LATEST NEWS

Loading...

Custom Search
+ -

തലശ്ശേരി ഷഫ്‌ന വധക്കേസ് : പ്രതി മുഹമ്മദ് അഫ്‌സല്‍ കുവൈത്തില്‍ പിടിയില്‍

പി.സി. ഹരീഷ്‌

Posted on: 19 Sep 2013

 

കുവൈത്ത് സിറ്റി: കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ഷഫ്‌ന വധക്കേസിലെ പ്രതി തലശ്ശേരി മോറക്കുന്ന് തൗഫീഖ് മന്‍സിലില്‍ ചെറിയപറമ്പത്ത് മുഹമ്മദ് അഫ്‌സല്‍ (34) കുവൈത്തില്‍ പിടിയിലായി. സ്‌പോണ്‍സര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണയ്ക്കിടയില്‍ ജാമ്യം ലഭിച്ച പ്രതി വ്യാജ പാസ്‌പോര്‍ട്ടിലാണ് കുവൈത്തിലെത്തിയത്.

കൊല്ലപ്പെട്ട ഷഫ്‌നയുടെ പിതാവ് തലശ്ശേരി സ്വദേശി സമ്മൂട്ടിയുടെ പരാതിയെത്തുടര്‍ന്ന് അഫ്‌സലിനെതിരെ കഴിഞ്ഞമാസം ഇന്‍റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2004 ജനവരി 23-ന് ഉച്ചയോടെയായിരുന്നു ഷഫ്‌ന കൊല്ലപ്പെട്ടത്.

തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ഷഫ്‌നയെ ഓട്ടോഡ്രൈവര്‍ ആയ പ്രതി പ്രേമാഭ്യര്‍ഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഷഫ്‌ന പ്രണയം നിരസിച്ചതോടെയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ലാസ് കഴിഞ്ഞ് കോളേജില്‍ നിന്ന് വീട്ടിലെത്തിയ ഷഫ്‌നയെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി വീട്ടിനുള്ളില്‍ കയറി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ തലശ്ശേരി പോലീസ് തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തു. എന്നാല്‍ 6 മാസത്തിന്‌ശേഷം തലശ്ശേരി കോടതിയില്‍ നിന്ന് കര്‍ശനമായ ഉപാധികളോടെ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. പിന്നീട് പ്രതി ബാംഗ്ലൂര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് താജ്പാഷ ഖാന്‍ എന്ന പേരില്‍ നേടിയ വ്യാജപാസ്‌പോര്‍ട്ട് സമ്പാദിച്ച് കുവൈത്തിലെത്തുകയായിരുന്നു.

കുവൈത്തിലെ ജലീബ് അല്‍ഷുയുവില്‍ സഹോദരീ ഭര്‍ത്താവിന്റെ സ്ഥാപനത്തില്‍ ആയിരുന്നു മൂന്ന് വര്‍ഷം മുമ്പുവരെ ജോലി ചെയ്തിരുന്നത്. എന്നാല്‍ പത്രവാര്‍ത്തകള്‍ കണ്ട് അവിടെനിന്ന് മുങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. 2009 സപ്തംബര്‍ 14 മുതല്‍ പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇന്‍റര്‍പോള്‍ അന്വേഷിക്കുന്ന കൊലക്കേസിലെ പ്രതിയാണ് ഇയാളെന്ന് മനസ്സിലാക്കിയ സ്‌പോണ്‍സര്‍ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നല്‍കുകയായിരുന്നു. ഇയാളെ പിടിക്കുന്നതിനായി കഴിഞ്ഞ 8 വര്‍ഷമായി പെണ്‍കുട്ടിയുടെ പിതാവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിന്തരം പരാതി നല്‍കിയിരുന്നു.

കഴിഞ്ഞമാസം സ്ഥലം എം.പി. കൂടിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലുകളെത്തുടര്‍ന്ന് ഇന്‍റര്‍പോളിന് കൈമാറുകയായിരുന്നു. ഇതിന്റെ പകര്‍പ്പ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഈമാസമാണ് എത്തിയത്. പ്രതിയെ ഉടനതന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്.

കൊല്ലപ്പെട്ട ഷഫ്‌ന സംഭവത്തിന് മൂന്നുവര്‍ഷം മുമ്പാണ് ദുബായില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പം നാട്ടില്‍ സ്ഥിരതാമസത്തിനെത്തിയത്. ഇപ്പോള്‍ ദുബായിലുള്ള അനീസ്, ഷക്കീല്‍, ഷാഹിദ എന്നിവര്‍ ഷഫ്‌നയുടെ സഹോദരങ്ങളാണ്.

(100%) (1 Vote)

 

 

Other News in this Section

 

x