LATEST NEWS

Loading...

Custom Search
+ -

വിദ്യാലയങ്ങള്‍ തുറന്നു; ദുര്‍വഹമായ പണച്ചെലവുമായി രക്ഷിതാക്കള്‍

ടി.പി.ഗംഗാധരന്‍

Posted on: 04 Apr 2013

 

അബുദാബി: ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പുതിയ അധ്യയനവര്‍ഷത്തില്‍ യു.എ.ഇ.യിലെ സ്‌കൂള്‍ കാമ്പസുകളിലേക്ക്. സ്‌കൂള്‍ ഫീസിന്റെ വര്‍ധനയും പാഠ്യപുസ്തകങ്ങളുടെ താങ്ങാനാകാത്ത വിലയും കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയില്ല. ആക്ടിവിറ്റി ഫീസ്, ബുക്ക് ഫീസ്, ബസ് ഫീസ്, കമ്പ്യൂട്ടര്‍ ഫീസ്, മെഡിക്കല്‍ ഫീസ്, ട്യൂഷന്‍ ഫീസ് എന്നിവയടക്കം 1,200 ദിര്‍ഹത്തിനും 2,000 ദിര്‍ഹത്തിനും ഇടയിലാണ് ഒരു കുട്ടിക്കായി ഒരു രക്ഷിതാവ് ആദ്യ മാസത്തില്‍ ഫീസിനത്തില്‍ അടയ്‌ക്കേണ്ടത്. മൂന്ന് കുട്ടികള്‍ ഉണ്ടെങ്കില്‍ വിദ്യാരംഗത്തില്‍ത്തന്നെ രക്ഷിതാക്കളുടെ കീശ കാലിയാവും.

കേരളത്തില്‍ ആയിരംരൂപയാണ് പാഠപുസ്തകങ്ങള്‍ക്ക് വേണ്ടി ചെലവാകുന്നതെങ്കില്‍ യു.എ.ഇ.യില്‍ അത് ആറായിരം രൂപയ്ക്ക് മുകളിലാണ്. യു.എ.ഇ.യിലെ സ്‌കൂളുകള്‍ അതത് വിദ്യാലയത്തില്‍നിന്നുതന്നെ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വാങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. യൂണിഫോമിന്റെ കാര്യത്തിലും ഈ നിര്‍ബന്ധമുണ്ട്. കേരളത്തില്‍നിന്ന് നോട്ടുബുക്കുകളും പാഠപുസ്തകങ്ങളും കൊണ്ടുവരാന്‍ സമ്മതിച്ചാല്‍ രക്ഷിതാക്കള്‍ക്ക് അത് വലിയ ആശ്വാസമായേനെ. യു.എ.ഇ.യിലെ ഇന്ത്യന്‍ വിദ്യാലയങ്ങള്‍ക്ക് പുസ്തകക്കച്ചവടം ലക്ഷങ്ങളുടെ ലാഭം കൊയ്യുന്ന വന്‍ ബിസിനസ്സാണ്.

അതേസമയം സ്‌കൂള്‍ ഫീസുകള്‍ എത്ര കൂട്ടിയാലും വിവിധ ക്ലാസുകളില്‍ ആവശ്യത്തിന് അഡ്മിഷന്‍ ലഭിക്കുന്നില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. ഒന്നാംക്ലാസിലും നാലാംക്ലാസിലുമൊക്കെ സ്‌കൂള്‍ അഡ്മിഷനുവേണ്ടി രക്ഷിതാക്കള്‍ പരക്കംപായുന്ന കാഴ്ചയാണ് അബുദാബിയില്‍ ഇപ്പോഴുള്ളത്.

അബുദാബിയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് സ്‌കൂള്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അബുദാബിയിലും പരിസരപ്രദേശങ്ങളിലും ഗവര്‍മെന്റിന്റെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ പൊതുമേഖലാ വിദ്യാലയങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ 'അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍' (എ.ഡി.ഇ.സി.) തീരുമാനിച്ചിരിക്കുകയാണ്. ഏകദേശം മൂവായിരത്തോളം സീറ്റുകളാണ് ഇതുവഴി വിന്യസിക്കുവാന്‍ കഴിയുക.

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ പ്രതിമാസം ഏഴ് ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി അനുഭവപ്പെടുന്നത്. അബുദാബിയിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യാ കണക്കുകള്‍ സൂചിപ്പിക്കുന്നത് വരുംവര്‍ഷങ്ങളിലും ഇത് തുടരുമെന്നാണ്. ഒപ്പം യു.എ.ഇ.യുടെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് അബുദാബിയിലേക്കുള്ള കുടിയേറ്റവും വര്‍ധിക്കുന്നു. അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ സ്വകാര്യ വിദ്യാഭ്യാസരംഗത്ത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ അഡ്മിഷന്‍ കൊടുക്കാന്‍ കഴിയുന്നില്ല. ഇന്ത്യന്‍, അമേരിക്കന്‍, ബ്രിട്ടന്‍, പാകിസ്താന്‍, ഫിലിപ്പൈന്‍ കരിക്കുലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ ആവശ്യകതയാണ് ഉള്ളത്.

വര്‍ധിച്ചുവരുന്ന ആവശ്യകത മുന്‍നിര്‍ത്തി അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 21 സ്വകാര്യ സ്‌കൂളുകളാണ് വിഭാവനംചെയ്യുന്നത്. ആറ് എണ്ണത്തിന്റെ നിര്‍മാണം 2013-14 കാലഘട്ടത്തിലും ഒമ്പത് എണ്ണം 2014-15ലും ആറ് എണ്ണം 2015-16ലും പൂര്‍ത്തിയാക്കാനാണ് പദ്ധതി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണം ഉന്നത നിലവാരത്തിലാക്കാന്‍വേണ്ടി കര്‍ശനമായ നിഷ്‌കര്‍ഷതയോടെയാണ് പുതിയ സ്ഥാപനങ്ങള്‍ പണിയുക.
(20%) (1 Vote)

 

 

Other News in this Section

 

x