LATEST NEWS

Loading...

Custom Search
+ -

'തിരനോട്ടം' പഞ്ചാബ്ദിയുടെ നിറവില്‍

ജ്യോതിഷ് കുമാരി, ദുബായ്

Posted on: 29 Jan 2012

 


കേരളത്തിന്റെ മഹത്തായ പാരമ്പര്യ കലകള്‍ കേരളത്തില്‍പ്പോലും ശുഷ്‌കമായ സദസ്സുകളെ അഭിമുഖീകരിക്കുമ്പോള്‍ മാറ്റത്തിന്റെ പൊന്തിരിവെട്ടമായി, കലകളോടുള്ള മോഹാഭിലാഷങ്ങളുടെ സാക്ഷാത്ക്കാരമായി 2007 ജനുവരി 26 നു ദുബായില്‍ രൂപംകൊണ്ട പ്രവാസി മലയാളി സംഘടന 'തിരനോട്ടം' തുടര്‍ച്ചയായി എല്ലാ വര്‍ഷവും യു.എ.ഇ യിലും കേരളത്തിലും വര്‍ണാഭമായ പരിപാടികള്‍ അവതരിപ്പിച്ചു വിജയകരമായ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു.

യു.എ.ഇ യില്‍ മാത്രമല്ല കേരളത്തില്‍ അങ്ങോളമിങ്ങോളം കഥകളിക്കും, കൂടിയാട്ടം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കേളി, മേളപ്പദം, തായമ്പക തുടങ്ങിയ ഇതര ശാസ്ത്രീയ പാരമ്പര്യ കലകള്‍ക്കുമായി തുടര്‍ച്ചയായി എല്ലാ വര്‍ഷവും ഒട്ടനവധി നിറഞ്ഞ വേദികള്‍ അണിയിച്ചൊരുക്കി പ്രസ്തുത കലകളുടെ നവോത്ഥാനത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന തിരനോട്ടം ഇതിനകം തന്നെ യുഎഇ ലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇവിടത്തെ ഭരണാധികാരികളുടെയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്.

പ്രവാസി കലാസാംസ്‌കാരിക സംഘടനകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത യു.എഇ യില്‍ തിരനോട്ടം വേറിട്ട് നില്‍ക്കുന്നത് കലാ സാംസ്‌കാരിക പൈതൃകം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന കഥകളി പ്രേമികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഠിനാദ്ധ്വാനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും പിന്‍ബലത്തിലാണ്. വാണിജ്യലക്ഷ്യത്തോടെ വേദികള്‍ കീഴടക്കുന്ന മിമിക്രി, സിനിമാറ്റിക് നൃത്തം പോലുള്ള പരിപാടികളോട് ക്ലാസിക്കല്‍ കലകളായ കഥകളി, കൂടിയാട്ടം, തുടങ്ങിയവയുടെ പ്രായോജകര്‍ക്ക് മത്സരിച്ചു ജയിക്കുക എളുപ്പമല്ലെന്നിരിക്കെ കഥകളിയും കൂടിയാട്ടവും ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, തായമ്പക തുടങ്ങിയ മറ്റു പാരമ്പര്യ കലകളും സമന്വയിപ്പിച്ച് 'ഉത്സവം' പരിപാടികള്‍ നടത്തി തിരനോട്ടം പ്രവാസമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

വിരലിലെണ്ണാവുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ രൂപംനല്‍കിയ തിരനോട്ടം ഇന്ന് നൂറോളം വരുന്ന ഒരു വലിയ കൂട്ടായ്മയുടെ ഹൃദയതാളമായി വളര്‍ന്നു കഴിഞ്ഞു. രാവും പകലും നീണ്ടുനില്‍ക്കുന്ന ഓരോ ഉത്സവം പരിപാടികളും ഓരോ പ്രവാസിക്കും നല്‍കുന്നത് ജന്മദേശത്തിന്റെ പുനസൃഷ്ടിതന്നെയാണ്. കളഞ്ഞുപോകാന്‍ സാധ്യതയുള്ള കലാ പാരമ്പര്യത്തിന്റെ ജീവസ്സുറ്റ വീണ്ടെടുക്കലാണ്. യാതൊരു പ്രതിഫലേച്ഛയുമില്ലാതെ യു.എ.ഇ യിലും കേരളത്തിലും വര്‍ണാഭമായ 'ഉത്സവം', 'അരങ്ങു' പരിപാടികള്‍ അവതരിപ്പിക്കുന്ന തിരനോട്ടത്തിന് കലയോടുള്ള അടങ്ങാത്ത അഭിനിവേശവും ആത്മാഭിമാനവും മാത്രമാണ് മൂലധനം. ടിക്കറ്റ് വയ്ക്കാതെ ഇത്രയും വലിയ പരിപാടികള്‍ യു എ ഇ യില്‍ നടത്തുന്ന ഏക പ്രവാസി സംഘടനയും തിരനോട്ടം മാത്രമാണ്.

കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, വേണുജി തുടങ്ങിയ നാട്യകലാ കുലപതിമാരുടെ നേതൃത്വത്തില്‍ 50 ലേറെ കലാകാരന്മാരെ അണിനിരത്തി കഴിഞ്ഞ നവംബര്‍ മാസത്തില്‍ നാലുദിവസം രാവും പകലുമായി നടത്തിയ 'ഉത്സവം 2011' കലകളെ സ്‌നേഹിക്കുന്ന ഓരോ പ്രവാസിയുടെയും സ്വപ്നസാക്ഷാത്കാരമായി. ആയിരങ്ങളാണ് ഓരോ ദിവസവും മേജര്‍ സെറ്റ് പരിപാടികള്‍ കണ്ടത്. നാട്ടില്‍നിന്നു വരുന്ന കലാകാരന്മാര്‍ക്ക് വേദിയോരുക്കികൊടുക്കുക മാത്രമല്ല, ഓരോരുത്തരെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ കരുതി നല്‍കുന്ന സ്‌നേഹ ബഹുമാനവും ആരാധനയും ഇങ്ങനെയൊരളവില്‍ സ്വദേശത്ത് നിന്നുപോലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കലാകാരന്മാര്‍ തന്നെ പലവട്ടം പറയുകയുണ്ടായി. മാത്രമല്ല ഇവിടെകിട്ടിയ പോലെ നൂറു ശതമാനവും കലാപ്രേമികളായവരുടെ നിറഞ്ഞ സദസ്സ് അടുത്തകാലത്തൊന്നും നാട്ടില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആചാര്യന്മാര്‍ ഒന്നടങ്കം സമ്മതിക്കുന്നു. മറ്റേതൊരു വിദേശ രാജ്യത്തും മലയാളികള്‍ക്ക് പകരം അതാതു നാട്ടിലെ കലാപ്രേമികള്‍ കഥകളി, കൂടിയാട്ടം തുടങ്ങിയ കലകള്‍ ഒരു പരിധിവരെ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തി വരുമ്പോള്‍ യാതൊരു ലാഭേച്ഛയുമില്ലാതെ തുടര്‍ച്ചയായി ഇത്തരം കലകള്‍ വന്‍ നിലവാരത്തില്‍ സംഘടിപ്പിക്കുന്നുവെന്നത് തന്നെ ഒട്ടേറെ അത്ഭുതപ്പെടുത്തിയെന്നു കൂടിയാട്ടത്തിന്റെ ആചാര്യന്‍മാരില്‍ ഒരാളായ വേണു ജി പറഞ്ഞു. കൂടിയാട്ടത്തിലെ വാഗ്ദാനമായ കപില വേണുവും തിരനോട്ടത്തിന്റെ പ്രവര്‍ത്തനം ഏറെ അത്ഭുതാവഹമെന്നും നാട്ടിലോ മറ്റു വിദേശരാജ്യങ്ങളി!ലോയെങ്ങും കാണാന്‍ കഴിയാത്ത കൂട്ടായ്മയാണിത് എന്നും ജപ്പാന്‍, ജര്‍മനി തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു വരുന്ന കപില പറഞ്ഞു. സാധാരണക്കാരായ കാണികളെപ്പോലും പുളകമണിയിച്ച സന്ദര്‍ഭമായിരുന്നു അത്. ഈ അഞ്ചു വര്‍ഷത്തിനിടയില്‍ നൂറു കണക്കിന് ചെറുതും വലുതുമായ കലാകാരന്മാരാണ് നാട്ടില്‍നിന്നു വന്നു കലാപരിപാടികള്‍ നടത്തി മടങ്ങിയത്.

നാട്ടില്‍ അവധിക്കു പോകുന്ന ഗള്‍ഫ് മലയാളികളെ ഉദ്ദേശിച്ചുകൊണ്ട് 2007 ആഗസ്റ്റ് മുതല്‍ തുടങ്ങിയ 'അരങ്ങ്' ഇപ്പോള്‍ കേരളത്തില്‍ പലയിടങ്ങളിലായി നടത്തിവരുന്ന കഥകളിയരങ്ങുകളിലൂടെ കേളി, പുറപ്പാട്, കഥകളി, മേളപ്പദം, തുടങ്ങിയ കലാപരിപടികള്‍ക്കൊപ്പം കഥകളിയെകുറീച്ചുള്ള സംവാദങ്ങളും സെമിനാറുകളുമെല്ലാം കോര്‍ത്തിണക്കി ഇതിനകം കേരളത്തിലെ കലാപ്രേമികളുടെയും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.

2008 മുതല്‍ നാട്ടില്‍ വളര്‍ന്നുവരുന്ന കഥകളി കലാകാരന്മാര്‍ക്കായി തിരനോട്ടം ഒരു സ്‌പോണ്‍സര്‍ഷിപ് നല്‍കിവരുന്നു. ഓരോ വര്‍ഷവും ഒരു കലാകാരനെ തിരഞ്ഞെടുത്തു തുടങ്ങിയ ഈ ഈ സ്‌പോണ്‍സര്‍ഷിപ് പദ്ധതിയിലൂടെ പ്രതിവര്‍ഷം 10 വേദികള്‍ നല്‍കി അവരുടെ പ്രതിഫലം തിരനോട്ടം വഹിച്ചു കേരളത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തില്‍ വിപ്ലവകരമായ ഇടപെടലുകളാണ് ഈ കൂട്ടായ്മ നടത്തിവരുന്നത്. ഈ വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടുപേരെ വീതം കലാകാരന്മാരെ സ്‌പോണ്‍സര്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പ്രായാധിക്യവും അനാരോഗ്യവം മൂലംകലാ രംഗത്തുനിന്ന് പിന്‍വലിഞ്ഞ കലാകാരന്മാര്‍ക്കായി ഒരു ഗ്രാന്റും നല്‍കുന്നുണ്ട്. ഈ വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു പേര്‍ക്കാന് ഗ്രാന്റു നല്‍കിവരുന്നത്. ഇതിനൊപ്പംതന്നെ കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന അവശ കലാകാരന്മാര്‍ക്കായി ഒരു എന്‍ഡോവ്‌മെന്റും വര്‍ഷംതോറും നല്‍കിവരുന്നു. ഇതിലൂടെയെല്ലാം കേരളീയ നാട്യ കലാ പാരമ്പര്യ സംസ്‌കാരത്തിന് ഒരു മഹത്തായ സേവനമാണ് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിരനോട്ടം കര്‍ത്തവ്യ ബോധമുള്ള ആസ്വാദകരുടെ കടമയെന്ന നിലയില്‍ ചെയ്തുവരുന്നത്.

ജന്മനാട്ടിലും കഥകളി സാധാരണക്കാര്‍ക്കും സുസാധ്യമാക്കുക എന്നലക്ഷ്യത്തോടെ 'കളിയോഗം' എന്ന പുതിയ ആശയത്തിനു രൂപം നല്‍കിയിരിക്കുന്നു. ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ കലാപാരമ്പര്യത്തിന്റെ മൂല്യം പകര്‍ന്നുനല്‍കാന്‍ കേരളത്തില്‍ വര്‍ഷത്തില്‍ 12 കഥകളി അരങ്ങുകള്‍ 'തിരനോട്ടം' പ്രവര്‍ത്തകരുടെ നാട്ടില്‍ പ്രാദേശിക സംഘടനകളുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്നുവെന്നും 2011 -12 വര്‍ഷത്തില്‍ 12 അരങ്ങുകളില്‍ 8 അരങ്ങുകള്‍ ഇതിനകം നടത്തി കഴിഞ്ഞെന്നും തിരനോട്ടത്തിന്റെ പ്രധാന ശില്‍പികളില്‍ ഒരാളായ രമേശന്‍ നമ്പീശന്‍ അറിയിച്ചു. കഥകളിയും കൂടിയാട്ടവും പോലുള്ള ക്ഷേത്രകലകളുടെ ആസ്വാദനത്തിനും അതിന്റെ പുനരുജ്ജീവനത്തിനുമായി ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ കേരളത്തില്‍ ഗ്രാമ പ്രദേശങ്ങളില്‍ പോലും ഇന്ന് കാണാന്‍ പ്രയാസമാകും.

കഥകളിയിലെ മുദ്ര ഭാഷകള്‍ സാധാരണക്കാര്‍ക്കും മനസ്സിലാക്കുന്നതിനു 'മുദ്രാപീഡിയ' എന്ന നൂതന സാങ്കേതിക വിദ്യക്ക് രൂപം നല്‍കിയതിലും തിരനോട്ടത്തിന്റെ നിസ്തുലമായ സഹായഹസ്തങ്ങളുണ്ട്. വിക്കിപീഡിയ സമ്പ്രദായത്തില്‍ രൂപം നല്‍കിയ ഈ സംരംഭത്തിന്റെ നേതൃത്വം വഹിക്കുന്നത് പ്രശസ്ത കഥകളി നടന്‍ ഏറ്റുമാനൂര്‍ കണ്ണനാണ്.

രാഷ്ട്രീയ, ജാതി, മത ഭേദമന്യേ ഒറ്റകെട്ടായ ഈ സംഘടന ഇന്ന് ഓരോ പ്രവാസി മലയാളികളുടെയും സ്വകാര്യ അഹങ്കാരമായി വളര്‍ന്നു കഴിഞ്ഞു. മൂല്യച്യുതി നേരിട്ടുകൊണ്ടിരിക്കുന്ന നമ്മുടെ തനതായ നാട്യ പാരമ്പര്യ കലകള്‍ക്ക് ഈ പ്രവാസഭൂവില്‍ നവോന്മേഷം പകര്‍ന്ന് വരും തലമുറയ്ക്ക് കൂടി കഥകളികണ്ട് മനസ്സിലാകാന്‍ ഫേസ് ബുക്ക്, യൂട്യൂബ് തുടങ്ങിയ എല്ലാ നൂതന സാങ്കേതിക വിദ്യകളും ഇവര്‍ പ്രയോജനപ്പെടുത്തുന്നു.









തിരനോട്ടം, ഫേസ്ബുക്ക് പേജിലേക്ക്



(20%) (1 Vote)

Other News in this Section