സിഡ്നി: സിഡ്നിയിലെ മലയാളി വിശ്വാസി സമൂഹം മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വീതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് സ്വീകരണം നല്കി. സിഡ്നിയിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയും, സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയും, സെന്റ് മേരീസ് ക്നാനായ സുറിയാനി പള്ളിയും ഒത്തുചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പ്രാര്‍ത്ഥനാ നിര്‍ഭരമായി കൂപ്പുകൈകളോടെ നൂറുകണക്കിനുവരുന്ന സുറിയാനി ക്രിസ്ത്യാനി വിശ്വാസികള്‍ സിഡ്നിയിലെ ബ്ലാക്ക്ടൗണിലുള്ള ബോമന്‍ ഹാളില്‍ പരിശുദ്ധ ബാവായെ ഓരുനോക്കുകാണുവാനും അനുഗ്രഹീത വചനങ്ങള്ക്കുമായി എത്തിച്ചേര്‍ന്നു. സിറിയന്‍ ഓര്‍ത്തഡോക്സ് ഓസ്ട്രേലിയ - ന്യൂസിലാന്റ് ഭദ്രാസനാധിപന്‍ മോര് മിലിത്തിയോസ് മല്‍ക്കി മല്‍ക്കി തിരുമേനിയും വന്ദ്യ സാക്കി സിറ്റൂണ്‍ കോറെപ്പിസ്ക്കോപ്പായും ചടങ്ങുകളില്‍ പങ്കെടുത്തു. സിഡ്നിയിലെ മലയാളി വിശ്വാസികളെ പ്രതിനിധീകരിച്ച് ഫാ.ഗീവര്‍ഗ്ഗീസ് കുഴിയേലില്‍, ഫാ.ജെയിംസ് തോടത്തില്‍, ഫാ.ജോസഫ് കുന്നപ്പിള്ളില്‍, ഫാ.വര്‍ഗ്ഗീസ് പോള്‍ തോമ്പ്ര എന്നിവര്‍ സംസാരിച്ചു.
ജ്വലിക്കുന്ന മെഴുകുതിരികളും പാത്രിയര്‍ക്കാ പതാകയുമേന്തി ശുഭ്രവസ്ത്രധാരികളായ സണ്ഡേസ്കൂള് കുട്ടികള്‍ പരിശുദ്ധ പിതാവ് എഴുന്നെള്ളിയപ്പോള്‍ ഇരുവശങ്ങളിലുമായി നിന്നു. ഗായകസംഘത്തിന്റെ ഗാനാലാപനവും ഒരുക്കിയിരുന്നു.
ഹാളിലെ പൊതുസ്വീകരണത്തിനു ശേഷം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ സിഡ്നിയിലെ സെവന് ഹില്‍സിലുള്ള സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ എഴുന്നെള്ളി അനുഗ്രഹിച്ചു. ധൂപപ്രാര്‍ത്ഥനയ്ക്കുശേഷം പരിശുദ്ധ അപ്പോസ്തോലിക സന്ദര്‍ശനത്തിന്റെ ഓര്‍മ്മ വിളിച്ചോതുന്ന സുവര്‍ണ്ണ ഫലകം പരിശുദ്ധ പിതാവ് അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് ബ്രിസ്ബേനില്‍ നിര്‍മ്മിക്കുന്ന സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ അടിസ്ഥാന ശില പരിശുദ്ധ പിതാവ് വാഴ്ത്തി അനുഗ്രഹിച്ച് നല്കി.
വാര്‍ത്ത അയച്ചത് : ജോണ്സണ് ഫിലിപ്പ്