കുവൈത്തില്‍ മുത്തുവാരല്‍ മഹോത്സവത്തിന് തുടക്കം
പി.സി. ഹരീഷ്
Posted on: 24 Aug 2012
കുവൈത്ത് സിറ്റി: പാരമ്പര്യ സ്മൃതികളുണര്‍ത്തി കുവൈത്തിലെ മുത്തുവാരല്‍ മഹോത്സവത്തിന് കൊടിയേറി. അമീര്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ അനുഗ്രഹത്തോടെ കുവൈത്ത് വാര്‍ത്താവിനിമയ തൊഴില്‍സാമൂഹിക വകുപ്പുകളുടെ മന്ത്രി സാലെം അല്‍ ഉതൈന ഉദ്ഘാടനം നിര്‍വഹിച്ചു. സാല്‍മിയ കടല്‍ത്തീരത്ത് കടല്‍ കായിക ക്ലബ് ഒരുക്കിയ ഉദ്ഘാടനച്ചടങ്ങുകള്‍ രാവിലെ 8.30-ന് ആരംഭിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പരിശീലനം ലഭിച്ച 180 ഓളം യുവാക്കളെ കൂടാതെ മുതിര്‍ന്ന തലമുറയിലെ മുങ്ങല്‍വിദഗ്ധരുമാണ് ആഴക്കടലിലേക്ക് മുത്തുകള്‍ക്കായി യാത്ര തിരിച്ചത്. സാല്‍മിയ കടല്‍ത്തീരത്ത് വിവിധമേഖലകളില്‍നിന്നുള്ള ബഹുമുഖ പ്രതിഭകള്‍ സന്നിഹിതരായിരുന്നു. പാരമ്പര്യ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ 'ഭാഷ അല്‍ ഗര്‍വ' അമിര്‍ശൈഖ് സബയുടെ അനുഗ്രഹമടങ്ങുന്ന സന്ദേശം വായിച്ചതിനെത്തുടര്‍ന്ന് ഖുറാന്‍ പാരായണത്തോടെ ആരംഭിച്ചു.
കുവൈത്ത് കടലോരത്ത് നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള 'ഖൈയ്‌രാന്‍' ആഴക്കടലിടുക്കിലേക്കാണ് മുത്തുകള്‍ക്കായി പായ്ക്കപ്പലുകള്‍ യാത്രതിരിച്ചത്. നീണ്ട 9 നാള്‍ മുത്തുകള്‍ക്കായി മുങ്ങല്‍ വിദഗ്ധര്‍ ആഴക്കടലില്‍ മുങ്ങി തപ്പുമ്പോള്‍ കരയില്‍ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ തനത് നൃത്തരൂപങ്ങള്‍ക്ക് ചുവടുവയ്ക്കുന്നു.
കടലില്‍ പോയവരെയും കാത്ത് കരയിലെ കാത്തിരിപ്പിനൊടുവില്‍ പായ്ക്കപ്പലുകളില്‍ മുങ്ങല്‍ വിദഗ്ധരുടെ പുതിയ തലമുറയിലെ അംഗങ്ങളും കുവൈത്ത് കടല്‍ തീരത്തേക്ക് മടങ്ങുന്നതോടെയാണ് മുത്തുവാരല്‍ മഹോത്സവം സമാപിക്കുന്നത്. 9 നാള്‍ നീണ്ട മുത്തുവാരല്‍ മഹോത്സവത്തിന് കുവൈത്തിലെ വിവിധ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍, കുവൈത്ത് എയര്‍വേയ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഇതിലുള്‍പ്പെടും.
(100%) (1 Vote)
Explore Mathrubhumi
Other News in this Section





