മെല്‍ബണ്‍: സീറോ-മലബാര്‍ സഭയുടെ നേതൃത്വത്തില്‍ മെല്‍ബണ്‍ സൗത്തിലെ സ്ഥലത്തിന് പള്ളി പണിയുവാന്‍ അനുവാദം ലഭിച്ചു. അതുവഴി മെല്‍ബണ്‍ സീറോ 'മലബാര്‍ രൂപതയുടെ ആദ്യത്തെ പള്ളി സൗത്ത് ഈസ്റ്റിലെ ഡാന്‍ ഡിനോം ഗില്‍ ഉയരും. സീറോ - മലബാര്‍ വിശ്വാസികളുടെ സ്വന്തമായി പള്ളിയെന്ന ചിരകാലാഭിലാഷമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് ഇടവകയ്ക്കാണ് പള്ളി പണിയുവാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്. സൗത്ത് ഈസ്റ്റിലെ എഴുന്നൂറോളം കുടുംബങ്ങളുടെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയും പ്രയത്‌നവുമാണ് ഡാന്‍ ഡിനോംഗ് കൗണ്‍സില്‍ ആരാധനയ്ക്കും പള്ളി പണിയുവാനും അനുമതി കിട്ടുക വഴി സാധ്യമായിരിക്കുന്നത്. ഡാന്‍ ഡിനോംഗ് - ഫ്രാക്സ്റ്റണ്‍ റോഡിലെ 525-531 -ല്‍ സ്ഥിതിചെയ്യുന്ന ഏഴ് ഏക്കറിലാണ് പ്രസ്തുത ഇടവക ദേവാലയം ഉയരുക. 

പള്ളിക്ക് അനുമതി ലഭിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ് എന്നും മറ്റ് സ്ഥലങ്ങളിലും താമസിയാതെ അനുവാദം ലഭിക്കട്ടെയെന്നും സീറോ- മലബാര്‍ സഭാ മെല്‍ബണ്‍ ബിഷപ്പ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ അഭിപ്രായപ്പെട്ടു. ഇത് വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ വിജയമാണ് എന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. സൗത്ത് ഈസ്റ്റിലെ പള്ളിക്ക് ഭരണാനുമതി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് വികാരി ജനറല്‍ ഫാ.ഫ്രാന്‍സിസ് കേലഞ്ചേരി അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥനയ്ക്കും പള്ളി പണിയാനും അനുമതി കിട്ടിയതില്‍ ഏവരെയും അഭിനന്ദിക്കുന്നതായി ചാന്‍സലര്‍ ഫാ.മാത്യു കൊച്ചുപുരയും സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ.അബ്രാഹം കുന്നത്തോളിയും നന്ദി രേഖപ്പെടുത്തി. ബില്‍ഡിംഗ് കമ്മറ്റി കണ്‍വീനര്‍ ഡോ.ഷാജു കുത്തനാപിള്ളിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നാളുകളായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. പള്ളി സമുച്ചയം യഥാര്‍ത്ഥമാകണമെങ്കില്‍ ഇനിയും കൗണ്‍സില്‍ അനുശാസിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഉപറോഡുകളുടെ നിര്‍മ്മാണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കണം. അതിനുള്ള നടപടികള്‍ തുടങ്ങിയതായി കമ്മിറ്റി അറിയിച്ചു. ഇതിനായി വിശ്വാസികളും കമ്മിറ്റിക്കാരും കൂടാതെ ബിഷപ്പിന്റെ മറ്റ് വൈദികരുടെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചതായി കണ്‍വീനര്‍ പറഞ്ഞു.