വിദേശ ഇന്ത്യക്കാര്‍ക്ക് മുക്ത്യാര്‍വോട്ട് സൗകര്യം വേണം
Posted on: 03 Sep 2010
ന്യൂഡല്‍ഹി:വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കി പാര്‍ലമെന്‍റ് കഴിഞ്ഞദിവസം പാസാക്കിയ ജനപ്രാതിനിധ്യനിയമ ഭേദഗതിയില്‍ യുക്തിപരമായ മാറ്റം വരുത്തണമെന്ന് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. വിദേശ ഇന്ത്യക്കാരില്‍ 60 ശതമാനത്തിലധികവും ശമ്പളക്കാരായതിനാല്‍ വന്‍തുക മുടക്കിയും അവധിയെടുത്തും തിരഞ്ഞെടുപ്പുവേളയില്‍ നാട്ടിലെത്താനാവില്ലെന്നും അതിനാല്‍ പകരക്കാരനെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്ന മുക്ത്യാര്‍വോട്ട്(പ്രോക്‌സി വോട്ട്) സൗകര്യം ലഭ്യമാക്കണമെന്നുമാണ് ആവശ്യം. സംഘടനയുടെ കേരളാ പ്രസിഡന്‍റ് അഡ്വ.ടി. ആസഫലി, കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലിക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കി.വിദേശ ഇന്ത്യക്കാര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം സര്‍ക്കാര്‍ അനുവദിച്ചതില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കേന്ദ്ര നിയമമന്ത്രിയെയും പ്രവാസികാര്യ മന്ത്രിയെയും പ്രത്യേകം അഭിനന്ദിച്ചു.
മുക്ത്യാര്‍വോട്ട് ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായി വിദേശത്തെ എംബസികളില്‍ പ്രത്യേക തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരെ നിയമിക്കുകയും വിദേശ വോട്ടര്‍പ്പട്ടിക തയ്യാറാക്കുകയും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ആറുമാസത്തിലധികം ഏതെങ്കിലും വിദേശരാജ്യത്ത് താമസിക്കുന്നവരുടെ പേര് അവിടത്തെ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കാനും അതുവഴി സാധിക്കും. ആവശ്യമെങ്കില്‍ പ്രവാസിവോട്ടര്‍ നിര്‍ദ്ദേശിക്കുന്ന പകരക്കാരന് നാട്ടില്‍ 'പ്രോക്‌സി വോട്ട്' സൗകര്യം ചെയ്തുകൊടുക്കണം. മുക്ത്യാര്‍ വോട്ടിന് വിദേശ ഇന്ത്യക്കാരുടെ നിയമപരമായ അവകാശിയെ ചുമതലപ്പെടുത്താമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്‍റ് പാസാക്കിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിലെത്തുന്ന വിദേശ ഇന്ത്യക്കാര്‍ക്കേ വോട്ട് ചെയ്യാനാവൂ. വിദേശത്ത് താമസിക്കുന്ന സമ്പന്നര്‍ക്കല്ലാതെ 60 ശതമാനം സാധാരണക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. 204 രാജ്യങ്ങളിലായി 2,16,08350 ഇന്ത്യക്കാരുണ്ട്. അവര്‍ക്ക് പ്രവാസിവോട്ട് നിയമത്തിന്റെ ഉദ്ദേശിച്ച ഗുണം ലഭിക്കണമെങ്കില്‍ ജനപ്രാതിനിധ്യനിയമം വീണ്ടും യുക്തിപരമായി പരിഷ്‌ക്കരിക്കണം ലോയേഴ്‌സ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





