LATEST NEWS

Loading...

Custom Search
+ -

ഗള്‍ഫ് വിനോദസഞ്ചാരികളെ കേരളത്തിലേക്കാകര്‍ഷിക്കും -മന്ത്രി അനില്‍കുമാര്‍

അഹമ്മദ് പാതിരിപ്പറ്റ

Posted on: 22 Jan 2013

 

ദോഹ: ഗള്‍ഫ് നാടുകളില്‍നിന്നുള്ള കൂടുതല്‍ വിനോദസഞ്ചാരികളെ കേരളത്തിലേക്കാകര്‍ഷിക്കാന്‍ പദ്ധതി നടപ്പാക്കിവരികയാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. ഖത്തറിലെ വണ്ടൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ വണ്ടൂര്‍ ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ (വഫ ഖത്തര്‍) ഉദ്ഘാടനത്തിനെത്തിയ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന യൂറോപ്പിലായിരുന്നു അടുത്തകാലംവരെ കേരളത്തിന്റെ ശ്രദ്ധ. എന്നാല്‍ കഴിഞ്ഞ വര്‍ഷംമുതല്‍ മിഡിലീസ്റ്റിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലും ദുബായിലും കേരളത്തിന്റെ ടൂറിസ്റ്റ് സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള റോഡ്‌ഷോകള്‍ ഇതിനകം സംഘടിപ്പിച്ചു. ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും വൈകാതെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കും. നിലവില്‍ ബ്രിട്ടനില്‍നിന്ന് മാത്രം ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ ടൂറിസ്റ്റുകള്‍ പ്രതിവര്‍ഷം കേരളത്തിലെത്തുന്നുണ്ട്.

എന്നാല്‍ എല്ലാ അനുകൂല സാഹചര്യങ്ങളുണ്ടെങ്കിലും ഗള്‍ഫ് നാടുകളില്‍നിന്ന് 35,000-ത്തിലേറെ ടൂറിസ്റ്റുകള്‍ മാത്രമാണ് സംസ്ഥാനത്തെത്തുന്നത്. ഇതിന് മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപക സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിലേക്ക് ടൂറിസം രംഗത്ത് പരമാവധി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചുവരികയാണ്. 90 ശതമാനവും സ്വകാര്യ നിക്ഷേപമായതിനാല്‍ പ്രവാസികള്‍ക്ക് ഈ മേഖലയില്‍ നല്ല നിക്ഷേപകസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. ടൂറിസം പദ്ധതികളില്‍ 10 കോടിയിലധികം നിക്ഷേപം നടത്തുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്ന തരത്തില്‍ സര്‍ക്കാറിന്റെ ടൂറിസം പദ്ധതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്.

കേരള ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സീ പ്ലെയിന്‍ പദ്ധതിക്ക് എമര്‍ജിങ് കേരളയിലൂടെ നിക്ഷേപകരെ കണ്ടെത്താന്‍ കഴിഞ്ഞതായും അടുത്ത മാസത്തോടെ അത് തുടങ്ങാനാവുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സൗഹൃദമായി മാത്രമേ ടൂറിസം പദ്ധതികള്‍ നടപ്പാക്കാനാവൂ. പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഏതുപദ്ധതിയും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്നും പ്രകൃതിസംരക്ഷണമാണ് പദ്ധതികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ കാര്‍ഷികരംഗം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്തെ പ്രകൃതിഭംഗി, കാലാവസ്ഥ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ടൂറിസം രംഗത്ത് ശ്രദ്ധയൂന്നേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ ചില പോരായ്മകളുണ്ടാവുമെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രണ്ട് മലയാളികളുള്‍പ്പെടെ ഖത്തറില്‍നിന്ന് പോയ 29 മത്സ്യത്തൊഴിലാളികളെ ഇറാന്‍ തടഞ്ഞുവെച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് അവരുടെ മോചനത്തിന് യാതൊരു ശ്രമവുമുണ്ടാവാത്തകാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായില്ല.

വഫയുടെ രക്ഷാധികാരിയായി പ്രദേശവാസികൂടിയായ മന്ത്രി അനില്‍കുമാറിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. വണ്ടൂര്‍ പി. അബൂബക്കര്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ശ്രീജിത്ത് സി.പി. നായര്‍ (സെക്രട്ടറി), സക്കീര്‍ ഹുസൈന്‍ (ട്രഷറര്‍), ആസഫലി (ജോ. സെക്രട്ടറി), മുസ്തഫ പി.കെ. (എക്‌സിക്യൂട്ടീവ് മെമ്പര്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(40%) (1 Vote)

 

 

Other News in this Section

 

x