ടര്‍ സുഹൃത്ത് പറഞ്ഞു.

ഇതിനു പല കാരണങ്ങള്‍ ഉണ്ട്. മടി, ഭയം, അജ്ഞത ഇങ്ങനെ പലതും. ഉദാഹരണത്തിന്, കഴിഞ്ഞ മുപ്പതു വര്‍ഷമായി ഷോര്‍ട്ട് സൈറ്റിന് കണ്ണടവെക്കുന്ന എന്റെ കണ്ണ് മരണശേഷം ഉപയോഗിക്കാന്‍ പറ്റുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. കഴിഞ്ഞ വിഷുവിന്, ഞങ്ങള്‍ തുമ്മാരുകുടിക്കാര്‍ക്കുവേണ്ടി ഒരു നേത്രദാന ഉദ്‌ബോധന ക്ലാസ് സംഘടിപ്പിച്ചു. അപ്പോഴാണ് ഏതുതരം ആളുകള്‍ക്ക് കണ്ണ് ദാനം ചെയ്യാമെന്നും ഏതുതരം അന്ധതക്കാണ് ദാനം ചെയ്യുന്ന കണ്ണ് ഉപയോഗിക്കുന്നതെന്നും എനിക്ക് മനസ്സിലായത്. അന്നത്തോടെ എന്റെ കണ്ണ് ബുക്ക്ഡ് ആയി, രണ്ടാമത്തേത് മടിയാണ്. അവയവദാനത്തോട് എതിര്‍പ്പില്ലെങ്കിലും അത് ആളുകളോട് പറയാനും പറഞ്ഞുവെക്കാനുമൊക്കെ കൂടുതല്‍ ആളുകള്‍ക്കും മടിയാണ്. ഇവിടെയാണ് ഇത്തരം ക്യാമ്പുകളുടേയും ക്ലാസുകളുടേയും പ്രസക്തി. സമാന ചിന്താഗതിക്കാരായ ആളുകളെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ആ മടി മാറും. ഫോറമൊക്കെ ഒപ്പിട്ടു കൊടുക്കും, കൂടുതല്‍ പ്രധാനം വീട്ടില്‍ വേണ്ടപ്പെട്ടവരോട് ഇതു പറയാനും ചര്‍ച്ച ചെയ്യാനും അവസരം കിട്ടും. അപ്പോള്‍ അവര്‍ക്കും അത് ഓര്‍മ്മ കാണും. നമ്മുടെ സമയം വരുമ്പോള്‍ അവര്‍ വേണമല്ലോ അറിയിക്കാന്‍.

'മാമാ എനിക്ക് എന്റെ കണ്ണ് ഒന്ന് ദാനം ചെയ്യണം എന്നുണ്ട്' എന്ന് എന്നോട് പറഞ്ഞത് വെറും പതിനേഴു വയസ്സുള്ള എന്റെ ഒരു മരുമകള്‍ ആണ്. സ്വാഭാവികം ആയിട്ടും അവള്‍ക്കു അത് അച്ഛനോടോ അമ്മയോടോ പറയാന്‍ മടി കാണും (നീയോ ഞങ്ങളോ ആദ്യം സ്ഥലം വിടുന്നത് എന്നതാവും ആദ്യത്തെ ചോദ്യം. വാസ്തവത്തില്‍ അങ്ങനെ ഒരു ഓര്‍ഡര്‍ ഒന്നും ഇല്ലെങ്കിലും). പക്ഷെ ഞങ്ങളുടെ വീട്ടില്‍ ഈ കാര്യം തുറന്നു ചര്‍ച്ച ചെയ്യാന്‍ പറ്റിയത് കൊണ്ട് വീട്ടുകാരില്‍ മിക്കവരുടെയും കണ്ണും മറ്റു അവയവങ്ങളും ഇപ്പോള്‍ പുനരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ട്.

എന്റെ സുഹൃത്തായ ജോസഫ് പടയാട്ടി നേത്രദാന രംഗത്ത് കഴിഞ്ഞ അനവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരാളാണ്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ നേത്രദാന ശസ്ത്രക്രിയകള്‍ക്ക് അവസരമൊരുക്കിയത് അദ്ദേഹമാണ്. (കണ്ണുപിടുത്തക്കാരന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ റഫര്‍ ചെയ്യുന്നത്, ആരോടും പറയേണ്ട.)

നേത്രദാനത്തെ നിരുത്സാഹപ്പെടുത്തുന്ന ഏറ്റവും വലിയ കാര്യം ഭയമാണ് എന്നദ്ദേഹം പറഞ്ഞു. ചില ആളുകള്‍ക്ക് മരണത്തെപ്പറ്റി ആലോചിക്കാന്‍ തന്നെ ഭയം. എണ്‍പത് കഴിഞ്ഞ വല്യപ്പന്‍മാര്‍ കണ്ണു ദാനം ചെയ്യുന്ന കാര്യം പോകട്ടെ. സ്വന്തം സ്വത്ത് ഭാഗം വെക്കുന്ന കാര്യം പോലും ചര്‍ച്ച ചെയ്യാനോ എഴുതിവെക്കാനോ ഭയപ്പെടുന്നു. രണ്ടാമത്തെ ഭയം കണ്ണെടുക്കുക എന്നു പറഞ്ഞാല്‍ കണ്ണ് രണ്ടും കുത്തിയെടുത്ത് ശരീരം വികൃതമാകുമോ എന്ന പേടിയാണ്. കണ്ണിലെ ഒരു ചെറിയ ഭാഗമാണ് രണ്ടാമത് ഉപയോഗിക്കാന്‍ പറ്റുന്നത്. അല്ലാതെ കണ്ണ് ചൂഴ്‌ന്നെടുക്കുകയല്ല. ഇതും അജ്ഞതയുടെ പ്രശ്‌നമാണ്.

പടയാട്ടി പറഞ്ഞ മൂന്നാമത്തെ പ്രശ്‌നമാണ് എന്നെ ഏറ്റവും രസിപ്പിച്ചത്. വിശ്വാസികളായ കുറെ പേരുടെ പേടി, ഇവിടെ കണ്ണ് വേറെ ആര്‍ക്കെങ്കിലും കൊടുത്താല്‍ ഉയര്‍പ്പെഴുന്നേപ്പിന്റെ നാള്‍ പരലോകത്തോ അല്ല പുനര്‍ജന്മത്തിന്റെ സമയത്തോ നമുക്ക് കണ്ണില്ലാതെ ആയിപ്പോകുമോ എന്നതാണ്. ഈ അണ്ഡകടാഹങ്ങള്‍ ഒക്കെ സൃഷ്ടിച്ച ദൈവത്തിന് നിങ്ങളുടെ ഒരു കണ്ണ് എക്‌സ്ട്രാ ഉണ്ടാക്കാനാണോ ബുദ്ധിമുട്ട് എന്ന് ആലോചിക്കുന്നതിനു പകരം 'നല്ല ഒന്നാം തരം കണ്ണുമായി താഴേക്ക് പറഞ്ഞുവിട്ടതാ, ഇപ്പൊ, ദാ അതും ആര്‍ക്കാണ്ടും കൊടുത്തേച്ച് വന്നിരിക്കുന്നു ഇനിയുള്ള കാലം അനുഭവിച്ചോ' എന്ന് ദൈവം പറഞ്ഞാലോ എന്നാണ് പേടി.

മഹാദാനങ്ങളില്‍ ഒന്നാണ് അവയവദാനം എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. നേത്രദാനത്തെ പറ്റി കൂടുതല്‍ അറിയണം എന്നുള്ളവരോ കണ്ണു കൊടുക്കണം എന്ന് തോന്നുന്നവരോ പടയാട്ടിയെ 9496171488, 9400000108, 944705745 എന്നീ നമ്പറുകളിലേതിലെങ്കിലും വിളിച്ചാല്‍ മതി. പിന്നെ ഇവിടുത്തെ കാര്യം പുള്ളി നോക്കിക്കൊളും.

പിന്നെ മുകളിലെ കാര്യം അല്ലേ. ഉള്ളൂരിനെ ഒരല്പം മാറ്റിപ്പാടിയാല്‍
'അടുത്ത് നില്‌പോരനുജന് നല്കാന്‍ അക്ഷികള്‍ ഇല്ലാത്തോന്
അരൂപന്‍ ഈശ്വരന്‍ അദൃശ്യന്‍ ആയാല്‍ അതിലെന്താശ്ചര്യം '

ധൈര്യമായി കൊടുക്കൂ ചേട്ടാ. എല്ലാം അറിയുന്നവനും പരമ കാരുണികനും ആയ ദൈവം സ്വര്‍ഗത്തില്‍ ഒരു സീറ്റും കണ്ണും തരുമെന്ന് എനിക്കുറപ്പാണ്.

 

തുമ്മാരുകുടി കഥകള്‍ വാങ്ങാം
(60%) (2 Votes)

 

 

Other News in this Section

 

x