LATEST NEWS

Loading...

Custom Search
+ -

എയര്‍ ഇന്ത്യ വീണ്ടും യാത്രക്കാരെ 'കളിപ്പിക്കുന്നു'

Posted on: 24 Jul 2012

 

വിമാനം റദ്ദാക്കിയെന്നും ഇല്ലെന്നും


ദുബായ്: ആദ്യം വിമാനം റദ്ദാക്കിയതായി ഇമെയില്‍വഴി അറിയിപ്പ് പിന്നീട് ആദ്യ സന്ദേശം സാങ്കേതിക തകരാര്‍മൂലം സംഭവിച്ചതാണെന്നും വിമാനം റദ്ദാക്കിയിട്ടില്ലെന്നും മറ്റൊരു അറിയിപ്പ്. നിജസ്ഥിതി അറിയാന്‍ എയര്‍ ഇന്ത്യ ഓഫീസില്‍ എത്തിയവര്‍ക്കാവട്ടെ വ്യക്തമായ മറുപടി ലഭിക്കാത്തഅവസ്ഥ. ഇങ്ങനെപോവുന്നു എയര്‍ ഇന്ത്യയുടെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചില നാടകം.

ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ തുടര്‍ന്നുവരുന്ന ക്രൂരമായ നിസംഗതയുടെയും യാത്രക്കാരുടെ നിസ്സഹായതയുടെയും നേര്‍മുഖമാണ് ശനിയാഴ്ച ദേര എയര്‍ ഇന്ത്യ ഓഫീസില്‍ കാണാനായത്. ആഗസ്ത് 13-ന് രാത്രി 11.20-ന് പുറപ്പെടേണ്ട ദുബായ് കോഴിക്കോട് ഐ.എക്‌സ് 344 വിമാനം റദ്ദാക്കിയെന്ന ഇമെയില്‍ സന്ദേശം ജൂലായ് 18-ന് യാത്രക്കാര്‍ക്ക് ലഭിച്ചിരുന്നു.

അത്യാവശ്യമായി നാട്ടില്‍ പോകാന്‍ തീരുമാനിച്ചവര്‍ ഈ സന്ദേശം ലഭിച്ചയുടന്‍ കൂടുതല്‍ തുകനല്‍കി മറ്റ്‌വിമാനങ്ങളില്‍ ടിക്കറ്റെടുത്തു. പക്ഷെ അടുത്തദിവസംതന്നെ ആദ്യം ലഭിച്ച മെയില്‍ സന്ദേശം തെറ്റാണെന്നും 'സിസ്റ്റം എറര്‍' ആയിരുന്നുവെന്നും വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ലെന്നും സന്ദേശംലഭിച്ചു. പിഴവ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്ന മെയിലില്‍ തുടര്‍ന്നും എല്ലാവിധ സഹകരണവും ആവശ്യപ്പെടുന്നുമുണ്ട്.

കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഇന്നലെ എയര്‍ ഇന്ത്യ ഓഫീസില്‍ എത്തിയവര്‍ക്ക് നിരുത്തരവാദപരമായ പ്രതികരണങ്ങളാണ് ലഭിച്ചത്. അടച്ചസംഖ്യ തിരിച്ചു ചോദിച്ചവരോട് മാറ്റൊരുദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ആഗസ്ത് 13-ലെ വിമാനം 14 ലേക്ക് മാറ്റിയതായും അറിയിച്ചു. പക്ഷെ രണ്ടാമത് ലഭിച്ച ഇമെയില്‍ സന്ദേശത്തെക്കുറിച്ചും വെബ്‌സൈറ്റില്‍ ആഗസ്ത് 13-ന് വിമാനമുണ്ടെന്നും പറഞ്ഞപ്പോള്‍ അധികൃതര്‍ കെമലര്‍ത്തുകയായിരുന്നു. ഇതോടെ ഓഫീസില്‍ എത്തിയിരുന്ന 150-ഓളം യാത്രക്കാര്‍ ബഹളം വെച്ചു. കൗണ്ടറിലുള്ള ജീവനക്കാര്‍ക്ക്തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം ഉണ്ടായിരുന്നില്ല.

ഇതൊന്നും തങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലെന്നും ലഭിക്കുന്ന വിവരങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ഇവരുടെ പക്ഷം. യഥാര്‍ഥ വിവരം അറിയാന്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിച്ചില്ല. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെത്തന്നെ ഇവിടെയെത്തിയ വേങ്ങര സ്വദേശി താജുദ്ദീന്‍ വളരെരോഷത്തോടെയാണ് എയര്‍ ഇന്ത്യയുടെ നിസംഗതയോട് പ്രതികരിച്ചത്. ആദ്യ ഇമെയില്‍ സന്ദേശം ലഭിച്ചയുടന്‍തന്നെ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് തരപ്പെടുത്തി ആഗസ്ത് 13-ന്റെ ടിക്കറ്റ് റീഫണ്ട് ചെയ്യാനാണ് ഇദ്ദേഹം എയര്‍ ഇന്ത്യ ഓഫീസിലെത്തിയത്. പക്ഷേ യാതൊരു ഫലവുമുണ്ടായില്ലെന്ന് താജുദ്ദീന്‍ പറയുന്നു.

രണ്ടാമത്തെ ഇമെയില്‍ സന്ദേശത്തെക്കുറിച്ച് അറിയാതെ ആദ്യ ഇമെയില്‍ കിട്ടിയ ഉടന്‍തന്നെ ബുക്കിങ് ഓഫീസുമായി ബന്ധപ്പെട്ട് മുഴുവന്‍ തുകയും തിരിച്ചു വാങ്ങിയ ഭാഗ്യവാന്മാരില്‍ ഒരാളാണ് പാലക്കാട് ആലത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍. ആഗസ്ത് 16 മുതല്‍ 22 വരെയുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ ഓഫീസില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ വിമാനം റദ്ദാക്കിയതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അവസാനനിമിഷം വിമാനം റദ്ദാക്കിയതായി ലഭിച്ചഅറിയിപ്പ് യാത്രക്കാരെ ഏറെവലയ്ക്കുകയാണ്. ഇനി മറ്റ് സ്വകാര്യവിമാനങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കണമെങ്കില്‍ ഈ നിരക്കിന്റെ നൂറും നൂറ്റമ്പതും ശതമാനം തുക അധികംനല്‍കേണ്ടി വരും. പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തേണ്ട യാത്രക്കാരെയാണ് ഇത് ഏറെപ്രയാസപ്പെടുത്തുക.
(20%) (1 Vote)

 

 

Other News in this Section