ഒരുവര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ ജെറീന നാട്ടിലേക്ക് മടങ്ങുന്നു
Posted on: 31 Jan 2013

ദമാം: സൗദിയില്‍ ഒരു വര്‍ഷം ജോലി ചെയ്തിട്ടും ഒരു റിയാല്‍പോലും ശമ്പളം ലഭിക്കാതെ തമിഴ്നാട് തിരുവണ്ണാമല തെക്കാതെരിവ് കാല്കുതിരൈ ജെറീന ബാത്ത് (41) നവയുഗം സാംസ്കാരികവേദി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുന്നു.
12 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയപ്പോള്‍ കുടുംബത്തിന്റെ പ്രാരബ്ധം ജെറീനയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു. പഠിക്കാന്‍ മിടുക്കരായ രണ്ടു പെണ്‍കുട്ടികളുടെ പഠനച്ചെലവ് കണ്ടെത്തുന്നതിനാണ് ജെറീന തിരുവണ്ണാമല മാരിയമ്മന്‍ കോവില്‍ നൗരഗ് എന്ന ഏജന്‍സി മുഖേന സൗദിയില്‍ എത്തുന്നത്.
എന്നാല്‍ സൗദിയില്‍ എത്തി ഒരു വര്‍ഷം ജോലി ചെയ്തു അവശയായത് മിച്ചം. മാറിമാറി ഏഴ് വീടുകളില്‍ ജോലി ചെയ്യിപ്പിച്ചു. ഒരു വീട്ടില്‍ നിന്നുപോലും ശമ്പളം ലഭിച്ചിരുന്നില്ല. അവസാനം ജോലി ചെയ്ത വീട്ടില്‍നിന്ന് പീഡനശ്രമം ഉണ്ടായതോടെ ജെറീന മാനസികമായി തളര്‍ന്നു. തുടര്‍ന്ന് അവിടെ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഒരുപാട് ദൂരം ചെന്നപ്പോള്‍ തളര്‍ന്നു വഴിയരികില്‍ ഇരിക്കുമ്പോള്‍ പോലീസ് പിടികൂടി. ഒരുദിവസം പോലീസ് സ്റ്റേഷനിലും പിന്നീട് തര്‍ഹീലിലും എത്തി.
നവയുഗം ജീവകാരുണ്യപ്രവര്‍ത്തക സഫിയ അജിത്തിന്റെ തര്‍ഹീല്‍ സന്ദര്‍ശനവേളയില്‍ ജെറീന തന്റെ പ്രശ്നങ്ങള്‍ പറയുകയും അവര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ജെറീനയ്ക്ക് സ്പോണ്സറെക്കുറിച്ചോ അവരുടെ വിലാസമോ അറിയുമായിരുന്നില്ല. ജെറീനയുടെ അഡ്രസ്ബുക്ക്, പാസ്പോര്‍ട്ട് കോപ്പി എന്നിവ അടങ്ങുന്ന ബാഗ് സ്പോണ്‍സറുടെ വീട്ടില്‍ ആയിരുന്നു. ജെറീനയുടെ ഒരു സഹോദരന് നവാസ്ഖാന്‍ തറൂത്തില് ഉണ്ടെങ്കിലും വിലാസം അറിയുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ സഫിയ അജിത് തര്‍ഹീല്‍ അധികാരികളുമായി ബന്ധപ്പെട്ട് ജെറീനയുടെ വിരലടയാളത്തിന്റെ സഹായത്തോടെ പാസ്പോര്‍ട്ട് കോപ്പി ബന്ധപ്പെട്ട ഓഫീസില്‍നിന്ന് കണ്ടെടുത്തു. പിന്നീട് സഫിയ നേരിട്ട് ഇന്ത്യന്‍ എംബസ്സി റിയാദ് ഓഫീസില്‍ എത്തി ജെറീനയുടെ ഔട്ട്പാസിനു അപേക്ഷിക്കുകയായിരുന്നു. എംബസ്സിയില്‍നിന്ന് കിട്ടിയ ഔട്ട്പാസില്‍ തര്‍ഹീല്‍ അധികാരികള്‍ എക്സിറ്റ് അടിച്ചു നല്കി.
ജെറീനയ്ക്ക് നാട്ടില്‍ പോകുന്നതിനുള്ള എയര്‍ ടിക്കറ്റ് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് നല്‍കിയത്. തര്‍ഹീലില്‍ വെച്ച് നടന്ന ചടങ്ങില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാമദാസ് എയര്‍ ടിക്കറ്റും വസ്ത്രങ്ങളും സാമ്പത്തിക സഹായവും നല്കി. നെസ്റ്റോ ഫിനാന്‍സ് മാനേജര്‍ മൊഹ്സിന്‍ ആരാമം തര്‍ഹീല്‍ ഉദ്യോഗസ്ഥനായ അബ്ദുല്‍ ഹലാക് കാസീം അല്‍ ഹബീബ്, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ സഫിയ അജിത്ത്, മണിക്കുട്ടന് പെരുമ്പാവൂര്‍ എന്നിവര്‍ പങ്കെടുത്തു. അടുത്തദിവസം ഒമാന്‍ എയര്‍വേസില്‍ ജെറീന ചെന്നൈക്ക് തിരിക്കും. തന്നെ സഹായിച്ച എല്ലാവര്ക്കും ജെറീന ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.
(100%) (1 Vote)
Explore Mathrubhumi
Other News in this Section






