ഖത്തറിലിന്ന് ഈദുല്‍ ഫിത്തര്‍
അഹമ്മദ് പാതിരിപ്പറ്റ
Posted on: 10 Sep 2010
ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച ഈദുല്‍ഫിത്തര്‍. റംസാന്‍ മുപ്പത് ദിവസമായി ഇസ്‌ലാമികമന്ത്രികാര്യാലയം അംഗീകരിക്കുകയും ഗള്‍ഫില്‍ വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഒമാനില്‍ പെരുന്നാള്‍ സ്ഥിരീകരിച്ചിട്ടില്ല.സൗദിയിലും ബഹുഭൂരിപക്ഷം അറബിരാജ്യങ്ങളിലും ഈദുല്‍ ഫിത്തര്‍ വെള്ളിയാഴ്ച ആയിരിക്കും.രാവിലെ 5.33നാണ് ദോഹയിലെ ഈദ് ഗാഹുകളില്‍ പെരുന്നാള്‍നമസ്‌കാരം. വെള്ളിയാഴ്ച പെരുന്നാളായതുകാരണം ഉച്ചയ്ക്ക് പതിവുപോലെ എല്ലാ പള്ളികളിലും ജുമുഅഃ നമസ്‌കാരം നടക്കും.പെരുന്നാള്‍നമസ്‌കാരാനന്തരം പല സംഘടനകളും പ്രഭാത ഈദ് സംഗമങ്ങളും രാത്രിയില്‍ ഈദ് സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പെരുന്നാള്‍നമസ്‌കാരാനന്തരം ഖത്തര്‍ ഭരണാധികാരി ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയും കിരീടാവകാശി ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍താനിയും പാലസില്‍ മന്ത്രിമാരെയും രാജകുടുംബാംഗങ്ങളെയും സൈനികമേധാവികളെയും ഉദ്യോഗസ്ഥപ്രമുഖരെയും നയതന്ത്രപ്രതിനിധികളെയും സ്വീകരിച്ച് ഈദ് ആശംസകള്‍ കൈമാറും.
വെസ്റ്റ് ബെയിലെ ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഫണ്‍സിറ്റിയില്‍ പെരുന്നാളിനോടനുബന്ധിച്ച് നിരവധി പുതിയ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
കുട്ടികള്‍ക്കായി ലാന്റ് മാര്‍ക്ക് മാളില്‍ ചിത്രരചന, പെയിന്റിംഗ്, വിനോദമത്സരങ്ങള്‍ സംഘടിപ്പിക്കും. ഖത്തര്‍ ചാരിറ്റിക്ക് 50,000 ഖത്തര്‍ റിയാല്‍ നല്‍കി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 200 റിയാലിന്റെ ഭക്ഷണം പെരുന്നാളിന് വിതരണം ചെയ്യും. രണ്ടാം പെരുന്നാള്‍ദിനത്തില്‍ അല്‍ അഹ്‌ലി ക്ലബില്‍ വൈകുന്നേരം നേപ്പാളി സംഗീതസായാഹ്നം സംഘടിപ്പിക്കും. വൊഡാഫോണ്‍ ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് 15 ശതമാനം കിഴിവ് നല്‍കുമെന്ന് സി.ഇ.ഒ. ഗ്രഹാം മാഹിര്‍ പറഞ്ഞു.
പ്രധാനപ്പെട്ട പള്ളികളിലും പ്രധാന ഗ്രൗണ്ടുകളിലും ഈദ്ഗാഹ് ഒരുക്കിക്കഴിഞ്ഞു. ഇസ്‌ലാമിക മന്ത്രികാര്യാലയം ഉദ്യോഗസ്ഥരാണിതിന് നേതൃത്വംനല്‍കുന്നത്. പാകിസ്താനിലെ പട്ടാണ്‍ വിഭാഗങ്ങള്‍ പ്രത്യേകമായി ഗ്രൗണ്ടുകളിലൊരുക്കുന്ന ഈദ്ഗാഹുകളിലാണ് പെരുന്നാള്‍ നമസ്‌കരിക്കുക. മലയാളികള്‍ വിവിധ മുസ്‌ലിംസംഘടനകള്‍ ഒരുക്കിയ ഈദ് ഗാഹുകളില്‍ കുടുംബസമേതം പെരുന്നാള്‍ നമസ്‌കാരത്തിനെത്തും. ഇസ്‌ലാമികമന്ത്രികാര്യാലയം നിയോഗിക്കുന്ന ഇമാമുമാരുടെ ഖുതുബാ പ്രസംഗം മലയാളിപണ്ഡിതര്‍ പിന്നീട് പരിഭാഷപ്പെടുത്തും.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





