LATEST NEWS

Loading...

Custom Search
+ -

സൗദിയിലെ സ്വദേശിവത്കരണം: സ്‌പോണ്‍സര്‍ഷിപ്പ് കൂടുതല്‍ കര്‍ശനമാക്കുന്നു

സിറാജ് കാസിം

Posted on: 04 Apr 2013

 

* പരിശോധനകള്‍ക്ക് ഇന്‍സ്‌പെക്ഷന്‍ ഇന്‍റലിജന്‍റ് സംഘം
* കൊച്ചിയില്‍ 30 പേര്‍ മടങ്ങിയെത്തി
* കോഴിക്കോട് ഹെല്‍പ്പ് ഡെസ്‌കില്‍ ഒമ്പതുപേര്‍ രജിസ്റ്റര്‍ ചെയ്തു

കോട്ടയ്ക്കല്‍: നിതാഖാത് നിയമം ശക്തമാക്കാന്‍ പരിശോധന തുടരുന്നതിനിടെ സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകളും കര്‍ശനമാക്കുന്നു. വിദേശ തൊഴിലാളികളെ മൂന്നുമാസത്തേക്ക് ജോലിക്ക് നിയമിച്ച് നിരീക്ഷിച്ചശേഷം യോഗ്യനെന്ന് കണ്ടാല്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന രീതി അനുവദിക്കില്ലെന്നാണ് തൊഴില്‍മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മലയാളികളടക്കമുള്ള വിദേശികളുടെ തൊഴില്‍ സാധ്യതയ്ക്ക് കൂടുതല്‍ മങ്ങലേല്‍പ്പിക്കുന്ന പ്രഖ്യാപനമാണിത്.

പരിശോധനകള്‍ തുടരുന്നതിനിടെ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച 30 പേര്‍ ഇത്തരത്തില്‍ മടങ്ങിയെത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ ഏഴുപേര്‍ ബുധനാഴ്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കില്‍ പേര് രജിസ്റ്റര്‍ചെയ്തു. ഇതോടെ കോഴിക്കോട് രജിസ്റ്റര്‍ചെയ്തവരുടെ എണ്ണം ഒമ്പതായി.സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകളിലെ പുതിയ തീരുമാനങ്ങള്‍ മലയാളികളെ സാരമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫ്രീവിസക്കാരെ അപ്രന്‍റീസായി മൂന്നുമാസത്തേക്ക് പല കമ്പനികളും ജോലിക്ക് നിയമിക്കുന്നുണ്ടായിരുന്നു. ഇത് അനുവദിക്കില്ലെന്നാണ് തൊഴില്‍മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും തൊഴിലാളി, സ്‌പോണ്‍സര്‍ഷിപ്പില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ പുതിയ കമ്പനിയിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം സ്‌പോണ്‍സറുടെ കീഴിലല്ലാതെ മറ്റൊരു സ്‌പോണ്‍സറുടെ കീഴില്‍ ജോലിചെയ്യാന്‍ അനുവദിക്കില്ലെന്ന നിയമവും കര്‍ശനമാക്കിയിട്ടുണ്ട്. ഇത്തരക്കാരെ തൊഴില്‍നിയമ ലംഘനത്തില്‍ ഉള്‍പ്പെടുത്തി പിടികൂടാനാണ് മന്ത്രിസഭയുടെ നിര്‍ദേശം. മറ്റൊരു സ്‌പോണ്‍സറുടെ കീഴിലുള്ള തൊഴിലാളിയെ ജോലിക്ക് വെക്കുന്നതും തൊഴിലാളിയെ സ്വന്തം ഉത്തരവാദിത്വത്തില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്നതും നിയമലംഘനമാണെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 'ഇന്‍സ്‌പെക്ഷന്‍ ഇന്‍റലിജന്‍റ്' എന്ന പേരില്‍ സര്‍ക്കാര്‍ പ്രത്യേക സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. പ്രധാനമായും വലിയ കമ്പനികളിലാണ് ഇവര്‍ പരിശോധന നടത്തുന്നത്.

പരിശോധന ഭയന്ന് പല ചെറുകിട സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്ത തൊഴിലാളികളോട് കുറച്ചുദിവസത്തേക്ക് ജോലിക്ക് എത്തേണ്ടെന്നാണ് ഉടമകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇവരില്‍ പലരും സൗദിയില്‍ത്തന്നെ തങ്ങുകയാണെന്നാണ് മടങ്ങിയെത്തിയവര്‍ പറഞ്ഞത്.
(40%) (1 Vote)

 

 

Other News in this Section

 

x